MATHAIA 6:1-13

MATHAIA 6:1-13 MALCLBSI

“മനുഷ്യർ കാണാൻവേണ്ടി നിങ്ങൾ അവരുടെ മുമ്പിൽ സൽക്കർമങ്ങൾ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കുക. അങ്ങനെ ചെയ്താൽ സ്വർഗസ്ഥനായ പിതാവിൽനിന്നു നിങ്ങൾക്കു പ്രതിഫലം ലഭിക്കുകയില്ല. “നിങ്ങൾ ദാനധർമം ചെയ്യുമ്പോൾ, മറ്റുള്ളവരുടെ പ്രശംസ ലഭിക്കുന്നതിനുവേണ്ടി സുനഗോഗുകളിലും തെരുവീഥികളിലും കപടഭക്തന്മാർ ചെയ്യുന്നതുപോലെ പെരുമ്പറ അടിച്ചറിയിക്കരുത്. അവർക്കു പ്രതിഫലം കിട്ടിക്കഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. നിങ്ങൾ ദാനധർമം ചെയ്യുമ്പോൾ വലങ്കൈ ചെയ്യുന്നത് ഇടങ്കൈ അറിയരുത്. അത് അത്രയ്‍ക്കു രഹസ്യമായിരിക്കണം. രഹസ്യമായി നിങ്ങൾ ചെയ്യുന്നതു കാണുന്നവനായ നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലം തരും. “നിങ്ങൾ പ്രാർഥിക്കുമ്പോൾ കപടഭക്തന്മാരെ അനുകരിക്കരുത്; മനുഷ്യർ കാണുന്നതിനുവേണ്ടി സുനഗോഗുകളിലും വഴിക്കവലകളിലും നിന്നുകൊണ്ടു പ്രാർഥിക്കുവാൻ അവർ ഇഷ്ടപ്പെടുന്നുവല്ലോ. അവർക്കു പ്രതിഫലം പൂർണമായി കിട്ടിക്കഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു. എന്നാൽ നിങ്ങൾ പ്രാർഥിക്കുമ്പോൾ നിങ്ങളുടെ രഹസ്യമുറിയിൽ പ്രവേശിച്ചു വാതിൽ അടച്ച് അദൃശ്യനായ നിങ്ങളുടെ പിതാവിനോടു പ്രാർഥിക്കുക; അപ്പോൾ രഹസ്യമായി ചെയ്യുന്നതെന്തും കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലം നല്‌കും. “അതിഭാഷണംകൊണ്ട് തങ്ങളുടെ പ്രാർഥന ദൈവം കേൾക്കുമെന്നു വിജാതീയർ വിചാരിക്കുന്നു. നിങ്ങളുടെ പ്രാർഥന അങ്ങനെയാകരുത്. അവരുടെ പ്രാർഥന നിരർഥകങ്ങളായ വാക്കുകളുടെ കൂമ്പാരമാണല്ലോ. നിങ്ങൾക്ക് ആവശ്യമുള്ളത് ഇന്നതെന്ന് നിങ്ങൾ പ്രാർഥിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ പിതാവ് അറിയുന്നു. അതുകൊണ്ടു നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക: സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം സംപൂജിതമാകണമേ; അവിടുത്തെ രാജ്യം വരണമേ; തിരുഹിതം സ്വർഗത്തിലെപോലെ ഭൂമിയിലും നിറവേറണമേ; നിത്യവുമുള്ള ആഹാരം ഇന്നു ഞങ്ങൾക്കു നല്‌കണമേ; ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങൾ അവിടുന്നു ഞങ്ങളോടും ക്ഷമിക്കണമേ; കഠിനപരീക്ഷണത്തിൽ ഞങ്ങൾ അകപ്പെടുവാൻ ഇടയാക്കരുതേ, ദുഷ്ടനിൽനിന്നു ഞങ്ങളെ കാത്തുരക്ഷിക്കണമേ; രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങേക്കുള്ളതാണല്ലോ. ആമേൻ.

MATHAIA 6 വായിക്കുക

MATHAIA 6:1-13 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും