LUKA 4:31-44

LUKA 4:31-44 MALCLBSI

ഗലീലയിലെ ഒരു നഗരമായ കഫർന്നഹൂമിലേക്കാണ് യേശു പിന്നീടു പോയത്. ശബത്തുതോറും അവിടുന്നു സുനഗോഗിലെത്തി ജനങ്ങളെ പഠിപ്പിച്ചുവന്നു. അവിടുത്തെ വചനം അധികാരത്തോടുകൂടിയായിരുന്നതിനാൽ അവിടുത്തെ പ്രബോധനം കേട്ട് അവർ വിസ്മയിച്ചു. സുനഗോഗിൽ ദുഷ്ടാത്മാവു ബാധിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ ഉച്ചത്തിൽ നിലവിളിച്ചു: “നസറായനായ യേശുവേ ഞങ്ങളെ എന്തിന് ഉപദ്രവിക്കുന്നു? ഞങ്ങളെ നശിപ്പിക്കുവാനാണോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം. ദൈവം അയച്ച പരിശുദ്ധൻ തന്നെ.” യേശു ദുഷ്ടാത്മാവിനെ ശാസിച്ചുകൊണ്ട്: “മിണ്ടരുത്! ഈ മനുഷ്യനെ വിട്ടു പുറത്തുപോകൂ!” എന്നു പറഞ്ഞു. ദുഷ്ടാത്മാവ് അവനെ അവരുടെ മധ്യത്തിൽ തള്ളിയിട്ടശേഷം ഒരുപദ്രവവും വരുത്താതെ അവനെ വിട്ടു പോയി. എല്ലാവരും അമ്പരന്നു. “ഇതെന്തൊരു കല്പന! അധികാരത്തോടും ശക്തിയോടുംകൂടി അവിടുന്നു ദുഷ്ടാത്മാക്കളോട് ആജ്ഞാപിക്കുന്നു. അവ അനുസരിക്കുകയും ചെയ്യുന്നു” എന്ന് അവർ അന്യോന്യം പറഞ്ഞു. യേശുവിനെപ്പറ്റിയുള്ള ശ്രുതി ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം പരന്നു. യേശു സുനഗോഗിൽ നിന്നിറങ്ങി ശിമോന്റെ ഭവനത്തിലെത്തി. ശിമോന്റെ ഭാര്യാമാതാവ് കഠിനമായ ജ്വരം ബാധിച്ചു കിടക്കുകയായിരുന്നു. ആ രോഗിണിയെക്കുറിച്ച് അവർ യേശുവിനോടു പറഞ്ഞു. അവിടുന്ന് ആ സ്‍ത്രീയുടെ അടുത്തുചെന്ന് അവരുടെ പനിയെ ശാസിച്ചു; പനി വിട്ടുമാറി. ഉടനെ അവർ എഴുന്നേറ്റ് എല്ലാവരെയും പരിചരിച്ചു. ശബത്തു കഴിഞ്ഞ് സൂര്യാസ്തമയമായപ്പോൾ നാനാവിധ രോഗങ്ങൾ ബാധിച്ചവരെ അവിടുത്തെ അടുത്തു കൊണ്ടുവന്നു. അവിടുന്ന് ഓരോരുത്തരുടെയുംമേൽ കൈകൾ വച്ച് അവരെ സുഖപ്പെടുത്തി. “അങ്ങു ദൈവത്തിന്റെ പുത്രൻതന്നെ” എന്ന് അട്ടഹസിച്ചുകൊണ്ട് പലരിൽനിന്നും ഭൂതങ്ങൾ ഒഴിഞ്ഞുപോയി. എന്നാൽ യേശു അവയെ ശാസിച്ചു. അവിടുന്നു ക്രിസ്തുതന്നെയാണെന്നു ദുഷ്ടാത്മാക്കൾക്കു ബോധ്യപ്പെട്ടതിനാൽ സംസാരിക്കുവാൻ അവരെ അവിടുന്ന് അനുവദിച്ചില്ല. പിറ്റേദിവസം പ്രഭാതമായപ്പോൾ യേശു ഒരു വിജനസ്ഥലത്തേക്കു പോയി. ജനങ്ങൾ അവിടുത്തെ അന്വേഷിച്ചു പുറപ്പെട്ടു. കണ്ടെത്തിയപ്പോൾ തങ്ങളെ വിട്ടുപോകരുതെന്ന് അവർ അവിടുത്തെ നിർബന്ധിച്ചു. അപ്പോൾ അവിടുന്നു പറഞ്ഞു: “ദൈവരാജ്യത്തെപ്പറ്റിയുള്ള സദ്‍വാർത്ത മറ്റുപട്ടണങ്ങളിലും എനിക്കു അറിയിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണല്ലോ ദൈവം എന്നെ അയച്ചിരിക്കുന്നത്.” അങ്ങനെ ആ നാട്ടിലെങ്ങുമുള്ള സുനഗോഗുകളിൽ യേശു പ്രഭാഷണം നടത്തിവന്നു.

LUKA 4 വായിക്കുക