LUKA 8:1-21

LUKA 8:1-21 MALCLBSI

അനന്തരം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു പ്രസംഗിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സദ്‍വാർത്ത അറിയിക്കുകയും ചെയ്തു. പന്ത്രണ്ടു ശിഷ്യന്മാരും അവിടുത്തോടുകൂടെയുണ്ടായിരുന്നു. കൂടാതെ രോഗങ്ങളിൽനിന്നും ദുഷ്ടാത്മാക്കളിൽനിന്നും മോചനം നേടിയ ഏതാനും സ്‍ത്രീകളും അവിടുത്തെ അനുഗമിച്ചിരുന്നു. അക്കൂട്ടത്തിൽ ഏഴു ഭൂതങ്ങളിൽനിന്നു വിമുക്തയാക്കപ്പെട്ട മഗ്ദലേനമറിയവും ഹേരോദായുടെ കാര്യസ്ഥനായ ഖൂസയുടെ ഭാര്യ യോഹന്നയും സൂസന്നയും തങ്ങളുടെ ധനംകൊണ്ട് യേശുവിനെയും ശിഷ്യന്മാരെയും സഹായിച്ചുവന്ന മറ്റു പലരും ഉൾപ്പെട്ടിരുന്നു. ഒരിക്കൽ ഒരു വലിയ ജനസഞ്ചയം പല പട്ടണങ്ങളിൽനിന്നും യേശുവിന്റെ അടുക്കൽ വന്നുകൂടി. അവരോട് യേശു ദൃഷ്ടാന്ത രൂപേണ പറഞ്ഞു: “ഒരിക്കൽ ഒരാൾ വിത്തു വിതയ്‍ക്കുവാൻ പോയി. വിതച്ചപ്പോൾ ഏതാനും വിത്ത് വഴിയിൽ വീണു. അവ ചവുട്ടിക്കളഞ്ഞു; പക്ഷികൾ കൊത്തിത്തിന്നുകയും ചെയ്തു. കുറെ വിത്തു പാറപ്പുറത്തു വീണു. അവ മുളച്ചു പൊങ്ങിയപ്പോൾ നനവില്ലാഞ്ഞതിനാൽ കരിഞ്ഞുപോയി. മറ്റു ചിലതു മുൾച്ചെടികൾക്കിടയിൽ വീണു. മുള്ള് അവയോടൊന്നിച്ചു വളർന്ന് അവയെ ഞെരുക്കിക്കളഞ്ഞു. വേറെ ചിലതു നല്ലമണ്ണിൽ വീണു. അവ വളർന്നു നൂറുമേനി വിളവു നല്‌കി.” ഒടുവിൽ യേശു ഉച്ചത്തിൽ പറഞ്ഞു: “കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ.” ഈ ദൃഷ്ടാന്തത്തിന്റെ അർഥം എന്താണെന്നു ശിഷ്യന്മാർ ചോദിച്ചപ്പോൾ അവിടുന്നു പറഞ്ഞു: “ദൈവരാജ്യത്തിന്റെ നിഗൂഢരഹസ്യങ്ങൾ അറിയുവാനുള്ള പദവി നിങ്ങൾക്കു നല്‌കപ്പെട്ടിരിക്കുന്നു; മറ്റുള്ളവർക്കാകട്ടെ കണ്ടിട്ടും കാണാതിരിക്കുകയോ കേട്ടിട്ടും കേൾക്കാതിരിക്കുകയോ ചെയ്യുമാറ് ദൃഷ്ടാന്തങ്ങളിലൂടെയാണ് നല്‌കപ്പെട്ടിട്ടുള്ളത്. “ആ ദൃഷ്ടാന്തത്തിന്റെ സാരം ഇതാണ്: വിത്തു ദൈവവചനമാണ്. വചനം കേട്ടവർ അതു വിശ്വസിച്ചു രക്ഷപ്രാപിക്കാതിരിക്കുവാൻ പിശാച് വന്ന് ചിലരുടെ ഹൃദയത്തിൽനിന്ന് ആ വചനം എടുത്തുകളയുന്നു. അതാണു വഴിയിൽ വീണ വിത്തു സൂചിപ്പിക്കുന്നത്. പാറമേൽ വീണ വിത്താകട്ടെ, കേൾക്കുമ്പോൾ ആഹ്ലാദപൂർവം സ്വീകരിക്കുന്നവരുടെ ഹൃദയത്തിൽ പതിയുന്ന വചനമാണ്. പക്ഷേ, ആ വിത്തുകൾക്കു വേരില്ല. അങ്ങനെയുള്ളവർ താത്ക്കാലികമായി വിശ്വസിക്കുന്നു. എന്നാൽ പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ വഴിതെറ്റിപ്പോകുന്നു. വചനം കേൾക്കുന്നവരാണെങ്കിലും ജീവിതത്തിന്റെ ചിന്താഭാരങ്ങളും സമ്പത്തും ഉല്ലാസങ്ങളും അതിനെ ഞെരുക്കിക്കളയുന്നു. ഇതാണു മുള്ളിനിടയിൽ വീണ വിത്തു സൂചിപ്പിക്കുന്നത്. ഇങ്ങനെയുള്ളവർ പാകമായ ഫലം നല്‌കുന്നില്ല. വചനം കേട്ടു ശ്രേഷ്ഠവും നിർമ്മലവുമായ ഹൃദയത്തിൽ അതു സ്വീകരിക്കുകയും സഹിച്ചുനിന്നു ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാണ് നല്ല മണ്ണിൽ വീണ വിത്ത്. “വിളക്കു കത്തിച്ചശേഷം ആരും പാത്രംകൊണ്ടു മൂടുകയോ കട്ടിലിന്റെ കീഴിൽ വയ്‍ക്കുകയോ ചെയ്യാറില്ല; പിന്നെയോ വീട്ടിൽ വരുന്നവർക്കു കാണത്തക്കവിധം വിളക്കുതണ്ടിന്മേലത്രേ വയ്‍ക്കുന്നത്. “മറഞ്ഞിരിക്കുന്നതെല്ലാം പ്രത്യക്ഷമാകും; വെളിച്ചത്തു വരാത്തതും പ്രസിദ്ധമാകാത്തതുമായ ഒരു രഹസ്യവുമില്ല. “അതുകൊണ്ട് നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊള്ളുക. ഉള്ളവനു കൂടുതൽ കൊടുക്കും. ഇല്ലാത്തവനിൽനിന്ന് ഉണ്ടെന്നു വിചാരിക്കുന്നതുകൂടി എടുത്തുകളയും.” യേശുവിന്റെ അമ്മയും സഹോദരന്മാരും അവിടുത്തെ കാണാൻ വന്നു. പക്ഷേ, ആൾത്തിരക്കുമൂലം അവിടുത്തെ അടുക്കൽ ചെല്ലാൻ കഴിഞ്ഞില്ല. “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാൻ പുറത്തു നില്‌ക്കുന്നു” എന്ന് ആരോ അവിടുത്തെ അറിയിച്ചു. അപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “ദൈവവചനം കേൾക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും എന്റെ സഹോദരന്മാരും.”

LUKA 8 വായിക്കുക