MATHAIA 13:36-46

MATHAIA 13:36-46 MALCLBSI

അനന്തരം ജനക്കൂട്ടത്തെ വിട്ടിട്ട് യേശു വീട്ടിലേക്കു പോയി. അപ്പോൾ ശിഷ്യന്മാർ അവിടുത്തെ അടുത്തുചെന്നു. “വയലിലെ കളയുടെ ദൃഷ്ടാന്തം ഞങ്ങൾക്കു വിശദീകരിച്ചു തന്നാലും” എന്ന് അപേക്ഷിച്ചു. യേശു അരുൾചെയ്തു: “നല്ലവിത്തു വിതയ്‍ക്കുന്നതു മനുഷ്യപുത്രൻ, വയൽ ലോകവും. നല്ല വിത്ത് സ്വർഗരാജ്യത്തിന്റെ മക്കളും കളകൾ ദുഷ്ടപ്പിശാചിന്റെ മക്കളുമാകുന്നു. കളകൾ വിതച്ച ശത്രു പിശാചത്രേ; കൊയ്ത്തുകാലം യുഗാന്ത്യവും കൊയ്ത്തുകാർ ദൈവദൂതന്മാരുമാണ്. കളകൾ പറിച്ചുകൂട്ടി ചുട്ടുകളയുന്നതുപോലെ തന്നെ യുഗസമാപ്തിയിൽ സംഭവിക്കും. അന്നു മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയയ്‍ക്കും. അവർ ചെന്ന്, പാപകാരണമായ സകലത്തെയും എല്ലാ അധർമികളെയും തന്റെ രാജ്യത്തിൽനിന്ന് ഒരുമിച്ചുകൂട്ടി അഗ്നികുണ്ഡത്തിലെറിയും. അവിടെ അവർ കരയുകയും പല്ലുകടിക്കുകയും ചെയ്യും. എന്നാൽ ധർമനിഷ്ഠയുള്ളവർ, അവിടുത്തെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ. “ഒരു നിലത്തു മറഞ്ഞു കിടക്കുന്ന നിധിക്കു സമാനമാണു സ്വർഗരാജ്യം. നിധി കണ്ടെത്തിയ ഒരു മനുഷ്യൻ അതു വീണ്ടും മറച്ചുവയ്‍ക്കുകയും സന്തോഷപൂർവം ചെന്നു തനിക്കുള്ള സമസ്തവും വിറ്റ് ആ നിലം വാങ്ങുകയും ചെയ്യുന്നു. “സ്വർഗരാജ്യം വിശിഷ്ടമായ മുത്തുകൾ അന്വേഷിച്ചുപോകുന്ന വ്യാപാരിയോടു സദൃശം. അയാൾ വിലകൂടിയ ഒരു മുത്തു കണ്ടെത്തിയപ്പോൾ തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങി.

MATHAIA 13 വായിക്കുക