MATHAIA 10:1-11

MATHAIA 10:1-11 MALCLBSI

യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് എല്ലാ അശുദ്ധാത്മാക്കളെയും പുറത്താക്കുന്നതിനും എല്ലാ രോഗങ്ങളും അസ്വാസ്ഥ്യങ്ങളും സുഖപ്പെടുത്തുന്നതിനും അവർക്ക് അധികാരം നല്‌കി. പന്ത്രണ്ട് അപ്പോസ്തോലന്മാരുടെ പേരുകൾ ഇവയാണ്: ഒന്നാമൻ പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമോൻ, ശിമോന്റെ സഹോദരൻ അന്ത്രയാസ്, സെബദിയുടെ പുത്രൻ യാക്കോബ്, യാക്കോബിന്റെ സഹോദരൻ യോഹന്നാൻ, ഫീലിപ്പോസ്, ബർതൊലൊമായി, തോമസ്, ചുങ്കക്കാരൻ മത്തായി, അല്ഫായിയുടെ പുത്രൻ യാക്കോബ്, തദ്ദായി, തീവ്രവാദിയായ ശിമോൻ, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് ഈസ്കരിയോത്ത്. ഈ പന്ത്രണ്ടുപേരെയും താഴെപ്പറയുന്ന അനുശാസനങ്ങളോടുകൂടി യേശു അയച്ചു: “നിങ്ങൾ വിജാതീയരുടെ ഏതെങ്കിലും പ്രദേശത്തോ ശമര്യരുടെ പട്ടണങ്ങളിലോ പോകരുത്. പ്രത്യുത ഇസ്രായേൽഗൃഹത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുക്കലേക്കു പോകുക. നിങ്ങൾ പോകുമ്പോൾ സ്വർഗരാജ്യം സമാഗതമായിരിക്കുന്നു എന്ന് അവരോടു പ്രസംഗിക്കുക. രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിർപ്പിക്കുക, കുഷ്ഠരോഗികളെ ശുദ്ധരാക്കുക, ഭൂതങ്ങളെ പുറത്താക്കുക. സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായി കൊടുക്കുക. നിങ്ങൾ സ്വർണനാണയമോ, വെള്ളിനാണയമോ, ചെമ്പുനാണയമോ കൊണ്ടുപോകരുത്. യാത്രയ്‍ക്കുള്ള ഭാണ്ഡമോ, രണ്ട് ഉടുപ്പോ, ചെരുപ്പോ, വടിയോ നിങ്ങൾക്ക് ആവശ്യമില്ല; വേലക്കാരൻ തന്റെ ആഹാരത്തിന് അർഹനാണല്ലോ. “നിങ്ങൾ ഏതെങ്കിലും ഒരു പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോൾ നിങ്ങളെ സ്വീകരിക്കുവാൻ സന്മനസ്സുള്ളവരെ കണ്ടുപിടിച്ച് നിങ്ങൾ പോകുന്നതുവരെ അവരുടെകൂടെ പാർക്കുക.

MATHAIA 10 വായിക്കുക