ശബത്തു കഴിഞ്ഞ് ഞായറാഴ്ച പ്രഭാതമായപ്പോൾ മഗ്ദലേനമറിയവും മറ്റേ മറിയവും കല്ലറ സന്ദർശിക്കുവാൻ പോയി. പെട്ടെന്ന് ഉഗ്രമായ ഒരു ഭൂകമ്പമുണ്ടായി. ദൈവത്തിന്റെ ഒരു മാലാഖ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു കല്ല് ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നു. ആ മാലാഖയുടെ മുഖം മിന്നൽപ്പിണർപോലെ ശോഭിച്ചു; ധരിച്ചിരുന്ന വസ്ത്രം ഹിമംപോലെ വെണ്മയുള്ളതുമായിരുന്നു. കാവല്‌ക്കാർ ദൈവദൂതനെ കണ്ടു വിറച്ച് ചേതനയറ്റവരെപ്പോലെയായി. മാലാഖ സ്‍ത്രീകളോടു പറഞ്ഞു: “നിങ്ങൾ ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങൾ അന്വേഷിക്കുന്നത് എന്നെനിക്കറിയാം. അവിടുന്ന് ഇവിടെയില്ല; അവിടുന്നു പറഞ്ഞിരുന്നതുപോലെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. നിങ്ങൾ വന്ന് അവിടുത്തെ സംസ്കരിച്ച സ്ഥലം കാണുക. അവിടുന്നു മരിച്ചവരുടെ ഇടയിൽനിന്ന് ഉത്ഥാനം ചെയ്തിരിക്കുന്നു എന്നു വേഗം പോയി അവിടുത്തെ ശിഷ്യന്മാരെ അറിയിക്കുക. അവിടുന്നു ഇതാ, നിങ്ങൾക്കു മുമ്പായി ഗലീലയിലേക്കു പോകുന്നു; അവിടെവച്ച് നിങ്ങൾക്ക് അവിടുത്തെ കാണാം. ഞാൻ പറഞ്ഞത് നിങ്ങൾ ഓർത്തുകൊള്ളണം.” ആ സ്‍ത്രീകൾ ഭയത്തോടും എന്നാൽ അത്യധികമായ ആനന്ദത്തോടുംകൂടി ശിഷ്യന്മാരെ വിവരം അറിയിക്കുന്നതിനായി കല്ലറയ്‍ക്കൽനിന്നു വേഗം പോയി. പെട്ടെന്ന് യേശുതന്നെ അവർക്ക് അഭിമുഖമായി ചെന്ന്, അവരെ അഭിവാദനം ചെയ്തു. അവർ അടുത്തു ചെന്ന് അവിടുത്തെ പാദങ്ങൾ തൊട്ടു നമസ്കരിച്ചു. യേശു അവരോട്: “ഭയപ്പെടേണ്ടാ; നിങ്ങൾ പോയി എന്റെ സഹോദരന്മാരോട് ഗലീലയിലേക്കു പോകണമെന്നും അവിടെവച്ച് അവർ എന്നെ കാണുമെന്നും അറിയിക്കുക” എന്നു പറഞ്ഞു.
MATHAIA 28 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MATHAIA 28:1-10
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ