യേശു ദേവാലയത്തിൽ നിന്നിറങ്ങിപ്പോകുമ്പോൾ ശിഷ്യന്മാരിൽ ഒരാൾ അവിടുത്തോട്, “ഗുരോ, നോക്കുക! എത്ര മനോഹരമായ കല്ലുകൾ! എത്ര സുന്ദരമായ സൗധങ്ങൾ!” എന്നു പറഞ്ഞു. യേശു ആ ശിഷ്യനോട്, “നീ കാണുന്ന ഈ മഹാസൗധങ്ങളെല്ലാം കല്ലിന്മേൽ മറ്റൊരു കല്ലു ശേഷിക്കാതെ ഇടിച്ചു നിരത്തപ്പെടുകതന്നെ ചെയ്യും” എന്നു പറഞ്ഞു. യേശു ഒലിവുമലയിൽവന്ന് ദേവാലയത്തിന് അഭിമുഖമായി ഇരിക്കുമ്പോൾ പത്രോസും യാക്കോബും യോഹന്നാനും അന്ത്രയാസും രഹസ്യമായിവന്ന്, “ഇതൊക്കെയും എപ്പോഴാണു സംഭവിക്കുന്നത്? അത് അടുത്തിരിക്കുന്നു എന്നു സൂചിപ്പിക്കുന്ന അടയാളമെന്തായിരിക്കുമെന്നു ഞങ്ങളോടു പറഞ്ഞാലും” എന്നു പറഞ്ഞു. അതിനു യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. ഞാനാകുന്നു എന്നു പറഞ്ഞുകൊണ്ട് എന്റെ നാമത്തിൽ പലരും വരും. അനേകമാളുകളെ അവർ വഴിതെറ്റിക്കും. യുദ്ധങ്ങളെയും യുദ്ധത്തെപ്പറ്റിയുള്ള കിംവദന്തികളെയും കുറിച്ചു കേൾക്കുമ്പോൾ നിങ്ങൾ പരിഭ്രമിക്കരുത്. അതു സംഭവിക്കേണ്ടതാണ്. എന്നാൽ അത് അന്ത്യമല്ല. ജനത ജനതയോടും രാഷ്ട്രം രാഷ്ട്രത്തോടും എതിർക്കും; അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇവയെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്. “എന്നാൽ നിങ്ങൾ ജാഗ്രതയുള്ളവരായിരിക്കുക; എന്തെന്നാൽ അവർ നിങ്ങളെ പിടിച്ച് സന്നദ്രിംസംഘത്തിന് ഏല്പിച്ചുകൊടുക്കും. സുനഗോഗുകളിൽവച്ച് നിങ്ങളെ ചാട്ടവാറുകൊണ്ട് അടിക്കും. ഞാൻ നിമിത്തം ഗവർണർമാരുടെയും രാജാക്കന്മാരുടെയും മുമ്പിൽ അവരോടു സാക്ഷ്യം വഹിക്കുന്നതിനായി നിങ്ങൾ നില്‌ക്കേണ്ടിവരും. അന്ത്യം വരുന്നതിനുമുമ്പ് എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടതാണ്.
MARKA 13 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MARKA 13:1-10
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ