“വിതയ്‍ക്കുന്നവന്റെ ദൃഷ്ടാന്തം സൂചിപ്പിക്കുന്നത് എന്താണെന്നു കേട്ടുകൊള്ളുക. സ്വർഗരാജ്യത്തെക്കുറിച്ചുള്ള വചനം ഒരുവൻ കേട്ടിട്ടു ഗ്രഹിക്കാതിരിക്കുമ്പോൾ അവന്റെ ഹൃദയത്തിൽ വിതയ്‍ക്കപ്പെട്ടത് പിശാചു വന്നു തട്ടിക്കൊണ്ടുപോകുന്നു. ഇതാണു വഴിയിൽവീണ വിത്തു സൂചിപ്പിക്കുന്നത്. പാറസ്ഥലത്തു വീണ വിത്താകട്ടെ, വചനം കേൾക്കുകയും ഉടൻ സസന്തോഷം സ്വീകരിക്കുകയും ചെയ്യുന്നവരാണ്. എങ്കിലും അവരിൽ അതു വേരുറയ്‍ക്കുന്നില്ല. അവർ ക്ഷണനേരത്തേക്കു മാത്രമേ സഹിച്ചുനില്‌ക്കുകയുള്ളൂ. വചനം നിമിത്തം ക്ലേശങ്ങളോ പീഡനമോ ഉണ്ടാകുമ്പോൾ അവർ പെട്ടെന്നു വീണുപോകുന്നു. മറ്റു ചിലർ വചനം കേൾക്കുന്നെങ്കിലും ലൗകികകാര്യങ്ങളിലുള്ള ഉൽക്കണ്ഠയും ധനത്തിന്റെ കപടമായ വശ്യതയും വചനത്തെ ഞെരുക്കി ഫലശൂന്യമാക്കുന്നു. ഇവരെയാണു മുൾച്ചെടികൾക്കിടയിൽ വീണ വിത്തു സൂചിപ്പിക്കുന്നത്. നല്ല നിലത്തു വീണ വിത്താകട്ടെ, വചനം കേട്ടു ഗ്രഹിക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാണ്. ചിലർ നൂറും അറുപതും വേറെ ചിലർ മുപ്പതും മേനി വിളവു നല്‌കുന്നു.” വേറൊരു ദൃഷ്ടാന്തവും യേശു അവരോടു പറഞ്ഞു: “ഒരു മനുഷ്യൻ തന്റെ വയലിൽ നല്ല വിത്തു വിതച്ചതിനോടു സ്വർഗരാജ്യത്തെ ഉപമിക്കാം. എല്ലാവരും ഉറങ്ങിയപ്പോൾ അയാളുടെ ശത്രു വന്ന് കോതമ്പിനിടയിൽ കള വിതച്ചിട്ടു പൊയ്‍ക്കളഞ്ഞു. ഞാറു വളർന്നു കതിരു വന്നപ്പോൾ കളയും കാണാറായി. അപ്പോൾ, ഭൃത്യന്മാർ ചെന്നു ഗൃഹനാഥനോട്, ‘നല്ല വിത്തല്ലേ അങ്ങു വയലിൽ വിതച്ചത്? ഇപ്പോൾ ഈ കള എങ്ങനെ ഉണ്ടായി?’ എന്നു ചോദിച്ചു. “ഒരു ശത്രുവാണ് ഇത് ചെയ്തത്’ എന്ന് അയാൾ മറുപടി പറഞ്ഞു. ‘എന്നാൽ ഞങ്ങൾ പോയി ആ കളകൾ പറിച്ചുകൂട്ടട്ടെ’ എന്നു ഭൃത്യന്മാർ ചോദിച്ചു. അയാൾ ഇപ്രകാരം മറുപടി പറഞ്ഞു: ‘വേണ്ടാ, കള പറിച്ചു കളയുമ്പോൾ അതോടൊപ്പം കോതമ്പും പിഴുതുപോയേക്കും; കൊയ്ത്തുവരെ രണ്ടും വളരട്ടെ; കൊയ്ത്തുകാലത്തു കൊയ്യുന്നവരോട് ആദ്യം കള പറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന് അതു കെട്ടുകളായി കെട്ടി വയ്‍ക്കുവാനും കോതമ്പ് എന്റെ കളപ്പുരയിൽ സംഭരിക്കുവാനും ഞാൻ പറയും.” മറ്റൊരു ദൃഷ്ടാന്തവും യേശു അവരോടു പറഞ്ഞു: “സ്വർഗരാജ്യം ഒരു മനുഷ്യൻ തന്റെ വയലിൽ വിതച്ച കടുകുമണിയോടു സദൃശം. വിത്തുകളിൽ വച്ച് ഏറ്റവും ചെറുതെങ്കിലും അതു വളർന്നപ്പോൾ ഏറ്റവും വലിയ സസ്യമായി വളരുകയും ആകാശത്തിലെ പറവകൾക്ക് അതിന്റെ കൊമ്പുകളിൽ കൂടുകെട്ടി പാർക്കത്തക്കവിധമുള്ള ഒരു ചെടിയായിത്തീരുകയും ചെയ്യുന്നു.” വേറൊരു ദൃഷ്ടാന്തവും അവിടുന്ന് പറഞ്ഞു: “സ്വർഗരാജ്യം പുളിപ്പുമാവിനോടു സദൃശം. ഒരു സ്‍ത്രീ മൂന്നുപറ മാവ് എടുത്ത്, അതു പുളിക്കുന്നതുവരെ പുളിപ്പുമാവ് അതിൽ നിക്ഷേപിക്കുന്നു.” ഇവയെല്ലാം ദൃഷ്ടാന്തങ്ങളിലൂടെ യേശു ജനങ്ങളോടു പറഞ്ഞു. ദൃഷ്ടാന്തം കൂടാതെ അവിടുന്ന് ഒന്നും അവരോട് പറഞ്ഞിരുന്നില്ല.
MATHAIA 13 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MATHAIA 13:18-34
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ