കൈസര്യ ഫിലിപ്പിയുടെ പ്രാന്തപ്രദേശത്ത് എത്തിയപ്പോൾ “മനുഷ്യപുത്രൻ ആരാകുന്നു എന്നാണു ജനങ്ങൾ പറയുന്നത്?” എന്നു യേശു ശിഷ്യന്മാരോടു ചോദിച്ചു. “സ്നാപകയോഹന്നാൻ എന്നു ചിലരും ഏലിയാ എന്നു മറ്റു ചിലരും യിരെമ്യായോ അഥവാ പ്രവാചകന്മാരിൽ ഒരുവനോ എന്നു വേറേ ചിലരും പറയുന്നു” എന്ന് അവർ മറുപടി പറഞ്ഞു. “ആകട്ടെ ഞാൻ ആരാണെന്നാണു നിങ്ങൾ പറയുന്നത്?” എന്ന് അവിടുന്ന് അവരോടു ചോദിച്ചു. “അവിടുന്ന് ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു” എന്നു ശിമോൻ പത്രോസ് പറഞ്ഞു. അപ്പോൾ യേശു അരുൾചെയ്തു: “യോനായുടെ പുത്രനായ ശിമോനേ, നീ അനുഗൃഹീതനാകുന്നു. മാംസരക്തങ്ങളോടുകൂടിയ മനുഷ്യർ ആരുമല്ല ഈ സത്യം നിനക്കു വെളിപ്പെടുത്തിയത്, പിന്നെയോ സ്വർഗത്തിലുള്ള പിതാവത്രേ. ഞാൻ നിന്നോടു പറയുന്നു: നീ പത്രോസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും. അധോലോകത്തിന്റെ ശക്തികൾ അതിനെ ജയിക്കുകയില്ല. സ്വർഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്കു തരും. നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെന്തും സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും.” പിന്നീട്, താൻ ക്രിസ്തു ആകുന്നു എന്ന് ആരോടും പറയരുതെന്ന് അവിടുന്ന് ശിഷ്യന്മാരോടു കർശനമായി ആജ്ഞാപിച്ചു. താൻ യെരൂശലേമിലേക്കു പോകേണ്ടതാണെന്നും യെഹൂദപ്രമാണികളിൽനിന്നും പുരോഹിതമുഖ്യന്മാരിൽനിന്നും മതപണ്ഡിതന്മാരിൽനിന്നും വളരെയധികം പീഡനങ്ങൾ സഹിക്കുകയും വധിക്കപ്പെടുകയും മൂന്നാംനാൾ ഉയിർത്തെഴുന്നേല്‌ക്കുകയും ചെയ്യേണ്ടതാണെന്നും അന്നുമുതൽ യേശു വ്യക്തമാക്കുവാൻ തുടങ്ങി.
MATHAIA 16 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MATHAIA 16:13-21
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ