MATHAIA 12:24-50

MATHAIA 12:24-50 MALCLBSI

പരീശന്മാർ ഇതു കേട്ടപ്പോൾ “ഭൂതങ്ങളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ട് മാത്രമാണ് ഈ മനുഷ്യൻ ഭൂതങ്ങളെ പുറത്താക്കുന്നത്” എന്നു പറഞ്ഞു. യേശു അവരുടെ അന്തർഗതം മനസ്സിലാക്കിക്കൊണ്ട് അവരോട് ഇങ്ങനെ പറഞ്ഞു: അന്തഃഛിദ്രമുള്ള ഏതു രാജ്യവും ശൂന്യമാകും. അന്തഃഛിദ്രമുണ്ടായാൽ ഒരു നഗരമോ ഭവനമോ നിലനില്‌ക്കുകയില്ല. സാത്താൻ സാത്താനെ ഉച്ചാടനം ചെയ്യുകയാണെങ്കിൽ അവൻ സ്വയം ഭിന്നിച്ചു നശിക്കും. അപ്പോൾ അവന്റെ രാജ്യം എങ്ങനെ നിലനില്‌ക്കും? ഞാൻ ബേൽസെബൂലിനെക്കൊണ്ടാണു ഭൂതങ്ങളെ ഒഴിച്ചുവിടുന്നതെങ്കിൽ നിങ്ങളുടെ അനുയായികൾ ആരെക്കൊണ്ടാണ് അവയെ ഉച്ചാടനം ചെയ്യുന്നത്? അതുകൊണ്ടു നിങ്ങൾ പറയുന്നതു തെറ്റാണെന്നു നിങ്ങളുടെ അനുയായികൾ തന്നെ വിധിക്കുന്നു. എന്നാൽ ബേൽസെബൂലല്ല ദൈവത്തിന്റെ ആത്മാവാണു ഭൂതങ്ങളെ പുറത്താക്കുവാൻ എനിക്കു ശക്തി നല്‌കുന്നത്; ദൈവരാജ്യം നിങ്ങളുടെ മധ്യേ വന്നു കഴിഞ്ഞിരിക്കുന്നു എന്ന് അതു തെളിയിക്കുകയും ചെയ്യുന്നു. “ഒരു ബലശാലിയെ പിടിച്ചു കെട്ടിയിട്ടല്ലാതെ അയാളുടെ വീട്ടിൽ പ്രവേശിച്ച് അതിലുള്ള വകകൾ കൊള്ള ചെയ്യുന്നത് എങ്ങനെയാണ്? “എന്റെ പക്ഷത്തു നില്‌ക്കാത്തവൻ എനിക്കെതിരാണ്. ശേഖരിക്കുന്നതിൽ എന്നെ സഹായിക്കാത്തവൻ ചിതറിക്കുകയാണു ചെയ്യുന്നത്. അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: മനുഷ്യന്റെ ഏതു പാപവും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാൽ പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കപ്പെടുകയില്ല. മനുഷ്യപുത്രനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ക്ഷമിക്കപ്പെടും. പക്ഷേ, പരിശുദ്ധാത്മാവിന് എതിരെ എന്തെങ്കിലും പറഞ്ഞാൽ ഈ യുഗത്തിലോ വരുവാനുള്ള യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല. “വൃക്ഷം നല്ലതെങ്കിൽ നല്ല ഫലം ലഭിക്കുന്നു; വൃക്ഷം ചീത്തയാണെങ്കിൽ ഫലവും ചീത്തയായിരിക്കും. ഫലം കൊണ്ടാണല്ലോ വൃക്ഷത്തെ അറിയുന്നത്. സർപ്പസന്തതികളേ! നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലതു സംസാരിക്കുവാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതാണല്ലോ വാക്കുകളായി പുറത്തുവരുന്നത്. സജ്ജനങ്ങൾ തങ്ങളുടെ നന്മയുടെ നിക്ഷേപത്തിൽനിന്ന് ഉത്തമമായവ പുറപ്പെടുവിക്കുന്നു. ദുർജനങ്ങൾ തങ്ങളുടെ ദുഷ്ടതയുടെ നിക്ഷേപത്തിൽനിന്ന് അധമമായവ പുറപ്പെടുവിക്കുന്നു. “മനുഷ്യർ പറയുന്ന ഓരോ വ്യർഥവാക്കിനും ന്യായവിധിനാളിൽ സമാധാനം പറയേണ്ടതായി വരുമെന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങളുടെ വാക്കുകൾ കൊണ്ടാണു നിങ്ങൾക്കു കുറ്റമില്ലെന്നു സ്ഥാപിക്കുകയോ നിങ്ങൾ കുറ്റക്കാരെന്നു വിധിക്കപ്പെടുകയോ ചെയ്യുന്നത്.” അപ്പോൾ ചില മതപണ്ഡിതന്മാരും പരീശന്മാരും യേശുവിനോട്, “ഗുരോ, അങ്ങ് ഒരടയാളം കാണിച്ചാൽ കൊള്ളാം” എന്നു പറഞ്ഞു. യേശു പ്രതിവചിച്ചു: “ദുഷ്ടതയും അവിശ്വസ്തതയും നിറഞ്ഞ ഈ തലമുറയാണ് അടയാളം അന്വേഷിക്കുന്നത്. യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊന്നും നിങ്ങൾക്കു ലഭിക്കുകയില്ല. യോനാ മൂന്നു പകലും മൂന്നു രാത്രിയും തിമിംഗലത്തിന്റെ വയറ്റിലായിരുന്നു. അതുപോലെ മനുഷ്യപുത്രനും മൂന്നു പകലും മൂന്നു രാവും ഭൂഗർഭത്തിലായിരിക്കും. നിനെവേയിലെ ജനങ്ങൾ ന്യായവിധിനാളിൽ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിർത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും. എന്തുകൊണ്ടെന്നാൽ നിനെവേക്കാർ യോനായുടെ പ്രസംഗംകേട്ട് അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിഞ്ഞു. ഇതാ യോനായെക്കാൾ മഹത്തരമായ ഒന്ന് ഇവിടെയുണ്ട്. ന്യായവിധിദിവസം ദക്ഷിണദേശത്തിലെ രാജ്ഞി ഈ തലമുറയോടൊപ്പം ഉയിർത്തെഴുന്നേറ്റ് അതിനെ കുറ്റംവിധിക്കും. ശലോമോന്റെ ജ്ഞാനവചസ്സുകൾ കേൾക്കാൻ അവർ ഭൂമിയുടെ അങ്ങേ അറ്റത്തുനിന്നു വന്നുവല്ലോ. ഇതാ ശലോമോനെക്കാൾ വലിയവൻ ഇവിടെയുണ്ട്. ഒരു മനുഷ്യനെ വിട്ടുപോകുന്ന അശുദ്ധാത്മാവ് വെള്ളമില്ലാത്ത സ്ഥലങ്ങളിൽ വിശ്രമം തേടി അലയുന്നു. എന്നാൽ അതു വിശ്രമം കണ്ടെത്തുന്നില്ല. അപ്പോൾ താൻ പുറപ്പെട്ടുപോന്ന വീട്ടിലേക്കുതന്നെ തിരിച്ചുപോകും എന്ന് അതു സ്വയം പറയുന്നു. അവിടെ ചെല്ലുമ്പോൾ വീടെല്ലാം അടിച്ചുവാരി അടുക്കിലും ചിട്ടയിലും ഇട്ടിരിക്കുന്നതു കാണുന്നു; അപ്പോൾ അതുപോയി തന്നെക്കാൾ ദുഷ്ടതയേറിയ മറ്റു ഏഴ് ആത്മാക്കളെക്കൂടി കൊണ്ടുവന്ന് അവിടെ വാസമുറപ്പിക്കുന്നു. ആ മനുഷ്യന്റെ അവസാനത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ കഷ്ടതരമായിത്തീരുന്നു. ഈ ദുഷ്ടതലമുറയ്‍ക്കും അതുപോലെയായിരിക്കും സംഭവിക്കുക.” യേശു ജനങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവിടുത്തെ അമ്മയും സഹോദരന്മാരും അവിടുത്തോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു പുറത്തുനിന്നിരുന്നു. "അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാൻ വെളിയിൽ കാത്തുനില്‌ക്കുന്നു” എന്ന് ഒരാൾ അവിടുത്തോടു പറഞ്ഞു. എന്നാൽ യേശു അയാളോട്, “ആരാണ് എന്റെ സഹോദരന്മാർ?” എന്നു ചോദിച്ചു. തന്റെ ശിഷ്യന്മാരുടെ നേരെ കൈ ചൂണ്ടിക്കൊണ്ട് “ഇതാ എന്റെ അമ്മയും സഹോദരന്മാരും; സ്വർഗത്തിലുള്ള എന്റെ പിതാവിന്റെ തിരുവിഷ്ടം ചെയ്യുന്നവരാണ് എന്റെ സഹോദരനും, സഹോദരിയും, അമ്മയും” എന്ന് അരുൾചെയ്തു.

MATHAIA 12 വായിക്കുക