MARKA 1:23-45

MARKA 1:23-45 MALCLBSI

ദുരാത്മാവ് ബാധിച്ച ഒരു മനുഷ്യൻ അവരുടെ സുനഗോഗിലുണ്ടായിരുന്നു. “നസറായനായ യേശുവേ, അങ്ങേക്കു ഞങ്ങളോട് എന്തു കാര്യം? ഞങ്ങളെ നശിപ്പിക്കുന്നതിനാണോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം; അങ്ങു ദൈവത്തിന്റെ പരിശുദ്ധൻതന്നെ” എന്ന് അയാൾ ആക്രോശിച്ചു. “മിണ്ടരുത്, അവനെ വിട്ടു പോകൂ” എന്നു യേശു ദുരാത്മാവിനോട് ആജ്ഞാപിച്ചു. അപ്പോൾ അയാളെ കഠിനമായി ഉലച്ച് ഉച്ചത്തിൽ അലറിക്കൊണ്ട് ആ ദുരാത്മാവ് വിട്ടുപോയി. എല്ലാവരും ആശ്ചര്യപരതന്ത്രരായി. “ഇതെന്ത്? ഇത് ഒരു പുതിയ ഉപദേശമാണല്ലോ! ദുരാത്മാക്കളോടുപോലും ഇദ്ദേഹം ആജ്ഞാപിക്കുന്നു! അവ അനുസരിക്കുകയും ചെയ്യുന്നുവല്ലോ” എന്ന് അവർ അന്യോന്യം പറഞ്ഞു. അങ്ങനെ അവിടുത്തെക്കുറിച്ചുള്ള കീർത്തി ഗലീലനാട്ടിലെങ്ങും അതിവേഗം പരന്നു. സുനഗോഗിൽനിന്നു പുറപ്പെട്ട്, യാക്കോബിനോടും യോഹന്നാനോടുംകൂടി യേശു ശിമോന്റെയും അന്ത്രയാസിന്റെയും വീട്ടിൽ ചെന്നു. അപ്പോൾ ശിമോന്റെ ഭാര്യാമാതാവ് ജ്വരബാധിതയായി കിടപ്പിലായിരുന്നു. അവിടെ എത്തിയ ഉടനെ ആ രോഗിണിയെപ്പറ്റി അവർ യേശുവിനോടു പറഞ്ഞു. അവിടുന്ന് അടുത്തുചെന്ന് ആ സ്‍ത്രീയുടെ കൈക്കു പിടിച്ച് എഴുന്നേല്പിച്ചു. ഉടനെ ജ്വരം വിട്ടുമാറി. ആ സ്‍ത്രീ അവരെ പരിചരിക്കുകയും ചെയ്തു. സൂര്യാസ്തമയത്തോടുകൂടി ശബത്ത് അവസാനിച്ചപ്പോൾ, അവർ എല്ലാവിധ രോഗികളെയും ഭൂതബാധിതരെയും അവിടുത്തെ അടുക്കൽ കൊണ്ടുവന്നു. പട്ടണവാസികളെല്ലാവരും വാതില്‌ക്കൽ വന്നുകൂടി. വിവിധ വ്യാധികൾ ബാധിച്ച അനേകമാളുകളെ അവിടുന്നു സുഖപ്പെടുത്തി. അനേകം ഭൂതാവിഷ്ടരിൽനിന്ന് ഭൂതങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തു. അവിടുന്ന് ആരാണെന്നു ഭൂതങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട്, അവിടുന്ന് അവരെ സംസാരിക്കുവാൻ അനുവദിച്ചില്ല. അതിരാവിലെ ഇരുട്ടുള്ളപ്പോൾത്തന്നെ യേശു എഴുന്നേറ്റ് ഒരു വിജനസ്ഥലത്തുപോയി പ്രാർഥിച്ചു. ശിമോനും കൂടെയുണ്ടായിരുന്നവരും യേശുവിനെ അന്വേഷിച്ചു പുറപ്പെട്ടു. അവിടുത്തെ കണ്ടെത്തിയപ്പോൾ “എല്ലാവരും അങ്ങയെ അന്വേഷിക്കുന്നു” എന്ന് അവർ പറഞ്ഞു. യേശു അവരോട്, “ചുറ്റുപാടുമുള്ള മറ്റു ഗ്രാമങ്ങളിലേക്കും നമുക്കു പോകണം. എനിക്ക് ആ പ്രദേശങ്ങളിലും പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയാണല്ലോ ഞാൻ വന്നിരിക്കുന്നത്” എന്നു മറുപടി പറഞ്ഞു. അവരുടെ സുനഗോഗുകളിൽ പ്രസംഗിക്കുകയും ഭൂതങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തുകൊണ്ട് ഗലീലയിൽ ഉടനീളം അവിടുന്നു സഞ്ചരിച്ചു. ഒരു കുഷ്ഠരോഗി യേശുവിന്റെ അടുക്കൽ വന്നു മുട്ടുകുത്തി കേണപേക്ഷിച്ചു: “അങ്ങേക്കു മനസ്സുണ്ടെങ്കിൽ രോഗം നീക്കി എന്നെ ശുദ്ധീകരിക്കുവാൻ കഴിയും.” യേശു മനസ്സലിഞ്ഞ് കൈനീട്ടി അയാളെ തൊട്ടു; “എനിക്കു മനസ്സുണ്ട്; ശുദ്ധനാകുക” എന്നു പറഞ്ഞു. തൽക്ഷണം കുഷ്ഠരോഗം വിട്ടുമാറി അയാൾ ശുദ്ധനായിത്തീർന്നു. “നോക്കൂ, ഇക്കാര്യം ആരോടും പറയരുത്; എന്നാൽ നീ നേരെ പുരോഹിതന്റെ അടുക്കൽ ചെന്നു നിന്നെത്തന്നെ കാണിച്ചുകൊടുക്കുക; രോഗവിമുക്തനായി എന്നുള്ളതിന്റെ സാക്ഷ്യത്തിനായി മോശ കല്പിച്ചിട്ടുള്ള വഴിപാട് അർപ്പിക്കുകയും ചെയ്യുക” എന്നു യേശു കർശനമായി ആജ്ഞാപിച്ചശേഷം അയാളെ പറഞ്ഞയച്ചു. എന്നാൽ ആ മനുഷ്യൻ അവിടെനിന്നു പോയ ഉടനെ, ഈ വാർത്ത എല്ലായിടത്തും പറഞ്ഞു പരത്തുവാൻ തുടങ്ങി. പരസ്യമായി പട്ടണത്തിൽ പ്രവേശിക്കുവാൻ യേശുവിനു നിവൃത്തിയില്ലാതെയായി; അതുകൊണ്ട് അവിടുന്നു വിജനസ്ഥലങ്ങളിൽ കഴിഞ്ഞുകൂടി. എങ്കിലും എല്ലാ ദിക്കുകളിൽനിന്നും ആളുകൾ അവിടുത്തെ അടുക്കൽ വന്നുകൊണ്ടിരുന്നു.

MARKA 1 വായിക്കുക