MARKA 4:1-20

MARKA 4:1-20 MALCLBSI

യേശു വീണ്ടും ഗലീലത്തടാകത്തിന്റെ തീരത്തുവച്ചു പ്രബോധിപ്പിക്കുവാൻ തുടങ്ങി. ഒരു വലിയ ജനാവലി അവിടുത്തെ ചുറ്റും കൂടിയിരുന്നതുകൊണ്ട് അവിടുന്ന് തടാകത്തിൽ കിടന്ന ഒരു വഞ്ചിയിൽ കയറി ഇരുന്നു. ജനങ്ങളെല്ലാവരും തടാകതീരത്തു നിലകൊണ്ടു. ദൃഷ്ടാന്തങ്ങളിലൂടെ അവിടുന്നു പല കാര്യങ്ങൾ അവരെ പഠിപ്പിച്ചു. ധർമോപദേശമധ്യേ അവിടുന്ന് ഇപ്രകാരം പറഞ്ഞു: “ഇതാ കേൾക്കൂ! ഒരു മനുഷ്യൻ വിതയ്‍ക്കാൻ പുറപ്പെട്ടു. അയാൾ വിതച്ചപ്പോൾ കുറെ വിത്തു വഴിയിൽ വീണു. പക്ഷികൾ വന്ന് അവ തിന്നുകളഞ്ഞു. ചില വിത്തു പാറയുള്ള സ്ഥലത്താണു വീണത്. അവിടെ മണ്ണിനു താഴ്ചയില്ലാതിരുന്നതിനാൽ വിത്തു പെട്ടെന്നു മുളച്ചെങ്കിലും അവയ്‍ക്കു വേരില്ലാഞ്ഞതുകൊണ്ട് സൂര്യൻ ഉദിച്ചുയർന്നപ്പോൾ വാടിക്കരിഞ്ഞുപോയി. മറ്റു ചിലതു മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ വളർന്ന് അവയെ ഞെരുക്കിക്കളഞ്ഞു. അവ ഫലം നല്‌കിയില്ല. മറ്റുള്ള വിത്തു നല്ല നിലത്താണു വീണത്. അവ മുളച്ചു വളർന്നു; മുപ്പതും അറുപതും നൂറും മേനി വിളവു നല്‌കി.” “കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ” എന്നും യേശു പറഞ്ഞു. യേശു തനിച്ചിരുന്നപ്പോൾ, അവിടുത്തോട് കൂടെയുണ്ടായിരുന്നവരിൽ ചിലർ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടിവന്ന്, അവിടുന്നു പറഞ്ഞതിന്റെ പൊരുൾ എന്താണെന്നു ചോദിച്ചു. അപ്പോൾ യേശു അരുൾചെയ്തു: “ദൈവരാജ്യത്തിന്റെ മർമം നിങ്ങൾക്കു വെളിപ്പെടുത്തിയിരിക്കുന്നു. എന്നാൽ മറ്റുള്ളവരാകട്ടെ എല്ലാം ദൃഷ്ടാന്തങ്ങളിലൂടെ കേൾക്കുന്നു. “അവർ പിന്നെയും പിന്നെയും നോക്കും; പക്ഷേ കാണുകയില്ല; പിന്നെയും പിന്നെയും കേൾക്കും; പക്ഷേ, ഗ്രഹിക്കുകയില്ല; അങ്ങനെ അല്ലായിരുന്നെങ്കിൽ അവർ ദൈവത്തിങ്കലേക്കു തിരിയുകയും അവരുടെ പാപം ക്ഷമിക്കപ്പെടുകയും ചെയ്യുമായിരുന്നു.” പിന്നീട് യേശു അവരോടു പറഞ്ഞു: “ഈ ദൃഷ്ടാന്തം നിങ്ങൾക്കു മനസ്സിലായില്ലേ? എങ്കിൽ മറ്റു ദൃഷ്ടാന്തങ്ങളൊക്കെയും നിങ്ങൾ എങ്ങനെ ഗ്രഹിക്കും? വിതയ്‍ക്കുന്നവൻ ദൈവവചനമാണു വിതയ്‍ക്കുന്നത്. ചിലരുടെ ഹൃദയത്തിൽ വിതയ്‍ക്കപ്പെടുന്ന വചനം കേൾക്കുന്ന ക്ഷണത്തിൽത്തന്നെ സാത്താൻ വന്ന് എടുത്തുകളയുന്നു. ഇതാണ് വഴിയരികിൽ വീണ വിത്ത്. അതുപോലെതന്നെ പാറയുള്ള സ്ഥലത്തു വിതയ്‍ക്കപ്പെട്ട വിത്തിനെപ്പോലെയാണ് മറ്റു ചിലർ. കേൾക്കുന്ന ഉടനെ അവർ സന്തോഷപൂർവം വചനം സ്വീകരിക്കുന്നു. എന്നാൽ അതിന്റെ വേര് ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാത്തതുകൊണ്ട് അല്പകാലം മാത്രമേ നിലനില്‌ക്കുകയുള്ളൂ; വചനംമൂലം കഷ്ടതകളും പീഡനങ്ങളും നേരിടുമ്പോൾ ആടിയുലഞ്ഞു വീണുപോകുന്നു. മുൾച്ചെടികൾക്കിടയിൽ വിതയ്‍ക്കപ്പെട്ട വിത്തിനെപ്പോലെയാണു മറ്റു ചിലർ; വചനം കേൾക്കുമെങ്കിലും ലൗകിക ജീവിതത്തിന്റെ ക്ലേശങ്ങളും ധനമോഹവും ഇതരകാര്യങ്ങളിലുള്ള വ്യഗ്രതയും വചനത്തെ ഞെക്കിഞെരുക്കുകയും ഫലശൂന്യമാക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടർ. എന്നാൽ നല്ല നിലത്തു വിതയ്‍ക്കപ്പെട്ട വിത്തു സൂചിപ്പിക്കുന്നത്, വചനം കേട്ടു സ്വീകരിക്കുകയും മുപ്പതും അറുപതും നൂറും മേനി വിളവ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നവരെയത്രേ.”

MARKA 4 വായിക്കുക