MATHAIA 25:15-29

MATHAIA 25:15-29 MALCLBSI

ഓരോരുത്തനും അവനവന്റെ പ്രാപ്തിക്കനുസരിച്ച് ഒരാൾക്ക് അഞ്ചു താലന്തും മറ്റൊരാൾക്കു രണ്ടും വേറൊരാൾക്ക് ഒന്നും കൊടുത്തു. പിന്നീട് അയാൾ യാത്രപുറപ്പെട്ടു. അഞ്ചു താലന്തു കിട്ടിയവൻ ഉടനെ പോയി വ്യാപാരം ചെയ്ത് അഞ്ചുകൂടി നേടി. അതുപോലെതന്നെ രണ്ടു കിട്ടിയവൻ രണ്ടുകൂടി സമ്പാദിച്ചു. ഒരു താലന്തു ലഭിച്ചയാൾ പോയി നിലത്ത് ഒരു കുഴി കുഴിച്ച് യജമാനൻ കൊടുത്ത പണം മറച്ചുവച്ചു. “ദീർഘകാലം കഴിഞ്ഞ് അവരുടെ യജമാനൻ തിരിച്ചുവന്ന് അവരെ ഏല്പിച്ച പണത്തിന്റെ കണക്കു ചോദിച്ചു. അഞ്ചു താലന്തു ലഭിച്ചവൻ അഞ്ചുകൂടി കൊണ്ടുവന്ന് തന്റെ യജമാനന്റെ മുമ്പിൽ വച്ചിട്ടു പറഞ്ഞു: ‘പ്രഭോ, അഞ്ചു താലന്താണല്ലോ അങ്ങ് എന്നെ ഏല്പിച്ചിരുന്നത്; ഇതാ, ഞാൻ അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു.’ യജമാനൻ അവനോട് ‘നന്നായി; ഉത്തമനും വിശ്വസ്തനുമായ ദാസനേ, അല്പകാര്യത്തിൽ നീ വിശ്വസ്തനാണെന്നു തെളിഞ്ഞിരിക്കുന്നു. നിന്നെ വലിയ കാര്യങ്ങൾ ഏല്പിക്കും. വരിക, നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുകൊള്ളുക’ എന്നു പറഞ്ഞു. “രണ്ടു താലന്തു ലഭിച്ചവനും വന്ന് ‘യജമാനനേ, അങ്ങു രണ്ടു താലന്താണല്ലോ എന്നെ ഏല്പിച്ചത്. ഇതാ ഞാൻ രണ്ടുകൂടി സമ്പാദിച്ചിരിക്കുന്നു’ എന്നു പറഞ്ഞു. യജമാനൻ അവനോട് ‘നന്നായി, ഉത്തമനും വിശ്വസ്തനുമായ ദാസനേ, അല്പകാര്യത്തിൽ നീ വിശ്വസ്തനാണെന്നു തെളിഞ്ഞിരിക്കുന്നു. നിന്നെ ഞാൻ വലിയ കാര്യങ്ങൾ ഏല്പിക്കും. നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുകൊള്ളുക’ എന്നു പറഞ്ഞു. “പിന്നീട് ഒരു താലന്തു കിട്ടിയവൻ വന്ന് ഇപ്രകാരം പറഞ്ഞു: ‘യജമാനനേ, അങ്ങ് ഒരു കഠിനഹൃദയൻ ആണെന്ന് എനിക്കറിയാം. അങ്ങു വിതയ്‍ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഞാൻ ഭയപ്പെട്ട് അങ്ങയുടെ താലന്ത് മണ്ണിൽ കുഴിച്ചുവച്ചിരുന്നു. ഇതാ അങ്ങയുടെ താലന്ത്.’ “യജമാനൻ അവനോടു പറഞ്ഞു: ‘ദുഷ്ടനും മടിയനുമായ ദാസനേ, ഞാൻ വിതയ്‍ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്നവനാണെന്നു നീ അറിഞ്ഞിരുന്നു, അല്ലേ? നീ എന്റെ താലന്തു പണവ്യാപാരികളെ ഏല്പിക്കേണ്ടതായിരുന്നു; എങ്കിൽ ഞാൻ മടങ്ങിവന്നപ്പോൾ എന്റെ മുതലും പലിശയുംകൂടി വാങ്ങാമായിരുന്നല്ലോ. അതുകൊണ്ട് അവന്റെ പക്കൽനിന്ന് ആ താലന്തെടുത്ത് പത്തു താലന്തുള്ളവനു കൊടുക്കുക. ഉള്ളവനു പിന്നെയും കൊടുക്കും; അവനു സമൃദ്ധിയുണ്ടാകുകയും ചെയ്യും; എന്നാൽ ഇല്ലാത്തവനിൽനിന്ന് അവനുള്ളതുപോലും എടുത്തുകളയും.

MATHAIA 25 വായിക്കുക