MATHAIA 13:47-58

MATHAIA 13:47-58 MALCLBSI

“മാത്രമല്ല, സ്വർഗരാജ്യം കടലിൽ ഇറക്കുന്ന വലയോടു സദൃശം. എല്ലായിനം മത്സ്യങ്ങളെയും ആ വലയിൽ പിടിക്കുന്നു. വല നിറയുമ്പോൾ മീൻപിടിത്തക്കാർ വല വലിച്ചു കരയ്‍ക്കു കയറ്റിയശേഷം അവിടെയിരുന്നുകൊണ്ട് നല്ലമീൻ പാത്രങ്ങളിലിടുന്നു; ഉപയോഗശൂന്യമായവ പുറത്ത് എറിഞ്ഞുകളയുകയും ചെയ്യുന്നു. ഇതുപോലെ യുഗാന്ത്യത്തിലും സംഭവിക്കും. മാലാഖമാർ വന്ന് സജ്ജനങ്ങളിൽനിന്നു ദുർജനങ്ങളെ വേർതിരിച്ച് അഗ്നികുണ്ഡത്തിൽ എറിഞ്ഞുകളയും. അവിടെ അവർ കരയുകയും പല്ലുകടിക്കുകയും ചെയ്യും.” “ഇവയെല്ലാം നിങ്ങൾക്കു മനസ്സിലായോ?” എന്ന് യേശു ചോദിച്ചു. “ഉവ്വ്” എന്ന് അവർ പറഞ്ഞു. “അങ്ങനെയാണെങ്കിൽ സ്വർഗരാജ്യത്തിനുവേണ്ടി ശിക്ഷണം ലഭിച്ചിട്ടുള്ള ഏതൊരു മതപണ്ഡിതനും തന്റെ നിക്ഷേപത്തിൽനിന്നു പുതിയതും പഴയതും എടുത്തുകൊടുക്കുന്ന ഗൃഹനാഥനോടു സമനാകുന്നു” എന്നും യേശു പറഞ്ഞു. ഈ സദൃശോക്തികൾ പൂർത്തിയാക്കിയശേഷം യേശു അവിടെനിന്നു പുറപ്പെട്ടു സ്വന്തം ദേശത്തു ചെന്നു; അവരുടെ സുനഗോഗിൽ പോയി അവരെ പഠിപ്പിച്ചു. അവർ ആശ്ചര്യഭരിതരായി ഇങ്ങനെ പറഞ്ഞു: “ഈ അറിവും അദ്ഭുതസിദ്ധികളും ഈ മനുഷ്യന് എവിടെനിന്നു കിട്ടി? ആ മരപ്പണിക്കാരന്റെ മകനല്ലേ ഇയാൾ? മറിയം ഇയാളുടെ അമ്മയും യാക്കോബും യോസേഫും ശിമോനും യൂദായും ഇയാളുടെ സഹോദരന്മാരുമല്ലേ? ഇയാളുടെ സഹോദരികൾ എല്ലാവരും ഇവിടെത്തെന്നെ ഉണ്ടല്ലോ! പിന്നെ ഇയാൾക്ക് ഈ സിദ്ധികളെല്ലാം എവിടെനിന്ന്? ഇങ്ങനെ പറഞ്ഞുകൊണ്ട് അവർ അവിടുത്തെ തിരസ്കരിച്ചു. യേശു അവരോടു പറഞ്ഞു: “ഒരു പ്രവാചകൻ സ്വദേശത്തും സ്വഭവനത്തിലും മാത്രമേ നിന്ദിക്കപ്പെടുന്നുള്ളൂ.” അവരുടെ അവിശ്വാസം നിമിത്തം യേശു അവിടെ അധികം അദ്ഭുതപ്രവൃത്തികൾ ചെയ്തില്ല.

MATHAIA 13 വായിക്കുക