യേശു ദേവാലയത്തിൽ നിന്നിറങ്ങിപ്പോകുമ്പോൾ ശിഷ്യന്മാരിൽ ഒരാൾ അവിടുത്തോട്, “ഗുരോ, നോക്കുക! എത്ര മനോഹരമായ കല്ലുകൾ! എത്ര സുന്ദരമായ സൗധങ്ങൾ!” എന്നു പറഞ്ഞു. യേശു ആ ശിഷ്യനോട്, “നീ കാണുന്ന ഈ മഹാസൗധങ്ങളെല്ലാം കല്ലിന്മേൽ മറ്റൊരു കല്ലു ശേഷിക്കാതെ ഇടിച്ചു നിരത്തപ്പെടുകതന്നെ ചെയ്യും” എന്നു പറഞ്ഞു. യേശു ഒലിവുമലയിൽവന്ന് ദേവാലയത്തിന് അഭിമുഖമായി ഇരിക്കുമ്പോൾ പത്രോസും യാക്കോബും യോഹന്നാനും അന്ത്രയാസും രഹസ്യമായിവന്ന്, “ഇതൊക്കെയും എപ്പോഴാണു സംഭവിക്കുന്നത്? അത് അടുത്തിരിക്കുന്നു എന്നു സൂചിപ്പിക്കുന്ന അടയാളമെന്തായിരിക്കുമെന്നു ഞങ്ങളോടു പറഞ്ഞാലും” എന്നു പറഞ്ഞു. അതിനു യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. ഞാനാകുന്നു എന്നു പറഞ്ഞുകൊണ്ട് എന്റെ നാമത്തിൽ പലരും വരും. അനേകമാളുകളെ അവർ വഴിതെറ്റിക്കും. യുദ്ധങ്ങളെയും യുദ്ധത്തെപ്പറ്റിയുള്ള കിംവദന്തികളെയും കുറിച്ചു കേൾക്കുമ്പോൾ നിങ്ങൾ പരിഭ്രമിക്കരുത്. അതു സംഭവിക്കേണ്ടതാണ്. എന്നാൽ അത് അന്ത്യമല്ല. ജനത ജനതയോടും രാഷ്ട്രം രാഷ്ട്രത്തോടും എതിർക്കും; അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇവയെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്. “എന്നാൽ നിങ്ങൾ ജാഗ്രതയുള്ളവരായിരിക്കുക; എന്തെന്നാൽ അവർ നിങ്ങളെ പിടിച്ച് സന്നദ്രിംസംഘത്തിന് ഏല്പിച്ചുകൊടുക്കും. സുനഗോഗുകളിൽവച്ച് നിങ്ങളെ ചാട്ടവാറുകൊണ്ട് അടിക്കും. ഞാൻ നിമിത്തം ഗവർണർമാരുടെയും രാജാക്കന്മാരുടെയും മുമ്പിൽ അവരോടു സാക്ഷ്യം വഹിക്കുന്നതിനായി നിങ്ങൾ നില്‌ക്കേണ്ടിവരും. അന്ത്യം വരുന്നതിനുമുമ്പ് എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടതാണ്. അവർ നിങ്ങളെ അറസ്റ്റുചെയ്ത് അധികാരികളെ ഏല്പിക്കുമ്പോൾ എന്തു പറയണമെന്നോർത്ത് ആകുലപ്പെടേണ്ടതില്ല. തത്സമയം നിങ്ങൾക്കു നല്‌കപ്പെടുന്നതെന്തോ അതു പറയുക. എന്തെന്നാൽ നിങ്ങളല്ല പരിശുദ്ധാത്മാവായിരിക്കും സംസാരിക്കുന്നത്. സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിനേല്പിക്കും. മക്കൾ മാതാപിതാക്കളോടെതിർത്ത് അവരെ കൊല്ലിക്കും. നിങ്ങൾ എന്റെ നാമം ധരിക്കുന്നതിനാൽ എല്ലാവരും നിങ്ങളെ വെറുക്കും. എന്നാൽ അവസാനത്തോളം സഹിച്ചു നില്‌ക്കുന്നവൻ രക്ഷപെടും. “വിനാശകരമായ മ്ലേച്ഛത കാണരുതാത്ത സ്ഥാനത്തു നിങ്ങൾ കാണുമ്പോൾ-വായിക്കുന്നവൻ മനസ്സിലാക്കിക്കൊള്ളട്ടെ-യെഹൂദ്യയിലുള്ളവർ മലമുകളിലേക്ക് ഓടിപ്പോകട്ടെ; മട്ടുപ്പാവിൽ ഇരിക്കുന്നവൻ വീട്ടിനുള്ളിലേക്കു പോകുകയോ എന്തെങ്കിലും എടുക്കുന്നതിന് അകത്തു കടക്കുകയോ ചെയ്യരുത്. വയലിൽ ആയിരിക്കുന്നവൻ തന്റെ മേലങ്കി എടുക്കുന്നതിനു തിരിച്ചു പോകരുത്. അക്കാലത്ത് ഗർഭിണികൾക്കും മുലയൂട്ടുന്ന മാതാക്കൾക്കും മഹാകഷ്ടം! ശീതകാലത്ത് ഇതു സംഭവിക്കാതിരിക്കുവാൻ പ്രാർഥിക്കുക. പ്രപഞ്ചസൃഷ്‍ടിയുടെ ആരംഭം മുതൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനി ഒരിക്കലും സംഭവിക്കാത്തതുമായ ദുരിതങ്ങളുടെ നാളുകളായിരിക്കും അവ. സർവേശ്വരൻ ആ ദിവസങ്ങൾ പരിമിതപ്പെടുത്തിയില്ലെങ്കിൽ ഒരു ജീവിയും രക്ഷപെടുകയില്ല. എന്നാൽ താൻ തിരഞ്ഞെടുത്തവരെപ്രതി ദൈവം ആ നാളുകൾ പരിമിതപ്പെടുത്തിയിരിക്കുന്നു. “അപ്പോൾ ‘അതാ ക്രിസ്തു അവിടെയുണ്ട്’! ‘ഇതാ ഇവിടെയുണ്ട്’! എന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞാൽ അതു വിശ്വസിക്കരുത്. കള്ളക്രിസ്തുക്കളും വ്യാജപ്രവാചകന്മാരും വന്ന് കഴിയുമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെക്കൂടി വഴിതെറ്റിക്കുന്നതിനായി അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും. നിങ്ങൾ ജാഗരൂകരായിരിക്കുക. ഞാൻ മുൻകൂട്ടി എല്ലാം നിങ്ങളോടു പറഞ്ഞിരിക്കുന്നു.
MARKA 13 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MARKA 13:1-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ