LUKA 7:36-44

LUKA 7:36-44 MALCLBSI

ഒരിക്കൽ ഒരു പരീശൻ യേശുവിനെ വിരുന്നിനു ക്ഷണിച്ചു. അവിടുന്ന് അയാളുടെ വീട്ടിലെത്തി ഭക്ഷണം കഴിക്കാനിരുന്നു. ആ പട്ടണത്തിൽ പാപിനിയായ ഒരു സ്‍ത്രീ ഉണ്ടായിരുന്നു. യേശു ആ പരീശന്റെ ഭവനത്തിൽ ഉണ്ടെന്നറിഞ്ഞ് അവൾ ഒരു വെൺകല്പാത്രത്തിൽ പരിമളതൈലവുമായി എത്തി. അവൾ യേശുവിന്റെ പിറകിൽ അവിടുത്തെ കാല്‌ക്കൽ കരഞ്ഞുകൊണ്ടുനിന്നു. തന്റെ കണ്ണുനീർകൊണ്ട് അവൾ അവിടുത്തെ പാദങ്ങൾ നനയ്‍ക്കുവാൻ തുടങ്ങി. അവൾ തലമുടികൊണ്ട് അതു തുടച്ചു. അവിടുത്തെ പാദങ്ങൾ തുടരെ ചുംബിക്കുകയും പരിമളതൈലം പൂശുകയും ചെയ്തു. ഇതുകണ്ട് ആതിഥേയനായ പരീശൻ ആത്മഗതം ചെയ്തു: “ഇദ്ദേഹം പ്രവാചകനായിരുന്നെങ്കിൽ, തന്നെ സ്പർശിച്ച ഈ സ്‍ത്രീ ആരാണെന്നും എങ്ങനെയുള്ളവളാണെന്നും അറിയുമായിരുന്നു; അവൾ ഒരു പാപിനിയാണല്ലോ.” യേശു പരീശനോടു പറഞ്ഞു: “ശിമോനേ താങ്കളോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്.” “ഗുരോ, പറഞ്ഞാലും” എന്ന് അയാൾ പറഞ്ഞു. യേശു അരുൾചെയ്തു: “പണം കടം കൊടുക്കുന്ന ഒരാൾക്കു രണ്ടുപേർ കടപ്പെട്ടിരുന്നു; ഒരാൾ അഞ്ഞൂറു ദിനാറും മറ്റെയാൾ അമ്പതു ദിനാറുമായിരുന്നു അയാൾക്കു കൊടുക്കാനുണ്ടായിരുന്നത്. കടം വീട്ടാൻ കഴിവില്ലായ്കയാൽ രണ്ടുപേർക്കും ആ തുകകൾ അയാൾ ഇളച്ചുകൊടുത്തു; ഇവരിൽ ആരാണ് അയാളെ അധികം സ്നേഹിക്കുക?” “കൂടുതൽ സംഖ്യ ഇളച്ചു കിട്ടിയവനായിരിക്കുമെന്ന് എനിക്കു തോന്നുന്നു” എന്നു ശിമോൻ പറഞ്ഞു. “അതു ശരിതന്നെ” എന്നു പറഞ്ഞശേഷം യേശു ആ സ്‍ത്രീയുടെ നേരെ തിരിഞ്ഞു ശിമോനോടു പറഞ്ഞു: “ഈ സ്‍ത്രീയെ താങ്കൾ കാണുന്നുണ്ടല്ലോ. ഞാൻ നിങ്ങളുടെ ഭവനത്തിൽ വന്നു; നിങ്ങൾ എനിക്കു കാലു കഴുകുവാൻ വെള്ളം തന്നില്ല; ഇവളാകട്ടെ തന്റെ കണ്ണുനീരുകൊണ്ട് എന്റെ കാലു കഴുകി, തലമുടികൊണ്ടു തുടച്ചു.

LUKA 7 വായിക്കുക