LUKA 7:11-35

LUKA 7:11-35 MALCLBSI

അടുത്ത ദിവസം യേശു നയിൻ എന്ന പട്ടണത്തിലേക്കു യാത്രയായി. ശിഷ്യന്മാരും ഒരു വലിയ ജനസഞ്ചയവും അവിടുത്തെ അനുഗമിച്ചു. അവിടുന്നു നഗരഗോപുരത്തോടു സമീപിച്ചപ്പോൾ ഒരു മൃതശരീരം എടുത്തുകൊണ്ട് ഏതാനുമാളുകൾ വരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു മരിച്ചയാൾ. പട്ടണത്തിൽനിന്ന് ഒരു വലിയ ജനാവലിയും അവരുടെ കൂടെയുണ്ടായിരുന്നു. യേശു ആ സ്‍ത്രീയെ കണ്ടപ്പോൾ മനസ്സലിഞ്ഞ്, അവരോട്: “കരയേണ്ടാ” എന്നു പറഞ്ഞു. അവിടുന്ന് അടുത്തുചെന്ന് ശവമഞ്ചത്തിൽ തൊട്ടു. മഞ്ചം വഹിച്ചിരുന്നവർ അവിടെ നിന്നു. പിന്നീട് യേശു ഇപ്രകാരം ആജ്ഞാപിച്ചു: “യുവാവേ!, ഞാൻ നിന്നോടു പറയുന്നു, എഴുന്നേല്‌ക്കൂ!” മരിച്ചയാൾ ഉടനെ എഴുന്നേറ്റിരുന്നു സംസാരിച്ചു. യേശു ആ യുവാവിനെ അയാളുടെ അമ്മയെ ഏല്പിച്ചു. എല്ലാവരും പരിഭ്രാന്തരായി. “മഹാനായ ഒരു പ്രവാചകൻ നമ്മുടെ ഇടയിൽ പ്രത്യക്ഷനായിരിക്കുന്നു! ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു!” ഇങ്ങനെ പറഞ്ഞുകൊണ്ട് അവർ ദൈവത്തെ പ്രകീർത്തിച്ചു. യേശുവിനെക്കുറിച്ചുള്ള ഈ വാർത്ത യെഹൂദ്യനാട്ടിൽ എല്ലായിടത്തും പരിസരപ്രദേശങ്ങളിലും പ്രചരിച്ചു. യോഹന്നാന്റെ ശിഷ്യന്മാർ ഈ കാര്യങ്ങളെല്ലാം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം രണ്ടു ശിഷ്യന്മാരെ വിളിച്ച് “വരുവാനിരിക്കുന്ന മിശിഹാ അങ്ങു തന്നെയോ, അതോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണോ?” എന്നു ചോദിക്കുന്നതിനായി യേശുവിന്റെ അടുക്കൽ അയച്ചു. അവർ ചെന്ന് യേശുവിനോടു ചോദിച്ചു; “സ്നാപകയോഹന്നാൻ ഞങ്ങളെ ഇവിടെ അയച്ചിരിക്കുന്നു; വരുവാനിരിക്കുന്നവൻ അങ്ങുതന്നെയാണോ? അതോ മറ്റൊരുവനെ ഞങ്ങൾ കാത്തിരിക്കണോ?” ആ സമയത്ത് യേശു രോഗങ്ങളും വ്യാധികളും ദുഷ്ടാത്മാക്കളും ബാധിച്ച നിരവധി ആളുകളെ സുഖപ്പെടുത്തുകയും അന്ധന്മാർക്കു കാഴ്ച നല്‌കുകയും ചെയ്തുകൊണ്ടിരുന്നു. അവിടുന്ന് യോഹന്നാന്റെ ദൂതന്മാരോടു പ്രതിവചിച്ചു: “നിങ്ങൾ കണ്ടതും കേട്ടതുമായ കാര്യങ്ങൾ അദ്ദേഹത്തോടു പോയി പറയുക: അന്ധന്മാർക്കു കാഴ്ച ലഭിക്കുന്നു, മുടന്തന്മാർ നടക്കുന്നു, കുഷ്ഠരോഗികൾ സുഖംപ്രാപിക്കുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവരെ ഉയിർപ്പിക്കുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കുന്നു. എന്നിലുള്ള വിശ്വാസത്തിൽനിന്ന് ഇടറിവീഴാതിരിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ.” യോഹന്നാന്റെ ദൂതന്മാർ പോയശേഷം യേശു അദ്ദേഹത്തെക്കുറിച്ചു ജനസമൂഹത്തോട് ഇപ്രകാരം പറഞ്ഞു: “നിങ്ങൾ എന്തു കാണാമെന്നു പ്രതീക്ഷിച്ചാണ് വിജനസ്ഥലത്തേക്കു പോയത്? കാറ്റിൽ ഉലയുന്ന ഞാങ്ങണയോ? പിന്നെ എന്തു കാണാൻ നിങ്ങൾ പോയി? മൃദുലവസ്ത്രം ധരിച്ച ഒരുവനെയോ? അങ്ങനെയുള്ള വസ്ത്രങ്ങൾ അണിഞ്ഞ് ആഡംബരപൂർവം ജീവിക്കുന്നവർ രാജകൊട്ടാരങ്ങളിലല്ലേ ഉള്ളത്? എന്നാൽ പിന്നെ എന്തു കാണാൻ പോയി? ഒരു പ്രവാചകനെയോ? അതെ, പ്രവാചകനെക്കാൾ വളരെ മികച്ചവനെത്തന്നെ എന്നു ഞാൻ നിങ്ങളോടു പറയുന്നു. ‘ഇതാ നിനക്കുവേണ്ടി വഴി ഒരുക്കുവാൻ ഞാൻ എന്റെ ദൂതനെ നിനക്കുമുമ്പേ അയയ്‍ക്കുന്നു’ എന്ന് എഴുതപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തെക്കുറിച്ചാണ്. സ്‍ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ ശ്രേഷ്ഠൻ ആരുമില്ല എന്നു ഞാൻ പറയുന്നു. എങ്കിലും ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവൻ അദ്ദേഹത്തെക്കാൾ മികച്ചവൻ തന്നെ.” ചുങ്കംപിരിക്കുന്നവരും മറ്റെല്ലാ ജനങ്ങളും യോഹന്നാന്റെ സന്ദേശം കേൾക്കുകയും സ്നാപനം സ്വീകരിക്കുകയും ചെയ്തുകൊണ്ടു ദൈവത്തിന്റെ നീതി നിറവേറ്റി. എന്നാൽ അദ്ദേഹത്തിന്റെ സ്നാപനം സ്വീകരിക്കാതിരുന്ന പരീശന്മാരും മതപണ്ഡിതന്മാരും തങ്ങളെപ്പറ്റിയുള്ള ദൈവോദ്ദേശ്യം സ്വയം നിരസിച്ചുകളഞ്ഞു. യേശു തുടർന്നു പറഞ്ഞു: “ഈ തലമുറയിലെ മനുഷ്യരെ ഞാൻ എന്തിനോടാണ് ഉപമിക്കേണ്ടത്? ആർക്കു തുല്യരാണവർ? ‘ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതി; നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ വിലാപഗാനം പാടി; നിങ്ങൾ കരഞ്ഞില്ല’ എന്നിങ്ങനെ ചന്തയിലിരുന്ന് അന്യോന്യം വിളിച്ചുപറയുന്ന കുട്ടികൾക്ക് തുല്യരാണവർ. “സ്നാപകയോഹന്നാൻ ഭക്ഷണപാനീയങ്ങളിൽ വർജനം ആചരിക്കുന്നവനായി വന്നു. അദ്ദേഹം ഭൂതാവിഷ്ടനാണെന്നു നിങ്ങൾ പറയുന്നു; മനുഷ്യപുത്രൻ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നവനായി വന്നു. ‘ഇതാ ഭോജനപ്രിയനും മദ്യപനുമായ മനുഷ്യൻ! ചുങ്കക്കാരുടെയും അധർമികളുടെയും സ്നേഹിതൻ!’ എന്നു നിങ്ങൾ പറയുന്നു. ദൈവികമായ ജ്ഞാനമാണു ശരിയായതെന്ന് അതു സ്വീകരിക്കുന്ന എല്ലാവരാലും തെളിയിക്കപ്പെട്ടിരിക്കുന്നു.”

LUKA 7 വായിക്കുക