MATHAIA 26:55-75

MATHAIA 26:55-75 MALCLBSI

അപ്പോൾ ജനക്കൂട്ടത്തോട് അവിടുന്ന് ഇപ്രകാരം പറഞ്ഞു: “ഒരു കള്ളനെയെന്നവണ്ണമാണല്ലോ നിങ്ങൾ എന്നെ പിടിക്കുവാൻ വാളും വടിയുമായി വന്നിരിക്കുന്നത്. ദിവസേന ഞാൻ ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നല്ലോ. എന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ പ്രവാചകന്മാർ എഴുതിയിട്ടുള്ളതു നിറവേറുന്നതിനാണ് ഇവയെല്ലാം സംഭവിച്ചത്.” അപ്പോൾ ശിഷ്യന്മാരെല്ലാം യേശുവിനെ വിട്ട് ഓടിപ്പോയി. അവർ യേശുവിനെ ബന്ധനസ്ഥനാക്കി മഹാപുരോഹിതനായ കയ്യഫാസിന്റെ അടുക്കലേക്കു കൊണ്ടുപോയി. അവിടെ യെഹൂദാമതപണ്ഡിതന്മാരും ജനപ്രമാണിമാരും കൂടിയിരുന്നു. പത്രോസ് അല്പം അകലെ മാറി മഹാപുരോഹിതന്റെ അരമനയുടെ അങ്കണംവരെ യേശുവിനെ പിന്തുടർന്നു. അദ്ദേഹം അകത്തുകടന്ന് അവസാനം എന്താണെന്നറിയുന്നതിനായി ചേവകരോടുകൂടി ഇരുന്നു. മുഖ്യപുരോഹിതന്മാരും യെഹൂദ ന്യായാധിപസംഘവും അവിടെ കൂടിയിരുന്നു. യേശുവിനെ വധിക്കുന്നതിന് അവിടുത്തേക്കെതിരെ വ്യാജസാക്ഷ്യങ്ങൾ കണ്ടെത്തുവാൻ അവർ ശ്രമിച്ചു. ഒട്ടുവളരെ കള്ളസ്സാക്ഷികൾ ഹാജരായെങ്കിലും പറ്റിയ തെളിവു ലഭിച്ചില്ല. ഒടുവിൽ രണ്ടുപേർ മുമ്പോട്ടുവന്നു, “ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയാമെന്ന് ഈ മനുഷ്യൻ പറഞ്ഞു” എന്നു മൊഴികൊടുത്തു. അപ്പോൾ മഹാപുരോഹിതൻ യേശുവിനോട് ചോദിച്ചു: “നിങ്ങൾക്കെതിരെ ഈ മനുഷ്യർ പറയുന്ന ആരോപണങ്ങൾക്ക് ഒന്നും മറുപടി പറയുന്നില്ലേ? യേശു ആകട്ടെ, മൗനം അവലംബിച്ചു. മഹാപുരോഹിതൻ വീണ്ടും യേശുവിനോടു ചോദിച്ചു: “ഞാൻ ജീവനുള്ള ദൈവത്തിന്റെ നാമത്തിൽ സത്യം ചെയ്തു ചോദിക്കുന്നു, താങ്കൾ ദൈവപുത്രനായ ക്രിസ്തുതന്നെ എങ്കിൽ അതു ഞങ്ങളോടു പറയുക.” യേശു പ്രതിവചിച്ചു: “നിങ്ങൾ അങ്ങനെ പറയുന്നു. മനുഷ്യപുത്രൻ ഇനിമേൽ സർവശക്തന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വിൺമേഘങ്ങളിന്മേൽ ആഗതനാകുന്നതും നിങ്ങൾ കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” ഉടനെ മഹാപുരോഹിതൻ തന്റെ വസ്ത്രം കീറി; അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഇയാൾ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി നമുക്കു സാക്ഷികളുടെ ആവശ്യം എന്ത്? ഇയാൾ പറഞ്ഞ ദൈവദൂഷണം ഇതാ, ഇപ്പോൾ നിങ്ങൾ തന്നെ കേട്ടല്ലോ. നിങ്ങൾക്ക് എന്തു തോന്നുന്നു?” അപ്പോൾ അവർ ഇങ്ങനെ മറുപടി പറഞ്ഞു: “ഇയാൾ കുറ്റവാളിയാണ്; ഇയാൾക്കു വധശിക്ഷതന്നെ നല്‌കണം.” അവർ യേശുവിന്റെ മുഖത്തു തുപ്പുകയും മുഷ്‍ടിചുരുട്ടി ഇടിക്കുകയും ചിലർ ചെകിട്ടത്ത് അടിക്കുകയും ചെയ്തു. “ഹേ, ക്രിസ്തുവേ! താങ്കളെ അടിച്ചത് ആരാണെന്നു താങ്കളുടെ പ്രവചനശക്തികൊണ്ടു പറയുക” എന്നു ചിലർ പറഞ്ഞു. ഈ സമയത്ത് പത്രോസ് അരമനയുടെ അങ്കണത്തിലിരിക്കുകയായിരുന്നു. ഒരു പരിചാരിക അടുത്തുചെന്ന് “താങ്കളും ഗലീലക്കാരനായ യേശുവിന്റെകൂടെ ഉണ്ടായിരുന്ന ആളാണല്ലോ?” എന്നു ചോദിച്ചു. പത്രോസാകട്ടെ “നീ പറയുന്നത് എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല” എന്ന് എല്ലാവരുടെയും മുമ്പിൽവച്ചു നിഷേധിച്ചു. അദ്ദേഹം പടിപ്പുരയിലേക്കു പോകുമ്പോൾ മറ്റൊരു പരിചാരിക അദ്ദേഹത്തെ കണ്ട്, “ഈ മനുഷ്യനും നസറായനായ യേശുവിന്റെകൂടെ ഉണ്ടായിരുന്ന ആളാണ്” എന്നു പറഞ്ഞു. “എനിക്ക് ആ മനുഷ്യനെ അറിഞ്ഞുകൂടാ” എന്നു വീണ്ടും പത്രോസ് ആണയിട്ടു തള്ളിപ്പറഞ്ഞു. അല്പം കഴിഞ്ഞ് അവിടെ നിന്നിരുന്നവർ ചെന്നു പത്രോസിനോട് “നിശ്ചയമായും താങ്കൾ അവരിലൊരാളാണ്; താങ്കളുടെ സംസാരത്തിന്റെ രീതിപോലും അതു തെളിയിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ പത്രോസ് “ഞാൻ ആ മനുഷ്യനെ അറിയുന്നില്ല” എന്നു പറഞ്ഞുകൊണ്ട് സത്യം ചെയ്യുവാനും സ്വയം ശപിക്കുവാനും തുടങ്ങി. ഉടനെ കോഴി കൂകി. “കോഴി കൂകുന്നതിനു മുമ്പ് നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും” എന്ന് യേശു പറഞ്ഞത് അപ്പോൾ പത്രോസ് ഓർമിച്ചു. അദ്ദേഹം പുറത്തുപോയി തീവ്രദുഃഖത്താൽ പൊട്ടിക്കരഞ്ഞു.

MATHAIA 26 വായിക്കുക