LUKA 8:19-39

LUKA 8:19-39 MALCLBSI

യേശുവിന്റെ അമ്മയും സഹോദരന്മാരും അവിടുത്തെ കാണാൻ വന്നു. പക്ഷേ, ആൾത്തിരക്കുമൂലം അവിടുത്തെ അടുക്കൽ ചെല്ലാൻ കഴിഞ്ഞില്ല. “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാൻ പുറത്തു നില്‌ക്കുന്നു” എന്ന് ആരോ അവിടുത്തെ അറിയിച്ചു. അപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “ദൈവവചനം കേൾക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും എന്റെ സഹോദരന്മാരും.” ഒരു ദിവസം യേശു ശിഷ്യന്മാരോടുകൂടി വഞ്ചിയിൽ കയറി, “നമുക്കു തടാകത്തിന്റെ മറുകരയിലേക്കു പോകാം” എന്നു പറഞ്ഞു. അവർ വഞ്ചി നീക്കി മുമ്പോട്ടു പോകുമ്പോൾ യേശു ഗാഢനിദ്രയിലാണ്ടു. അപ്പോൾ തടാകത്തിൽ ഒരു കൊടുങ്കാറ്റുണ്ടായി. വെള്ളം അടിച്ചുകയറി വഞ്ചി മുങ്ങുമാറായി. ശിഷ്യന്മാർ യേശുവിനെ വിളിച്ചുണർത്തി: “ഗുരോ, ഗുരോ ഞങ്ങൾ നശിക്കുവാൻ പോകുന്നു” എന്നു പറഞ്ഞു. യേശു എഴുന്നേറ്റു കൊടുങ്കാറ്റിനെയും ഇളകിമറിയുന്ന തിരമാലകളെയും ശാസിച്ചു. അവ അടങ്ങി; എല്ലാം ശാന്തമായി. യേശു അവരോടു ചോദിച്ചു: “നിങ്ങളുടെ വിശ്വാസം എവിടെ?” അവർക്കു ഭയവും വിസ്മയവുമുണ്ടായി. “ഇദ്ദേഹം ആരാണ്? കാറ്റിനോടും കടലിനോടുപോലും ഇദ്ദേഹം ആജ്ഞാപിക്കുന്നു, അവ അനുസരിക്കുകയും ചെയ്യുന്നു” എന്ന് അവർ അന്യോന്യം പറഞ്ഞു. അവർ ഗലീലയുടെ മറുകരെയുള്ള ഗരസേന്യദേശത്ത് എത്തി. യേശു കരയ്‍ക്കിറങ്ങിയപ്പോൾ പട്ടണത്തിൽനിന്നു വന്ന ഭൂതാവിഷ്ടനായ ഒരു മനുഷ്യനെ കണ്ടുമുട്ടി. വളരെ നാളുകളായി അയാൾ വസ്ത്രം ധരിച്ചിരുന്നില്ല; വീട്ടിൽ താമസിക്കാതെ കല്ലറകൾക്കിടയിൽ പാർത്തിരുന്നു. യേശുവിനെ കണ്ടപ്പോൾ അയാൾ നിലവിളിച്ചുകൊണ്ട് അവിടുത്തെ മുമ്പിൽ സാഷ്ടാംഗം വീണ് അത്യുച്ചത്തിൽ “യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, അങ്ങ് എന്തിന് ഇയ്യുള്ളവന്റെ കാര്യത്തിൽ ഇടപെടുന്നു? ദയചെയ്ത് എന്നെ ദണ്ഡിപ്പിക്കരുതേ” എന്ന് അപേക്ഷിച്ചു. ആ മനുഷ്യനെ വിട്ടുപോകുവാൻ ദുഷ്ടാത്മാവിനോട് യേശു ആജ്ഞാപിച്ചതുകൊണ്ടാണ് ഭൂതാവിഷ്ടൻ ഇപ്രകാരം പറഞ്ഞത്. ഭൂതം പലപ്പോഴും ആ മനുഷ്യനെ കൈയടക്കിയിരുന്നു. ചങ്ങലയും വിലങ്ങുംകൊണ്ട് അയാളെ ബന്ധിച്ചു സൂക്ഷിച്ചിരുന്നെങ്കിലും അയാൾ അവ തകർക്കുകയും ഭൂതം അയാളെ വിജനസ്ഥലത്തേക്ക് ഓടിക്കുകയും ചെയ്തു. യേശു ചോദിച്ചു: “നിന്റെ പേരെന്താണ്?” അനേകം ഭൂതങ്ങൾ ആ മനുഷ്യനിൽ കടന്നുകൂടിയിരുന്നതുകൊണ്ട് “ലെഗ്യോൻ” എന്ന് അയാൾ മറുപടി പറഞ്ഞു. പാതാളത്തിലേക്കു പോകുവാൻ തങ്ങളോടു കല്പിക്കരുതേ എന്നു ഭൂതങ്ങൾ യേശുവിനോട് അപേക്ഷിച്ചു. അവിടെ കുന്നിന്റെ ചരിവിൽ ഒരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. “ആ പന്നികളിൽ പ്രവേശിക്കുവാൻ ഞങ്ങളെ അനുവദിച്ചാലും” എന്നു ഭൂതങ്ങൾ അഭ്യർഥിച്ചു. യേശു അവയെ അനുവദിക്കുകയും ചെയ്തു. ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നുകൂടി. അവ കടുംതൂക്കായ കുന്നിൻചരിവിൽക്കൂടി തടാകത്തിലേക്കു കുതിച്ചുപാഞ്ഞു മുങ്ങിച്ചത്തു. പന്നികളെ മേയിക്കുന്നവർ ഇതുകണ്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിൻപുറങ്ങളിലും ഈ വാർത്ത അറിയിച്ചു. എന്താണു സംഭവിച്ചതെന്നു കാണാൻ ജനം യേശുവിന്റെ അടുത്തെത്തി. ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചു സുബോധമുള്ളവനായി യേശുവിന്റെ പാദാന്തികത്തിലിരിക്കുന്നതു കണ്ട് അവർ അദ്ഭുതപ്പെട്ടു. ഭൂതാവിഷ്ടൻ എങ്ങനെയാണു സുഖപ്പെട്ടതെന്ന് ആ സംഭവം കണ്ടവർ വന്നുകൂടിയ ജനങ്ങളോടു പറഞ്ഞു. തങ്ങളെ വിട്ടുപോകണമെന്ന് ഗരസേന്യയിൽനിന്നും പ്രാന്തപ്രദേശങ്ങളിൽനിന്നും വന്നുകൂടിയവരെല്ലാം യേശുവിനോടപേക്ഷിച്ചു. അവർ അത്രയ്‍ക്കു ഭയപരവശരായിത്തീർന്നിരുന്നു. അതുകൊണ്ട് യേശു വഞ്ചിയിൽ കയറി തിരിച്ചുപോയി. ഭൂതങ്ങൾ വിട്ടുമാറിയ മനുഷ്യൻ “ഞാൻകൂടി വരട്ടെയോ?” എന്നു ചോദിച്ചു. “നീ തിരിച്ചു വീട്ടിൽ പോയി ദൈവം നിനക്കു ചെയ്ത ഉപകാരത്തെപ്പറ്റി എല്ലാവരെയും അറിയിക്കുക” എന്നു പറഞ്ഞ് യേശു അയാളെ അയച്ചു. അയാൾ പോയി യേശു തനിക്കു ചെയ്തതെല്ലാം പട്ടണത്തിലെങ്ങും അറിയിച്ചു.

LUKA 8 വായിക്കുക