MARKA 11:12-20

MARKA 11:12-20 MALCLBSI

പിറ്റേദിവസം അവർ ബേഥാന്യയിൽനിന്നു തിരിച്ചുവരികയായിരുന്നു. അപ്പോൾ യേശുവിനു വിശന്നു. അങ്ങകലെ ഇലകൾ നിറഞ്ഞ ഒരു അത്തിവൃക്ഷം നില്‌ക്കുന്നതുകണ്ട് അതിൽ അത്തിപ്പഴം കാണുമെന്നു കരുതി അവിടുന്ന് അടുത്തു ചെന്നു; പക്ഷേ ഇലകളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അത് അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നു. അവിടുന്നു പറഞ്ഞു: “ഇനിമേൽ ആരും ഒരിക്കലും നിന്നിൽനിന്ന് അത്തിപ്പഴം ഭക്ഷിക്കാതിരിക്കട്ടെ.” ഇതു ശിഷ്യന്മാർ പ്രത്യേകം ശ്രദ്ധിച്ചു. അവർ യെരൂശലേമിലെത്തി. യേശു ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തിരുന്നവരെ പുറത്താക്കുവാൻ തുടങ്ങി; നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകളും പ്രാക്കളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു. ദേവാലയത്തിലൂടെ യാതൊരു സാധനവും എടുത്തുകൊണ്ടുപോകുവാൻ അവിടുന്ന് അനുവദിച്ചില്ല. ജനങ്ങളെ അവിടുന്ന് ഇപ്രകാരം പ്രബോധിപ്പിച്ചു: “എന്റെ ആലയം എല്ലാ ജനങ്ങളുടെയും പ്രാർഥനാലയം എന്ന് വിളിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്തതായി എഴുതപ്പെട്ടിട്ടില്ലേ? എന്നാൽ നിങ്ങൾ അതിനെ കൊള്ളക്കാരുടെ താവളമാക്കിയിരിക്കുന്നു.” പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ഇതുകേട്ട് യേശുവിനെ നിഗ്രഹിക്കുവാനുള്ള വഴി എന്തെന്ന് ആലോചിച്ചു. കാരണം യേശുവിന്റെ ധർമോപദേശം കേട്ട് എല്ലാ ജനങ്ങളും വിസ്മയഭരിതരായതുകൊണ്ട് പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും അവിടുത്തെ ഭയപ്പെട്ടു. സന്ധ്യാസമയമായപ്പോൾ യേശുവും ശിഷ്യന്മാരും പട്ടണത്തിനു പുറത്തു പോയി. പിറ്റേദിവസം രാവിലെ അവർ കടന്നുപോകുമ്പോൾ ആ അത്തിവൃക്ഷം സമൂലം ഉണങ്ങിയിരിക്കുന്നതായി കണ്ടു.

MARKA 11 വായിക്കുക