MARKA 12:13-27

MARKA 12:13-27 MALCLBSI

വാക്കുകൾകൊണ്ട് യേശുവിനെ കെണിയിൽ വീഴ്ത്തുവാൻ പരീശന്മാരിലും ഹേരോദ്യരിലുംപെട്ട ചിലരെ അവർ അവിടുത്തെ അടുക്കൽ അയച്ചു. അവർ അവിടുത്തോട് പറഞ്ഞു: “ഗുരോ, അങ്ങു സത്യസന്ധനും ആരെയും ഭയപ്പെടാത്തവനും ആണെന്നും, അതുകൊണ്ട് അങ്ങ് ആരുടെയും മുഖം നോക്കാതെ ദൈവത്തിന്റെ മാർഗം സത്യമായി ഉപദേശിക്കുന്നു എന്നും ഞങ്ങൾക്കറിയാം; ഞങ്ങൾ ഒന്നു ചോദിക്കട്ടെ; കൈസർക്കു നികുതികൾ കൊടുക്കുന്നതു ന്യായമാണോ? ഞങ്ങൾ അതു കൊടുക്കണോ വേണ്ടയോ?” അവരുടെ കപടതന്ത്രം മനസ്സിലാക്കിക്കൊണ്ട് യേശു അവരോടു പറഞ്ഞു: “നിങ്ങൾ എന്നെ പരീക്ഷിക്കുന്നത് എന്തിന്? ഒരു നാണയം ഇങ്ങുകൊണ്ടുവരൂ; ഞാൻ അതൊന്നു നോക്കട്ടെ.” അവർ ഒരു നാണയം കൊണ്ടുവന്നു. അവിടുന്നു ചോദിച്ചു: “ആരുടെ രൂപവും ലിഖിതവുമാണ് ഇതിൽ കാണുന്നത്?” “കൈസറുടേത്” എന്ന് അവർ പറഞ്ഞു. “ശരി, കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്ന് യേശു പറഞ്ഞു. അപ്പോൾ അവർ അത്യന്തം ആശ്ചര്യപ്പെട്ടു. പുനരുത്ഥാനമില്ലെന്നു വാദിക്കുന്ന സാദൂക്യർ യേശുവിന്റെ അടുക്കൽ വന്നു ചോദിച്ചു: “ഗുരോ, ഒരാൾ സന്താനമില്ലാതെ മരിച്ചാൽ അയാളുടെ സഹോദരൻ വിധവയായിത്തീർന്ന സഹോദരഭാര്യയെ വിവാഹം ചെയ്ത് അന്തരിച്ച ആളിനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കണമെന്ന് മോശ എഴുതിയിട്ടുണ്ടല്ലോ. “ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു; ഒന്നാമൻ വിവാഹം ചെയ്തു. അയാൾ സന്താനമില്ലാതെ മരണമടഞ്ഞു. രണ്ടാമൻ ആ വിധവയെ വിവാഹം ചെയ്തു. അയാളും സന്താനമില്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെ തന്നെ. അങ്ങനെ ആ ഏഴു സഹോദരന്മാർക്കും സന്താനങ്ങളുണ്ടായില്ല. എല്ലാവർക്കും ഒടുവിൽ ആ സ്‍ത്രീയും മരിച്ചു. പുനരുത്ഥാനത്തിൽ അവൾ ആരുടെ ഭാര്യ ആയിരിക്കും? അവൾ ഏഴുപേരുടെയും ഭാര്യ ആയിരുന്നുവല്ലോ.” യേശു അവരോടു പറഞ്ഞു: “വേദഭാഗങ്ങളും ദൈവത്തിന്റെ ശക്തിയും നിങ്ങൾ ഗ്രഹിച്ചിട്ടില്ലാത്തതുകൊണ്ടല്ലേ നിങ്ങൾക്കീ തെറ്റു പറ്റുന്നത്? മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്‌ക്കുമ്പോൾ സ്‍ത്രീപുരുഷന്മാർ വിവാഹിതരാകുന്നില്ല. അവർ സ്വർഗത്തിലെ മാലാഖമാരെപ്പോലെയാകുന്നു. മോശയുടെ പുസ്തകത്തിൽ മുൾപ്പടർപ്പിൽ ദൈവം പ്രത്യക്ഷപ്പെട്ട സംഭവത്തെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്ന ഭാഗത്തു മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു നിങ്ങൾ വായിച്ചിട്ടില്ലയോ? അവിടെ ‘ഞാൻ അബ്രാഹാമിന്റെ ദൈവവും ഇസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമാകുന്നു’ എന്ന് ദൈവം മോശയോട് അരുളിച്ചെയ്യുന്നു. ദൈവം മരിച്ചവരുടെ ദൈവമല്ല, ജീവിക്കുന്നവരുടെ ദൈവമാകുന്നു. നിങ്ങൾക്കു തികച്ചും തെറ്റുപറ്റിയിരിക്കുന്നു.”

MARKA 12 വായിക്കുക