MARKA 5:1-20

MARKA 5:1-20 MALCLBSI

അവർ ഗലീലത്തടാകത്തിന്റെ മറുകരയുള്ള ഗരസീന്യരുടെ ദേശത്തെത്തി. വഞ്ചിയിൽനിന്നു കരയ്‍ക്കിറങ്ങിയ ഉടനെ, ശവകുടീരങ്ങളിൽ പാർത്തുവന്നിരുന്ന ഒരു മനുഷ്യനെ കണ്ടു. ഒരു അശുദ്ധാത്മാവ് അയാളെ ബാധിച്ചിരുന്നു. ചങ്ങലകൊണ്ടു പോലും ആർക്കും അയാളെ ബന്ധിച്ചു കീഴ്പെടുത്തുവാൻ കഴിഞ്ഞിരുന്നില്ല. പലപ്പോഴും വിലങ്ങുകൊണ്ടും ചങ്ങലകൊണ്ടും അയാളുടെ കൈകാലുകൾ ബന്ധിച്ചിരുന്നെങ്കിലും അയാൾ വിലങ്ങുകൾ തകർക്കുകയും ചങ്ങലകൾ പൊട്ടിക്കുകയും ചെയ്തുവന്നു. ആർക്കും അയാളെ നിയന്ത്രിക്കുവാൻ കഴിഞ്ഞിരുന്നില്ല. അയാൾ അത്യുച്ചത്തിൽ അലറുകയും കല്ലുകൊണ്ട് സ്വയം പരുക്കേല്പിക്കുകയും ചെയ്തുവന്നു; രാവും പകലും ശവകുടീരങ്ങളിലും മലകളിലും കഴിച്ചുകൂട്ടി. കുറെ അകലെവച്ചുതന്നെ യേശുവിനെ കണ്ടിട്ട് അയാൾ ഓടിവന്ന് അവിടുത്തെ മുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു. അയാൾ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട്, “യേശുവേ, അത്യുന്നതനായ ദൈവത്തിന്റെ പുത്രാ, എന്റെ കാര്യത്തിൽ അങ്ങ് എന്തിനിടപെടുന്നു? ദൈവത്തെ ഓർത്ത് എന്നെ ദണ്ഡിപ്പിക്കരുതേ” എന്ന് അപേക്ഷിച്ചു. “ദുഷ്ടാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറത്തുപോകുക” എന്നു യേശു പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ അപേക്ഷിച്ചത്. യേശു അയാളോട് “നിന്റെ പേരെന്ത്?” എന്നു ചോദിച്ചു. “എന്റെ പേരു ലെഗ്യോൻ എന്നാണ്; ഞങ്ങൾ ഒട്ടുവളരെപ്പേർ ഉണ്ട്” എന്ന് അയാൾ പ്രതിവചിച്ചു. “ഞങ്ങളെ ഈ നാട്ടിൽനിന്ന് തുരത്തിക്കളയരുതേ” എന്ന് അയാൾ കെഞ്ചി. അവിടെ കുന്നിൻചരുവിൽ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. “ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്ക് അയച്ചാലും; അവയിൽ ഞങ്ങൾ പ്രവേശിച്ചുകൊള്ളാം” എന്ന് ദുഷ്ടാത്മാക്കൾ കേണപേക്ഷിച്ചു. യേശു അതിനവരെ അനുവദിച്ചു. അവർ ആ മനുഷ്യനിൽനിന്നു പുറത്തുകടന്നു പന്നികളിൽ പ്രവേശിച്ചു. രണ്ടായിരത്തോളം വരുന്ന ആ പന്നിക്കൂട്ടം കുത്തനെയുള്ള കുന്നിൻചരുവിലൂടെ പാഞ്ഞുചെന്നു തടാകത്തിൽ ചാടി മുങ്ങിച്ചത്തു. പന്നിയെ മേയിച്ചിരുന്നവർ ഓടിപ്പോയി, പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലും ഈ വിവരം അറിയിച്ചു. സംഭവിച്ചത് എന്തെന്നറിയാൻ ആളുകൾ ഉടനെ ഓടിക്കൂടി. അവർ യേശുവിന്റെ അടുക്കൽ വന്നപ്പോൾ പിശാചുബാധിതനായിരുന്ന ആ മനുഷ്യൻ വസ്ത്രം ധരിച്ചും സുബോധമുള്ളവനായും ഇരിക്കുന്നതു കണ്ടു. ലെഗ്യോൻ ബാധിച്ചിരുന്ന ആ മനുഷ്യനെ കണ്ടപ്പോൾ അവർ ഭയപ്പെട്ടു. ആ ഭൂതബാധിതനും പന്നികൾക്കും സംഭവിച്ചതെന്താണെന്നു ദൃക്സാക്ഷികളിൽനിന്ന് അവർ മനസ്സിലാക്കി. അവർ യേശുവിനോടു തങ്ങളുടെ ദേശം വിട്ടുപോകണമെന്ന് അപേക്ഷിച്ചു. യേശു വഞ്ചിയിൽ കയറിയപ്പോൾ “അങ്ങയുടെകൂടെ വരാൻ എന്നെക്കൂടി അനുവദിക്കണമേ” എന്നു ഭൂതാവിഷ്ടനായിരുന്ന ആ മനുഷ്യൻ അപേക്ഷിച്ചു. പക്ഷേ യേശു അനുവദിച്ചില്ല. അവിടുന്ന് അയാളോട്: “നീ നിന്റെ വീട്ടിലേക്കു തിരിച്ചുപോയി കർത്താവു തന്റെ കരുണയാൽ നിനക്കു ചെയ്തിരിക്കുന്നത് നിന്റെ ബന്ധുമിത്രാദികളോടു പറയുക” എന്നു പറഞ്ഞു. അങ്ങനെ ആ മനുഷ്യൻ മടങ്ങിപ്പോയി യേശു തനിക്കു ചെയ്തതെല്ലാം ദക്കപ്പൊലി ദേശത്ത് പ്രഖ്യാപനം ചെയ്തുതുടങ്ങി. അതുകേട്ടവരെല്ലാം വിസ്മയഭരിതരായി.

MARKA 5 വായിക്കുക

MARKA 5:1-20 - നുള്ള വീഡിയോ