അന്നൊരിക്കൽ യേശു പ്രാർഥിക്കുവാൻ ഒരു മലയിലേക്കു പോയി. രാത്രിമുഴുവൻ അവിടുന്നു പ്രാർഥിച്ചുകൊണ്ടിരുന്നു. പ്രഭാതമായപ്പോൾ അവിടുന്നു തന്റെ അനുയായികളെ വിളിച്ചുകൂട്ടി; താഴെപ്പറയുന്ന പന്ത്രണ്ടുപേരെ അവരിൽനിന്നു തിരഞ്ഞെടുത്ത് അപ്പോസ്തോലന്മാർ എന്നു നാമകരണം ചെയ്തു: ശിമോൻ (ഇദ്ദേഹത്തെ പത്രോസ് എന്നു യേശു വിളിച്ചു), അദ്ദേഹത്തിന്റെ സഹോദരൻ അന്ത്രയാസ്, യാക്കോബ്, യോഹന്നാൻ, ഫീലിപ്പോസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അല്ഫായിയുടെ മകൻ യാക്കോബ്, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമോൻ, യാക്കോബിന്റെ മകൻ യൂദാസ്, ഒറ്റുകാരനായിത്തീർന്ന യൂദാസ് ഈസ്കരിയോത്ത്. അനന്തരം യേശു അവരോടുകൂടി മലയിൽ നിന്നിറങ്ങി സമതലത്തു വന്നു. ശിഷ്യന്മാരുടെ ഒരു വലിയ സമൂഹം അവിടെയുണ്ടായിരുന്നു. യെരൂശലേമിൽ നിന്നുള്ളവരെ കൂടാതെ യെഹൂദ്യയുടെ നാനാഭാഗങ്ങളിൽനിന്നും സമുദ്രതീരത്തുള്ള സോർ, സീദോൻ പ്രദേശങ്ങളിൽനിന്നും യേശുവിന്റെ പ്രബോധനം കേൾക്കുവാനും രോഗശാന്തി ലഭിക്കുവാനുമായി ഒരു വലിയ ജനതതി വന്നുകൂടി. അശുദ്ധാത്മാക്കൾ ബാധിച്ചു വലഞ്ഞവർ സുഖംപ്രാപിച്ചു. യേശുവിൽനിന്ന് ദിവ്യശക്തി പുറപ്പെട്ട് എല്ലാ രോഗികളെയും സുഖപ്പെടുത്തി വന്നു. അതുകൊണ്ട് അവിടുത്തെ ഒന്നു തൊടുവാൻ ആൾക്കൂട്ടത്തിന്റെ ഇടയിൽ വലിയ തിരക്കുണ്ടായി. യേശു ശിഷ്യന്മാരെ നോക്കിക്കൊണ്ട് ഇപ്രകാരം അരുൾചെയ്തു: “ദരിദ്രരായ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ; ദൈവരാജ്യം നിങ്ങൾക്കുള്ളതാകുന്നു! ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ; നിങ്ങൾ സംതൃപ്തരാകും! ഇപ്പോൾ കരയുന്നവരായ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ; നിങ്ങൾ ചിരിക്കും! മനുഷ്യപുത്രനെ അനുഗമിക്കുന്നതിനാൽ നിങ്ങളെ മറ്റുള്ളവർ ദ്വേഷിക്കുകയും ഭ്രഷ്ടരാക്കുകയും നിന്ദിക്കുകയും നികൃഷ്ടരെന്നവിധം നിരാകരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ; അന്നു നിങ്ങൾ ആഹ്ലാദിച്ചു തുള്ളിച്ചാടുക; എന്തെന്നാൽ സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാണ്: അവരുടെ പിതാക്കന്മാരും പ്രവാചകന്മാരോട് അങ്ങനെതന്നെയാണല്ലോ വർത്തിച്ചിട്ടുള്ളത്. എന്നാൽ സമ്പന്നരേ, നിങ്ങൾക്കു ഹാ കഷ്ടം!; നിങ്ങളുടെ സൗഭാഗ്യകാലം കഴിഞ്ഞുപോയി! ഇപ്പോൾ സംതൃപ്തരായിരിക്കുന്നവരേ, നിങ്ങൾക്കു ഹാ കഷ്ടം!; നിങ്ങൾക്കു വിശക്കും! ഇപ്പോൾ ആഹ്ലാദിക്കുന്നവരേ, നിങ്ങൾക്കു ഹാ കഷ്ടം!; നിങ്ങൾ വിലപിക്കുകയും കരയുകയും ചെയ്യും! എല്ലാ മനുഷ്യരും നിങ്ങളെ പുകഴ്ത്തുമ്പോൾ നിങ്ങൾക്കു ഹാ കഷ്ടം!; അവരുടെ പിതാക്കന്മാർ വ്യാജപ്രവാചകന്മാരെ അങ്ങനെതന്നെ പുകഴ്ത്തിയിട്ടുണ്ടല്ലോ. “എന്നാൽ എന്റെ പ്രബോധനം കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; നിങ്ങളെ ദ്വേഷിക്കുന്നവർക്കു നന്മ ചെയ്യുക; നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക; നിങ്ങളെ നിന്ദിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക. നിന്റെ ഒരു ചെകിട്ടത്ത് അടിക്കുന്നവനു മറ്റേതുംകൂടി കാണിച്ചുകൊടുക്കുക. നിന്റെ പുറങ്കുപ്പായം അപഹരിക്കുന്നവനു കുപ്പായംകൂടി വിട്ടുകൊടുക്കാൻ മടിക്കരുത്. നിന്നോടു ചോദിക്കുന്ന എല്ലാവർക്കും കൊടുക്കുക. നിന്റെ വസ്തുവകകൾ അപഹരിച്ചവനോട് അവ തിരിച്ചു ചോദിക്കരുത്. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ വർത്തിക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെതന്നെ അവരോടും വർത്തിക്കുക. “നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കുന്നതുകൊണ്ടു നിങ്ങൾക്കുള്ള മേന്മയെന്ത്? പാപികൾപോലും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ. നിങ്ങൾക്കു നന്മ ചെയ്യുന്നവർക്കുമാത്രം നന്മ ചെയ്താൽ നിങ്ങൾക്കുള്ള മേന്മയെന്ത്? പാപികളും അങ്ങനെതന്നെ ചെയ്യുന്നുണ്ടല്ലോ. തിരിച്ചുകിട്ടുമെന്നാശിച്ചു കൊണ്ടു വായ്പ കൊടുത്താൽ നിങ്ങൾക്ക് എന്തു മെച്ചം? കൊടുത്തത് അത്രയും തിരിച്ചുവാങ്ങാമെന്നു കരുതി പാപികൾപോലും പാപികൾക്കു കടം കൊടുക്കാറുണ്ടല്ലോ. എന്നാൽ നിങ്ങൾ ശത്രുക്കളെ സ്നേഹിക്കുക; അവർക്കു നന്മ ചെയ്യുക. തിരിച്ച് ഒന്നുംതന്നെ പ്രതീക്ഷിക്കാതെ കടം കൊടുക്കുക. അപ്പോൾ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും; നിങ്ങൾ അത്യുന്നതന്റെ മക്കളായിത്തീരും; അവിടുന്നു നന്ദികെട്ടവരോടും തൻകാര്യക്കാരോടും ദയാലുവാണല്ലോ. നിങ്ങളുടെ പിതാവു കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക.
LUKA 6 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: LUKA 6:12-36
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ