പിന്നീടു പടയാളികൾ യേശുവിനെ പീലാത്തോസിന്റെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി. പട്ടാളം മുഴുവനും അവിടുത്തെ ചുറ്റും കൂടിയിരുന്നു. അവർ അവിടുത്തെ മേലങ്കി ഊരി ഒരു കടുംചുമപ്പു വസ്ത്രം ധരിപ്പിച്ചു. മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് അവിടുത്തെ ശിരസ്സിൽ വച്ചു, വലത്തു കൈയിൽ ഒരു വടിയും കൊടുത്തു; അനന്തരം അവർ അവിടുത്തെ മുമ്പിൽ മുട്ടുകുത്തി. “യെഹൂദന്മാരുടെ രാജാവ് നീണാൾ വാഴട്ടെ!” എന്നു പറഞ്ഞു പരിഹസിച്ചു. അവർ അവിടുത്തെമേൽ തുപ്പുകയും ആ വടികൊണ്ട് തലയ്‍ക്കടിക്കുകയും ചെയ്തു. ഇങ്ങനെ അവിടുത്തെ പരിഹസിച്ചശേഷം അവർ ധരിപ്പിച്ച വസ്ത്രം ഊരി സ്വന്തം മേലങ്കി ധരിപ്പിച്ചുകൊണ്ട് ക്രൂശിക്കുവാൻ കൊണ്ടുപോയി. അവർ പുറപ്പെട്ടപ്പോൾ കുറേന സ്വദേശിയായ ശിമോൻ എന്നയാളിനെ കണ്ടു. യേശുവിന്റെ കുരിശു ചുമക്കുവാൻ അവർ ശിമോനെ നിർബന്ധിച്ചു. തലയോടിന്റെ സ്ഥലം എന്നർഥമുള്ള ഗോൽഗോഥായിൽ അവർ എത്തി. അവിടെ ചെന്നപ്പോൾ കയ്പു കലർത്തിയ വീഞ്ഞ് യേശുവിനു കുടിക്കുവാൻ കൊടുത്തു. എന്നാൽ രുചിനോക്കിയിട്ട് അതു കുടിക്കുവാൻ യേശു വിസമ്മതിച്ചു. അവിടുത്തെ ക്രൂശിച്ചശേഷം അവർ അവിടുത്തെ വസ്ത്രങ്ങൾ കുറിയിട്ടു പങ്കുവച്ചു. പിന്നീട് അവർ അദ്ദേഹത്തിനു കാവലിരുന്നു. ‘ഇവൻ യെഹൂദന്മാരുടെ രാജാവായ യേശു’ എന്ന കുറ്റാരോപണം അദ്ദേഹത്തിന്റെ തലയ്‍ക്കു മുകളിൽ എഴുതിവച്ചു. യേശുവിന്റെ കൂടെ രണ്ടു കൊള്ളക്കാരെ, ഒരുവനെ വലത്തും അപരനെ ഇടത്തുമായി ക്രൂശിച്ചു. അതുവഴി കടന്നുപോയവർ തലയാട്ടിക്കൊണ്ട് ‘’നീയല്ലേ ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയുന്നവൻ? നീ ദൈവപുത്രനെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക; കുരിശിൽനിന്ന് ഇറങ്ങി വരിക” എന്നു പറഞ്ഞ് അദ്ദേഹത്തെ പരിഹസിച്ചു. മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും യെഹൂദപ്രമാണികളും അതുപോലെതന്നെ യേശുവിനു നേരെ പരിഹാസവാക്കുകൾ വർഷിച്ചു. അവർ പറഞ്ഞു: “അയാൾ മറ്റുള്ളവരെ രക്ഷിച്ചു; പക്ഷേ സ്വയം രക്ഷിക്കുവാൻ കഴിയുന്നില്ല. ഇസ്രായേലിന്റെ രാജാവ് ഇപ്പോൾ കുരിശിൽനിന്ന് ഇറങ്ങി വരട്ടെ. എന്നാൽ നമുക്ക് അയാളിൽ വിശ്വസിക്കാം. അയാൾ ദൈവത്തിൽ ആശ്രയിച്ചിരുന്നുപോലും! വേണമെങ്കിൽ ദൈവം അയാളെ ഇപ്പോൾ രക്ഷിക്കട്ടെ; ‘ഞാൻ ദൈവപുത്രനാകുന്നു’ എന്നാണല്ലോ അയാൾ പറഞ്ഞത്!” യേശുവിനോടുകൂടി ക്രൂശിക്കപ്പെട്ട കൊള്ളക്കാരും അതുപോലെതന്നെ അവിടുത്തെ പരിഹസിച്ചു. മധ്യാഹ്നമായപ്പോൾ ദേശമാസകലം അന്ധകാരത്തിലാണ്ടു. മൂന്നുമണിവരെയും ആ ഇരുൾ നീണ്ടുനിന്നു. ഏകദേശം മൂന്നുമണി ആയപ്പോൾ യേശു “ഏലീ, ഏലീ, ലമ്മ, ശബക്താനി?” എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു. ‘എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടുന്ന് എന്നെ കൈവിട്ടത് എന്ത്?’ എന്നാണതിന് അർഥം. അവിടെ നിന്നിരുന്നവരിൽ ചിലർ ഇതു കേട്ടപ്പോൾ, “അയാൾ ഏലിയായെ വിളിക്കുന്നു” എന്നു പറഞ്ഞു. ഒരാൾ ഓടിപ്പോയി ഒരു സ്പഞ്ച് എടുത്തു പുളിച്ച വീഞ്ഞിൽ മുക്കി ഒരു വടിയിൽവച്ച് യേശുവിനു കുടിക്കുവാൻ നീട്ടിക്കൊടുത്തു. “ആകട്ടെ, ഏലിയാ അയാളെ രക്ഷിക്കുവാൻ വരുമോ എന്നു നമുക്കു കാണാമല്ലോ” എന്നു മറ്റുള്ളവർ പറഞ്ഞു. യേശു വീണ്ടും ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടു പ്രാണൻ വെടിഞ്ഞു.
MATHAIA 27 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MATHAIA 27:27-50
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ