MARKA 4:30-41

MARKA 4:30-41 MALCLBSI

അവിടുന്നു വീണ്ടും അവരോടു പറഞ്ഞു: “ദൈവരാജ്യത്തെ എന്തിനോട് ഉപമിക്കാം? ഏതൊരു ദൃഷ്ടാന്തംകൊണ്ട് അതിനെ വിശദീകരിക്കാം? അതൊരു കടുകുമണിയെപ്പോലെയാണ്. വിതയ്‍ക്കുമ്പോൾ അതു ഭൂമിയിലുള്ള മറ്റെല്ലാ വിത്തിനെയുംകാൾ ചെറുതാണ്. എന്നാൽ അതു മുളച്ചുവളർന്ന് എല്ലാ ചെടികളെയുംകാൾ വലുതായിത്തീരുന്നു. പക്ഷികൾക്ക് അതിന്റെ തണലിൽ കൂടുകെട്ടി പാർക്കാൻ തക്ക വലിയ ശാഖകൾ നീട്ടുകയും ചെയ്യുന്നു.” ഇതുപോലെയുള്ള അനേകം ദൃഷ്ടാന്തങ്ങൾ മുഖേന അവർക്കു ഗ്രഹിക്കാവുന്ന വിധത്തിൽ യേശു ദിവ്യവചനം പ്രസംഗിച്ചു. ദൃഷ്ടാന്തരൂപേണയല്ലാതെ അവിടുന്ന് ഒന്നും അവരോടു പറഞ്ഞിരുന്നില്ല. ശിഷ്യന്മാരോടുകൂടി അവിടുന്ന് തനിച്ചിരിക്കുമ്പോൾ ഓരോ ദൃഷ്ടാന്തവും അവർക്കു വിശദീകരിച്ചു കൊടുത്തിരുന്നു. അന്നു വൈകുന്നേരം, “നമുക്ക് അക്കരയ്‍ക്കുപോകാം” എന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞു. അതുകൊണ്ട് അവർ ജനസഞ്ചയത്തെ വിട്ടിട്ട് യേശു നേരത്തെ കയറിയിരുന്ന വഞ്ചിയിൽ കയറി പുറപ്പെട്ടു. വേറെ വഞ്ചികളും കൂടെയുണ്ടായിരുന്നു. അപ്പോൾ അത്യുഗ്രമായ ഒരു കൊടുങ്കാറ്റടിച്ചു. തിരമാലകൾ ഉയർന്നു, വഞ്ചിയിൽ വെള്ളം അടിച്ചു കയറി, വഞ്ചി നിറയുമാറായി. യേശു അമരത്ത് ഒരു തലയിണവച്ചു കിടന്ന് ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ അവിടുത്തെ വിളിച്ചുണർത്തി; “ഗുരോ, ഞങ്ങൾ മുങ്ങിമരിക്കാൻ പോകുന്നതിനെക്കുറിച്ച് അങ്ങേക്ക് ഒരു വിചാരവുമില്ലേ?” എന്നു ചോദിച്ചു. യേശു എഴുന്നേറ്റു കാറ്റിനോട് “അടങ്ങുക” എന്ന് ആജ്ഞാപിച്ചു. തിരമാലകളോട് “ശാന്തമാകുക” എന്നും കല്പിച്ചു. ഉടനെ കാറ്റടങ്ങി. പ്രക്ഷുബ്‍ധമായ തടാകം പ്രശാന്തമായി. പിന്നീട് അവിടുന്ന് അവരോട്, “എന്തിനാണു നിങ്ങൾ ഇങ്ങനെ ഭീരുക്കളാകുന്നത്? നിങ്ങൾക്കു വിശ്വാസമില്ലേ?” എന്നു ചോദിച്ചു. അവർ അത്യന്തം ഭയപരവശരായി; ഇദ്ദേഹം ആരാണ്? കാറ്റും തിരമാലകളുംകൂടി അവിടുത്തെ അനുസരിക്കുന്നുവല്ലോ” എന്ന് അവർ അന്യോന്യം പറഞ്ഞു.

MARKA 4 വായിക്കുക