MARKA 11:19-33

MARKA 11:19-33 MALCLBSI

സന്ധ്യാസമയമായപ്പോൾ യേശുവും ശിഷ്യന്മാരും പട്ടണത്തിനു പുറത്തു പോയി. പിറ്റേദിവസം രാവിലെ അവർ കടന്നുപോകുമ്പോൾ ആ അത്തിവൃക്ഷം സമൂലം ഉണങ്ങിയിരിക്കുന്നതായി കണ്ടു. അപ്പോൾ യേശു പറഞ്ഞ വാക്കുകൾ ഓർത്തുകൊണ്ട്, “ഗുരുനാഥാ, അതാ നോക്കൂ! അങ്ങു ശപിച്ച ആ അത്തിവൃക്ഷം ഉണങ്ങിപ്പോയതു കണ്ടില്ലേ?” എന്നു പത്രോസ് പറഞ്ഞു. യേശു പ്രതിവചിച്ചു: “നിങ്ങൾ ദൈവത്തിൽ വിശ്വാസമുള്ളവരായിരിക്കുക. ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു, ഹൃദയത്തിൽ സംശയലേശം കൂടാതെ താൻ പറയുന്നതുപോലെ സംഭവിക്കുമെന്നു വിശ്വസിച്ചുകൊണ്ട് ഒരുവൻ ഈ മലയോട് ഇളകി കടലിൽ വീഴുക എന്നു പറഞ്ഞാൽ അപ്രകാരം സംഭവിക്കും. അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പ്രാർഥിക്കുമ്പോൾ നിങ്ങൾ എന്തിനുവേണ്ടിയെങ്കിലും അപേക്ഷിച്ചാൽ അതു ലഭിച്ചിരിക്കുന്നു എന്നു വിശ്വസിക്കുക. നിങ്ങൾ അപേക്ഷിക്കുന്നതെന്തും നിങ്ങൾക്കു ലഭിക്കുകയും ചെയ്യും. നിങ്ങൾ പ്രാർഥിക്കുവാൻ നില്‌ക്കുമ്പോൾ സ്വർഗസ്ഥനായ പിതാവു നിങ്ങളുടെ പിഴകൾ നിങ്ങളോടു ക്ഷമിക്കേണ്ടതിനു നിങ്ങൾക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അതു ക്ഷമിക്കുക. നിങ്ങൾ മറ്റുള്ളവരോടു ക്ഷമിക്കുന്നില്ലെങ്കിൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവും നിങ്ങളുടെ പിഴകൾ ക്ഷമിക്കുകയില്ല. അവർ വീണ്ടും യെരൂശലേമിൽ വന്നു. യേശു ദേവാലയത്തിലൂടെ നടക്കുമ്പോൾ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരും വന്ന് അവിടുത്തോട് ചോദിച്ചു: “എന്ത് അധികാരംകൊണ്ടാണ് താങ്കൾ ഇവയെല്ലാം ചെയ്യുന്നത്? അഥവാ ഇവയൊക്കെ ചെയ്യുവാനുള്ള അധികാരം ആരാണു താങ്കൾക്കു നല്‌കിയത്?” യേശു പ്രതിവചിച്ചു: “നിങ്ങളോടു ഞാനും ഒന്നു ചോദിക്കട്ടെ; അതിന് ഉത്തരം നല്‌കുക. എന്നാൽ എന്തധികാരംകൊണ്ടാണ് ഇവയെല്ലാം ഞാൻ ചെയ്യുന്നതെന്നു നിങ്ങളോടു പറയാം. സ്നാപനം നടത്തുന്നതിനുള്ള അധികാരം യോഹന്നാന് എവിടെനിന്നു ലഭിച്ചു? ദൈവത്തിൽനിന്നോ, മനുഷ്യരിൽനിന്നോ? പറയുക.” അവർ അന്യോന്യം ആലോചിച്ചു. “ദൈവത്തിൽനിന്ന് എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ എന്തുകൊണ്ട് യോഹന്നാനെ വിശ്വസിച്ചില്ല എന്ന് അവിടുന്നു ചോദിക്കും; മനുഷ്യരിൽനിന്ന് എന്ന് പറഞ്ഞാലോ?” പക്ഷേ അവർ ജനങ്ങളെ ഭയപ്പെട്ടു. എന്തെന്നാൽ യോഹന്നാനെ ഒരു പ്രവാചകനായിട്ടത്രേ എല്ലാവരും കരുതിയിരുന്നത്. അതുകൊണ്ട് “ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്ന് അവർ യേശുവിനോടു പറഞ്ഞു. “എന്നാൽ എന്തധികാരംകൊണ്ടാണ് ഇവയെല്ലാം ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന് യേശു അവരോടുത്തരം പറഞ്ഞു.

MARKA 11 വായിക്കുക