MATHAIA 21:33-46

MATHAIA 21:33-46 MALCLBSI

“വേറൊരു ദൃഷ്ടാന്തം ശ്രദ്ധിക്കുക: ഒരാൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, ചുറ്റും വേലികെട്ടി; അതിൽ ഒരു ചക്കു കുഴിച്ചിടുകയും ഒരു കാവൽമാടം നിർമിക്കുകയും ചെയ്തു. പിന്നീട് ആ തോട്ടം പാട്ടത്തിനു കൊടുത്തിട്ട് അയാൾ വിദേശത്തേക്കു പുറപ്പെട്ടു. മുന്തിരിയുടെ വിളവെടുപ്പിനുള്ള കാലം സമീപിച്ചപ്പോൾ തനിക്കു കിട്ടാനുള്ള പാട്ടം വാങ്ങുന്നതിനായി സ്ഥലമുടമസ്ഥൻ തന്റെ ദാസന്മാരെ ആ പാട്ടക്കാരുടെ അടുക്കൽ അയച്ചു. എന്നാൽ അവർ ആ ദാസന്മാരെ പിടിച്ച് ഒരുവനെ അടിക്കുകയും അപരനെ കൊല്ലുകയും മറ്റൊരുവനെ കല്ലെറിയുകയും ചെയ്തു. അയാൾ വീണ്ടും ആദ്യത്തേതിനെക്കാൾ അധികം ദാസന്മാരെ അയച്ചു. അവരോടും അവർ അങ്ങനെതന്നെ ചെയ്തു. അവസാനം തന്റെ പുത്രനെത്തന്നെ അയാൾ അവരുടെ അടുക്കൽ അയച്ചു: ‘നിശ്ചയമായും എന്റെ മകനെ അവർ ആദരിക്കും’ എന്ന് അയാൾ വിചാരിച്ചു. പാട്ടക്കാരാകട്ടെ പുത്രനെ കണ്ടപ്പോൾ ‘ഇവനാണു തോട്ടത്തിന്റെ അവകാശി; വരിക, നമുക്ക് ഇവനെ കൊല്ലാം; അങ്ങനെ അവന്റെ സ്വത്തു നമുക്കു കൈവശപ്പെടുത്താം’ എന്ന് അന്യോന്യം പറഞ്ഞു; പിന്നീട് അവനെ പിടിച്ച് തോട്ടത്തിനു പുറത്തു തള്ളി അവനെ കൊന്നുകളഞ്ഞു. “ഇനിയും തോട്ടത്തിന്റെ ഉടമസ്ഥൻ വരുമ്പോൾ ആ പാട്ടക്കാരോട് എന്തു ചെയ്യും?” എന്ന് യേശു ചോദിച്ചു. “അയാൾ നിശ്ചയമായും ആ നിഷ്ഠുരന്മാരെ നിഗ്രഹിക്കുകയും പാട്ടം യഥാവസരം നല്‌കുന്ന മറ്റു പാട്ടക്കാരെ തോട്ടം ഏല്പിക്കുകയും ചെയ്യും” എന്ന് അവർ മറുപടി നല്‌കി. യേശു അവരോട് അരുൾചെയ്തു: “പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മർമപ്രധാനമായ മൂലക്കല്ലായി തീർന്നിരിക്കുന്നു. ഇതു ചെയ്തത് കർത്താവാകുന്നു; ഇതെത്ര അദ്ഭുതകരം!” ഈ വേദഭാഗം നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: ദൈവരാജ്യം നിങ്ങളിൽ നിന്നെടുത്ത് തക്കഫലം നല്‌കുന്ന ജനതയ്‍ക്കു നല്‌കും. ഈ കല്ലിന്മേൽ വീഴുന്ന ഏതൊരുവനും തകർന്നു പോകും. ഈ കല്ല് ആരുടെയെങ്കിലുംമേൽ വീണാൽ അത് അവനെ തകർത്തുകളയും.” മുഖ്യപുരോഹിതന്മാരും പരീശന്മാരും യേശുവിന്റെ സദൃശോക്തികൾ കേട്ടപ്പോൾ തങ്ങളെക്കുറിച്ചാണു പറയുന്നതെന്നു മനസ്സിലാക്കി. അതുകൊണ്ട് അവിടുത്തെ പിടിക്കുവാൻ അവർ ശ്രമിച്ചു. എന്നാൽ അവർ ജനങ്ങളെ ഭയപ്പെട്ടു. ജനങ്ങൾ അവിടുത്തെ ഒരു പ്രവാചകനായിട്ടത്രേ എണ്ണിയിരുന്നത്.

MATHAIA 21 വായിക്കുക