അനന്തരം യേശു ജനസമൂഹത്തോടും തന്റെ ശിഷ്യന്മാരോടും ഇങ്ങനെ പറഞ്ഞു: പരീശന്മാരും മതപണ്ഡിതന്മാരും മോശയുടെ പിൻഗാമികളായി അദ്ദേഹത്തിന്റെ ധർമപീഠത്തിലിരുന്നു പഠിപ്പിക്കുന്നവരാണല്ലോ. അതുകൊണ്ട് നിങ്ങൾ അവർ പറയുന്നതെല്ലാം ശ്രദ്ധിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക. എന്നാൽ അവരുടെ പ്രവൃത്തികളെ നിങ്ങൾ അനുകരിക്കരുത്. അവർ പറയുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നില്ലല്ലോ. അവർ ഭാരമേറിയതും ദുർവഹവുമായ ചുമടുകൾ മനുഷ്യരുടെ ചുമലിൽ കെട്ടിവയ്ക്കുന്നു. എന്നാൽ ഒരു ചെറുവിരൽകൊണ്ടുപോലും ഒന്നു താങ്ങിക്കൊടുക്കുവാൻ അവർക്കു മനസ്സില്ല. അവരുടെ പ്രവൃത്തികളെല്ലാം മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കുന്നതിനുവേണ്ടിയുള്ളതാണ്. നോക്കൂ, വേദമന്ത്രങ്ങൾ എഴുതിയ അവരുടെ നെറ്റിപ്പട്ടകൾക്കു വീതിയും പുറങ്കുപ്പായത്തിന്റെ തൊങ്ങലുകൾക്കു നീളവും കൂട്ടുന്നതു കണ്ടില്ലേ? അവർ സദ്യക്കിരിക്കുമ്പോൾ മാന്യസ്ഥാനവും സുനഗോഗുകളിൽ പ്രധാന ഇരിപ്പിടവും ചന്തസ്ഥലത്തുവച്ച് അഭിവാദനവും മറ്റുള്ളവരിൽനിന്ന് റബ്ബീ എന്ന അഭിസംബോധനയും ഇഷ്ടപ്പെടുന്നു. എന്നാൽ നിങ്ങൾ റബ്ബീ എന്നു വിളിക്കപ്പെടുവാൻ ആഗ്രഹിക്കരുത്; ഒരുവൻ മാത്രമാണല്ലോ നിങ്ങളുടെ ഗുരു; നിങ്ങളെല്ലാവരും സഹോദരന്മാരത്രേ. ഭൂമിയിൽ ആരെയും നിങ്ങൾ പിതാവെന്നു വിളിക്കരുത്; സ്വർഗസ്ഥനായ ഒരു പിതാവുമാത്രമേ നിങ്ങൾക്കുള്ളൂ. നേതാവ് എന്ന പേരും നിങ്ങൾ സ്വീകരിക്കരുത്. ഒരുവൻ മാത്രമാണ് നിങ്ങളുടെ നേതാവ് -’ക്രിസ്തു’ തന്നെ. നിങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻ നിങ്ങളുടെ സേവകൻ ആയിരിക്കണം. തന്നെത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.
MATHAIA 23 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MATHAIA 23:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ