LUKA 9:18-62

LUKA 9:18-62 MALCLBSI

ഒരിക്കൽ യേശു തനിച്ചു പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശിഷ്യന്മാരും കൂടെയുണ്ടായിരുന്നു. യേശു അവരോടു ചോദിച്ചു: “ഞാൻ ആരാണെന്നാണു ജനങ്ങൾ പറയുന്നത്?” അവർ പറഞ്ഞു: “യോഹന്നാൻ സ്നാപകനെന്നു ചിലരും, ഏലിയാ എന്നു മറ്റു ചിലരും, മരിച്ചുപോയ പ്രവാചകന്മാരിൽ ഒരാൾ വീണ്ടും വന്നിരിക്കുന്നു എന്നു വേറെ ചിലരും പറയുന്നു.” യേശു വീണ്ടും ചോദിച്ചു: “ആകട്ടെ, ഞാൻ ആരാണെന്നാണു നിങ്ങൾ പറയുന്നത്?” “അങ്ങു ദൈവത്തിന്റെ അഭിഷിക്തനായ ക്രിസ്തുതന്നേ” എന്നു പത്രോസ് പറഞ്ഞു. ഇത് ആരോടും പറയരുതെന്ന് യേശു അവരോടു നിഷ്കർഷാപൂർവം കല്പിച്ചു. “മനുഷ്യപുത്രൻ വളരെയധികം പീഡനങ്ങൾ സഹിക്കേണ്ടതുണ്ട്. ജനപ്രമാണിമാരും മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും അവനെ തിരസ്കരിച്ചു കൊല്ലുവാൻ ഏല്പിച്ചുകൊടുക്കും. എന്നാൽ മൂന്നാംദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേല്‌ക്കും” എന്നും യേശു പറഞ്ഞു. അനന്തരം എല്ലാവരോടുമായി യേശു അരുൾചെയ്തു: “എന്നെ അനുഗമിക്കുവാൻ ഇച്ഛിക്കുന്നവൻ സ്വയം പരിത്യജിച്ച് അനുദിനം തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ. എന്തെന്നാൽ തന്റെ ജീവനെ രക്ഷിക്കുവാൻ ഇച്ഛിക്കുന്ന ഏതൊരുവനും അതു നഷ്ടപ്പെടും. എനിക്കുവേണ്ടി ആരെങ്കിലും സ്വജീവനെ നഷ്ടപ്പെടുത്തുന്നു എങ്കിൽ അവൻ അതിനെ രക്ഷിക്കും. ഒരു മനുഷ്യൻ സർവലോകവും നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ അവന് എന്തു പ്രയോജനം! ആരെങ്കിലും എന്നെക്കുറിച്ചോ എന്റെ വാക്കുകളെക്കുറിച്ചോ ലജ്ജിച്ചാൽ, തന്റെയും തന്റെ പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും തേജസ്സിൽ വരുമ്പോൾ മനുഷ്യപുത്രനും അവനെക്കുറിച്ചു ലജ്ജിക്കും. നിങ്ങളോടു ഞാൻ ഉറപ്പിച്ചു പറയുന്നു: ഇവിടെ നില്‌ക്കുന്നവരിൽ ചിലർ ദൈവരാജ്യം ദർശിക്കുന്നതിനുമുമ്പ് മരണം അടയുകയില്ല.” ഇക്കാര്യങ്ങൾ പറഞ്ഞ് ഏകദേശം എട്ടു ദിവസം കഴിഞ്ഞ് യേശു പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ട് പ്രാർഥിക്കുന്നതിനായി ഒരു മലയിലേക്കു പോയി. പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ യേശുവിന്റെ മുഖഭാവം മാറി. അവിടുത്തെ വസ്ത്രം കണ്ണഞ്ചിക്കുന്ന വെൺമയുള്ളതായിത്തീർന്നു. അതാ രണ്ടു പുരുഷന്മാർ യേശുവിനോടു സംസാരിക്കുന്നു! മോശയും ഏലിയായും! യെരൂശലേമിൽവച്ചു നടക്കുവാൻ പോകുന്നതിന്റെ നിര്യാണത്തിലൂടെ ദൈവോദ്ദേശ്യം പൂർത്തീകരിക്കുന്നതിനെക്കുറിച്ചാണ് ആ തേജോമയന്മാർ യേശുവിനോടു സംസാരിച്ചത്. പത്രോസും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരും ഗാഢനിദ്രയിലാണ്ടിരുന്നു. ഉണർന്നപ്പോൾ ഉജ്ജ്വല തേജസ്സോടുകൂടിയ യേശുവിനെയും തന്നോടുകൂടെ നില്‌ക്കുന്ന രണ്ടുപേരെയും അവർ കണ്ടു. അവർ യേശുവിനെ വിട്ടുപിരിയാൻ ഭാവിച്ചപ്പോൾ പത്രോസ് യേശുവിനോടു പറഞ്ഞു: “ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നന്ന്; ഞങ്ങൾ മൂന്നു കൂടാരങ്ങൾ ഉണ്ടാക്കട്ടെ; ഒന്ന് അങ്ങേക്കും, ഒന്നു മോശയ്‍ക്കും, ഒന്ന് ഏലീയായ്‍ക്കും.” താൻ പറയുന്നത് എന്തെന്ന് പത്രോസ് അറിഞ്ഞില്ല. ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ ഒരു മേഘം വന്ന് അവരുടെമേൽ നിഴൽ വീശി. അവർ മേഘത്തിനുള്ളിലായപ്പോൾ ശിഷ്യന്മാർ ഭയപ്പെട്ടു. “ഇവനാണ് ഞാൻ തിരഞ്ഞെടുത്ത എന്റെ പുത്രൻ; ഇവന്റെ വാക്കുകൾ ശ്രദ്ധിക്കുക.” എന്നൊരു അശരീരി ആ സമയത്ത് മേഘത്തിൽ നിന്നുണ്ടായി. അശരീരി നിലച്ചപ്പോൾ യേശുവിനെ മാത്രമേ അവർ കണ്ടുള്ളൂ. ഈ ദർശനത്തെക്കുറിച്ച് അക്കാലത്ത് ശിഷ്യന്മാർ ആരോടും പറയാതെ മൗനം അവലംബിച്ചു. പിറ്റേദിവസം യേശു മലയിൽ നിന്നിറങ്ങി വന്നപ്പോൾ ഒരു വലിയ ജനക്കൂട്ടത്തെ കണ്ടു. അവരിൽനിന്ന് ഒരാൾ വിളിച്ചു പറഞ്ഞു: “ഗുരോ, എന്റെ ഈ മകനെ ഒന്നു നോക്കണമേ! എന്റെ ഏക സന്താനമാണ് ഇവൻ. ഭൂതബാധ ഉണ്ടായാൽ ഉടനെ ഇവൻ ഉച്ചത്തിൽ നിലവിളിക്കും; അത് അവനെ ഞെരുക്കി ശരീരം കോട്ടും; വായിൽ നുരയും പതയും ഉണ്ടാകും. ഇവനെ പരുക്കേല്പിക്കാതെ അതു വിട്ടുമാറുകയുമില്ല. ഈ ബാധ ഒഴിവാക്കുവാൻ അങ്ങയുടെ ശിഷ്യന്മാരോടും ഞാൻ അപേക്ഷിച്ചു; പക്ഷേ അവർക്കു കഴിഞ്ഞില്ല.” അപ്പോൾ യേശു പ്രതിവചിച്ചു: “അവിശ്വാസികളും വഴിതെറ്റിയവരുമായ തലമുറക്കാരേ! ഞാൻ എത്രകാലം നിങ്ങളോടുകൂടി ഇരുന്നു നിങ്ങളെ വഹിക്കും"! “നിന്റെ മകനെ ഇവിടെ കൊണ്ടുവരിക” എന്ന് ആ മനുഷ്യനോട് പറഞ്ഞു. ബാലൻ വരുമ്പോൾത്തന്നെ ഭൂതം അവനെ തള്ളിയിട്ടു ഞെരിച്ചു. യേശു ആ ദുഷ്ടാത്മാവിനെ ശാസിച്ചു; ബാലനെ സുഖപ്പെടുത്തി, അവന്റെ പിതാവിനെ ഏല്പിക്കുകയും ചെയ്തു. ദൈവത്തിന്റെ അദ്ഭുതശക്തിയിൽ എല്ലാവരും വിസ്മയിച്ചു. താൻ ചെയ്ത എല്ലാ പ്രവൃത്തികളെക്കുറിച്ചും ജനങ്ങൾ അദ്ഭുതപ്പെട്ടുകൊണ്ടിരിക്കുമ്പോൾ യേശു ശിഷ്യന്മാരോടു പറഞ്ഞു: “മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടുവാൻ പോകുകയാണ്; ഇത് നിങ്ങളുടെ ഓർമയിലിരിക്കട്ടെ.” എന്നാൽ അവർ അതു ഗ്രഹിച്ചില്ല. അവർക്കു ഗ്രഹിക്കുവാൻ കഴിയാത്തവിധം അതു നിഗൂഢമായിരുന്നു. അതിനെക്കുറിച്ച് അവിടുത്തോടു ചോദിക്കുവാൻ അവർ ശങ്കിച്ചു. തങ്ങളുടെ ഇടയിൽ ആരാണ് ഏറ്റവും വലിയവൻ എന്നതിനെച്ചൊല്ലി ശിഷ്യന്മാർ തമ്മിൽ തർക്കമുണ്ടായി. യേശു അവരുടെ മനോഗതം മനസ്സിലാക്കിക്കൊണ്ട് ഒരു ശിശുവിനെ എടുത്ത്, അടുത്തുനിറുത്തി ഇപ്രകാരം അരുൾചെയ്തു: “എന്റെ നാമത്തിൽ ഈ ശിശുവിനെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്ന ഏതൊരുവനും എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളിൽ ഏറ്റവും ചെറിയവനാണ് ഏറ്റവും വലിയവൻ.” യോഹന്നാൻ യേശുവിനോടു പറഞ്ഞു: “ഗുരോ, അങ്ങയുടെ നാമത്തിൽ ഒരാൾ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ടു. അയാൾ ഞങ്ങളോടുകൂടി അങ്ങയെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങൾ അയാളെ വിലക്കി.” യേശു പ്രതിവചിച്ചു: “അയാളെ വിലക്കരുത്; നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങൾക്ക് അനുകൂലനത്രേ.” സ്വർഗാരോഹണത്തിനുള്ള സമയം അടുത്തപ്പോൾ യേശു യെരൂശലേമിലേക്കു പോകുവാൻ ദൃഢനിശ്ചയം ചെയ്തു; തനിക്കുവേണ്ട ഒരുക്കങ്ങൾ ചെയ്യുന്നതിനു ചിലരെ മുമ്പേ അയച്ചു. അവിടുത്തേക്ക് കടന്നുപോകേണ്ടിയിരുന്ന ഒരു ശമര്യഗ്രാമത്തിൽ അവർ പ്രവേശിച്ചു. എന്നാൽ യേശു യെരൂശലേമിലേക്കു പോവുകയായിരുന്നതുകൊണ്ട് ശമര്യക്കാർ അവിടുത്തെ സ്വീകരിച്ചില്ല. ഇതു കണ്ടിട്ട് ശിഷ്യന്മാരായ യാക്കോബും യോഹന്നാനും ചോദിച്ചു: “ഗുരോ, ഏലിയാ ചെയ്തതുപോലെ ആകാശത്തുനിന്ന് അഗ്നിയിറങ്ങി ഇവരെ നശിപ്പിക്കുവാൻ ഞങ്ങൾ ആജ്ഞാപിക്കട്ടെയോ?” യേശു അവരുടെ നേരെ തിരിഞ്ഞ് അവരെ ശാസിച്ചു: “നിങ്ങൾ ഏതൊരാത്മാവിനാലാണ് ഇതു പറയുന്നതെന്നു നിങ്ങൾ അറിയുന്നില്ല; മനുഷ്യരെ നശിപ്പിക്കുവാനല്ല രക്ഷിക്കുവാനത്രേ മനുഷ്യപുത്രൻ വന്നിരിക്കുന്നത്” എന്നു പറഞ്ഞു. പിന്നീട് അവർ മറ്റൊരു ഗ്രാമത്തിലേക്കു പോയി. അവർ പോകുമ്പോൾ ഒരാൾ യേശുവിന്റെ അടുത്തുവന്ന് “അങ്ങ് എവിടെ പോയാലും ഞാൻ അങ്ങയെ അനുഗമിക്കാം” എന്നു പറഞ്ഞു. യേശു പ്രതിവചിച്ചു: “കുറുനരികൾക്കു മാളങ്ങളുണ്ട്; ആകാശത്തിലെ പറവകൾക്കു കൂടുകളുണ്ട്; മനുഷ്യപുത്രനാകട്ടെ തലചായിക്കുവാൻപോലും ഇടമില്ല.” മറ്റൊരാളോട്: “എന്നെ അനുഗമിക്കുക” എന്നു യേശു പറഞ്ഞു. “ഗുരോ, എന്റെ പിതാവിന്റെ ശവസംസ്കാരം നടത്തുവാൻ എന്നെ അനുവദിച്ചാലും” എന്ന് അയാൾ പ്രതിവചിച്ചു. അപ്പോൾ യേശു, “മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നീ പോയി ദൈവരാജ്യം വിളംബരം ചെയ്യുക” എന്നു പറഞ്ഞു. വേറൊരാൾ, “ഗുരോ, ഞാൻ അങ്ങയെ അനുഗമിക്കാം; എന്നാൽ ആദ്യം എന്റെ ബന്ധുക്കളോടു യാത്രപറയട്ടെ” എന്നു പറഞ്ഞു. അതിന് യേശുവിന്റെ മറുപടി, “കലപ്പയിൽ കൈവച്ചശേഷം പിന്തിരിഞ്ഞു നോക്കുന്നവൻ ദൈവരാജ്യത്തിനു യോജിച്ചവനല്ല” എന്നായിരുന്നു.

LUKA 9 വായിക്കുക