യേശു ജനത്തെ പിരിച്ചുവിടുന്നതിനിടയ്‍ക്ക്, ശിഷ്യന്മാർ മുൻകൂട്ടി വഞ്ചിയിൽ കയറി തടാകത്തിനക്കരെയുള്ള ബെത്‍സെയ്ദയിലേക്കു പോകുവാൻ ആജ്ഞാപിച്ചു. അവരെ പറഞ്ഞയച്ചശേഷം പ്രാർഥിക്കുന്നതിനായി അവിടുന്നു മലയിലേക്കു പോയി. സന്ധ്യ ആയപ്പോൾ വഞ്ചി തടാകത്തിന്റെ നടുവിലും യേശു ഏകനായി കരയിലുമായിരുന്നു. കാറ്റ് അവർക്കു പ്രതികൂലമായിരുന്നതുകൊണ്ട് അവർ തുഴഞ്ഞു കുഴയുന്നത് അവിടുന്നു കണ്ടു. രാത്രിയുടെ നാലാംയാമത്തിൽ അവിടുന്ന് ജലപ്പരപ്പിലൂടെ നടന്ന് അവരുടെ അടുക്കലെത്തി. അവിടുന്ന് അവരെ കടന്നുപോകുവാൻ ഭാവിച്ചു. യേശു വെള്ളത്തിന്മീതെ നടക്കുന്നതുകണ്ട് ഒരു ഭൂതമായിരിക്കുമെന്നു വിചാരിച്ച് അവർ നിലവിളിച്ചു. അവിടുത്തെ ആ നിലയിൽ കണ്ട് അവർ എല്ലാവരും വല്ലാതെ ഭയപ്പെട്ടു. ഉടനെ അവിടുന്ന് അരുൾചെയ്തു: “ധൈര്യപ്പെടുക; ഇതു ഞാൻ തന്നെയാണ്; ഭയപ്പെടേണ്ടാ.” പിന്നീട് അവിടുന്ന് അവരോടു കൂടി വഞ്ചിയിൽ കയറി. കാറ്റ് ഉടനെ ശമിച്ചു. അവർ അദ്ഭുതംകൊണ്ടു സ്തംഭിച്ചുപോയി. എന്തെന്നാൽ അയ്യായിരം പേർക്ക് അപ്പം കൊടുത്തു സംതൃപ്തരാക്കിയതിന്റെ മർമം അവർ ഗ്രഹിച്ചിരുന്നില്ല; അവരുടെ മനസ്സിന് അത് ഉൾക്കൊള്ളാനുള്ള കഴിവും ഉണ്ടായിരുന്നില്ല. അവർ അക്കരെ ഗന്നേസരെത്ത് എന്ന സ്ഥലത്തു കരയ്‍ക്കിറങ്ങി. അവർ വഞ്ചിയിൽ നിന്നിറങ്ങിയ ഉടനെ ജനങ്ങൾ യേശുവിനെ തിരിച്ചറിഞ്ഞു. അവർ സമീപപ്രദേശങ്ങളിലെല്ലാം ഓടിനടന്ന് രോഗികളെ കിടക്കയോടുകൂടി എടുത്തുകൊണ്ട് യേശു വന്നിട്ടുണ്ടെന്നു കേട്ട സ്ഥലങ്ങളിൽ ചെന്നുതുടങ്ങി. ഗ്രാമങ്ങളിലും പട്ടണങ്ങളിലും നാട്ടിൻപുറങ്ങളിലും എന്നല്ല, അവിടുന്നു ചെല്ലുന്നിടത്തെല്ലാം ജനങ്ങൾ രോഗികളെ വീഥികളിൽ കിടത്തുമായിരുന്നു. “അവിടുത്തെ വസ്ത്രത്തിന്റെ അഗ്രത്തിലെങ്കിലും സ്പർശിക്കുവാൻ അനുവദിക്കണേ” എന്ന് അവർ കേണപേക്ഷിച്ചു. അവിടുത്തെ സ്പർശിച്ചവരെല്ലാം സുഖംപ്രാപിക്കുകയും ചെയ്തു.
MARKA 6 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MARKA 6:45-56
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ