LUKA 7:11-17

LUKA 7:11-17 MALCLBSI

അടുത്ത ദിവസം യേശു നയിൻ എന്ന പട്ടണത്തിലേക്കു യാത്രയായി. ശിഷ്യന്മാരും ഒരു വലിയ ജനസഞ്ചയവും അവിടുത്തെ അനുഗമിച്ചു. അവിടുന്നു നഗരഗോപുരത്തോടു സമീപിച്ചപ്പോൾ ഒരു മൃതശരീരം എടുത്തുകൊണ്ട് ഏതാനുമാളുകൾ വരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു മരിച്ചയാൾ. പട്ടണത്തിൽനിന്ന് ഒരു വലിയ ജനാവലിയും അവരുടെ കൂടെയുണ്ടായിരുന്നു. യേശു ആ സ്‍ത്രീയെ കണ്ടപ്പോൾ മനസ്സലിഞ്ഞ്, അവരോട്: “കരയേണ്ടാ” എന്നു പറഞ്ഞു. അവിടുന്ന് അടുത്തുചെന്ന് ശവമഞ്ചത്തിൽ തൊട്ടു. മഞ്ചം വഹിച്ചിരുന്നവർ അവിടെ നിന്നു. പിന്നീട് യേശു ഇപ്രകാരം ആജ്ഞാപിച്ചു: “യുവാവേ!, ഞാൻ നിന്നോടു പറയുന്നു, എഴുന്നേല്‌ക്കൂ!” മരിച്ചയാൾ ഉടനെ എഴുന്നേറ്റിരുന്നു സംസാരിച്ചു. യേശു ആ യുവാവിനെ അയാളുടെ അമ്മയെ ഏല്പിച്ചു. എല്ലാവരും പരിഭ്രാന്തരായി. “മഹാനായ ഒരു പ്രവാചകൻ നമ്മുടെ ഇടയിൽ പ്രത്യക്ഷനായിരിക്കുന്നു! ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു!” ഇങ്ങനെ പറഞ്ഞുകൊണ്ട് അവർ ദൈവത്തെ പ്രകീർത്തിച്ചു. യേശുവിനെക്കുറിച്ചുള്ള ഈ വാർത്ത യെഹൂദ്യനാട്ടിൽ എല്ലായിടത്തും പരിസരപ്രദേശങ്ങളിലും പ്രചരിച്ചു.

LUKA 7 വായിക്കുക