ഹേരോദാ അന്തിപ്പാസ് ഗലീലയിലെയും അദ്ദേഹത്തിന്റെ സഹോദരൻ ഫീലിപ്പോസ് ഇതൂര്യ ത്രഖോനിത്തിയിലെയും ലൂസാന്യാസ് അബിലേനയിലെയും സാമന്തരാജാക്കന്മാരും ആയിരുന്നു. അന്നത്തെ മഹാപുരോഹിതന്മാർ ഹന്നാസും കയ്യഫാസുമായിരുന്നു. യോഹന്നാൻ യോർദ്ദാൻനദിയുടെ പരിസരപ്രദേശങ്ങളിലെല്ലാം സഞ്ചരിച്ച് “നിങ്ങളുടെ പാപങ്ങളിൽനിന്നു പിന്തിരിയുക, സ്നാപനം സ്വീകരിക്കുക; അപ്പോൾ ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കും” എന്നു പ്രഖ്യാപനം ചെയ്തു. വിജനപ്രദേശത്ത് ഒരാൾ വിളിച്ചുപറയുന്നു: ‘ദൈവത്തിനുവേണ്ടി വഴി ഒരുക്കുക; അവിടുത്തെ പാത നേരെയാക്കുക. എല്ലാ താഴ്‌വരകളും നികത്തപ്പെടണം; എല്ലാ കുന്നുകളും മലകളും നിരത്തുകയും, വളഞ്ഞ വഴികളെല്ലാം നേരെയാക്കുകയും, പരുക്കൻ പാതകളെല്ലാം സുഗമമാക്കിത്തീർക്കുകയും വേണം. അങ്ങനെ ദൈവത്തിന്റെ രക്ഷ മനുഷ്യവർഗം മുഴുവനും ദർശിക്കും’ എന്ന് യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ടല്ലോ. തന്നിൽനിന്നു സ്നാപനം സ്വീകരിക്കുവാൻ വന്ന ജനസഞ്ചയത്തോട് അദ്ദേഹം പറഞ്ഞു: “സർപ്പസന്തതികളേ, വരുവാനുള്ള ശിക്ഷാവിധിയിൽനിന്ന് ഓടി രക്ഷപെടുവാൻ നിങ്ങൾക്ക് ബുദ്ധി ഉപദേശിച്ചത് ആരാണ്? അബ്രഹാം ഞങ്ങളുടെ പൂർവപിതാവാണ് എന്നു സ്വയം അഭിമാനിക്കാതെ പാപത്തിൽനിന്നു പിന്തിരിഞ്ഞു എന്നു തെളിയിക്കുന്ന പ്രവൃത്തികൾ ചെയ്യുക. ഈ കല്ലുകളിൽനിന്നുപോലും അബ്രഹാമിനുവേണ്ടി സന്തതികളെ ഉത്പാദിപ്പിക്കുവാൻ ദൈവത്തിനു കഴിയും. ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ ചുവട്ടിൽ കോടാലി വച്ചുകഴിഞ്ഞിരിക്കുന്നു. നല്ല ഫലം കായ്‍ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലിട്ടു കളയും.” അപ്പോൾ ജനം അദ്ദേഹത്തോട്: “ഞങ്ങൾ എന്തു ചെയ്യണം?” എന്നു ചോദിച്ചു. യോഹന്നാൻ പ്രതിവചിച്ചു: “രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവനു പങ്കുവയ്‍ക്കുക. ആഹാരസാധനങ്ങളുള്ളവരും അങ്ങനെതന്നെ ചെയ്യണം.” ചുങ്കം പിരിക്കുന്നവരിൽ ചിലരും സ്നാപനം ഏല്‌ക്കുവാൻ വന്നു. അവർ ചോദിച്ചു: “ഞങ്ങൾ ചെയ്യേണ്ടത് എന്താണ്?” യോഹന്നാൻ പറഞ്ഞു: “നിങ്ങൾ നിശ്ചിത നിരക്കിൽ കൂടുതൽ നികുതി ഈടാക്കരുത്.” പടയാളികളും തങ്ങൾ എന്തു ചെയ്യണമെന്ന് അദ്ദേഹത്തോടു ചോദിച്ചു. “ബലാൽക്കാരേണയോ, സത്യവിരുദ്ധമായി കുറ്റം ആരോപിച്ചോ, ആരുടെയും മുതൽ അപഹരിക്കരുത്. നിങ്ങളുടെ വേതനംകൊണ്ടു തൃപ്തിപ്പെടുക” എന്ന് അദ്ദേഹം മറുപടി നല്‌കി. വീണ്ടെടുപ്പിനുവേണ്ടി കാത്തിരുന്ന ജനങ്ങൾ യോഹന്നാനെക്കുറിച്ച് “ഒരുവേള ഇദ്ദേഹം ക്രിസ്തു ആയിരിക്കുമോ?” എന്നു സ്വയം ചോദിച്ചു. യോഹന്നാനാകട്ടെ ഇങ്ങനെ പറഞ്ഞു: “ഞാൻ വെള്ളംകൊണ്ടാണു നിങ്ങളെ സ്നാപനം ചെയ്യുന്നത്; എന്നാൽ എന്നെക്കാൾ ബലമേറിയ ഒരുവൻ വന്നു നിങ്ങളെ പരിശുദ്ധാത്മാവിലും അഗ്നിയിലും സ്നാപനം ചെയ്യും. അവിടുത്തെ ചെരുപ്പിന്റെ വാറ് അഴിക്കുന്ന അടിമയുടെ യോഗ്യതപോലും എനിക്കില്ല. അവിടുത്തെ കൈയിൽ വീശുമുറം ഉണ്ട്; കളം വെടിപ്പാക്കി, നല്ല കോതമ്പ് അറപ്പുരയിൽ സംഭരിക്കുകയും പതിര് കെടാത്ത തീയിലിട്ടു ചുട്ടുകളയുകയും ചെയ്യും.” ഇങ്ങനെയുള്ള ഒട്ടേറെ പ്രബോധനങ്ങൾ നല്‌കിക്കൊണ്ടു യോഹന്നാൻ സുവിശേഷം പ്രസംഗിച്ചു. സാമന്തരാജാവായ ഹേരോദാ സഹോദരഭാര്യയായ ഹേരോദ്യയുമായി അവിഹിതബന്ധം പുലർത്തുകയും മറ്റു പല അധർമങ്ങളിലും ഏർപ്പെടുകയും ചെയ്തിരുന്നതുകൊണ്ട് യോഹന്നാൻ അദ്ദേഹത്തെ കഠിനമായി ശാസിച്ചു. ഹേരോദാ എല്ലാ അധർമങ്ങളും ചെയ്തതിനു പുറമേ യോഹന്നാനെ കാരാഗൃഹത്തിലാക്കുകയും ചെയ്തു. ജനങ്ങളെല്ലാം സ്നാപനമേറ്റപ്പോൾ യേശുവും സ്നാപനം സ്വീകരിച്ചു. യേശു പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ സ്വർഗം തുറന്നു. പരിശുദ്ധാത്മാവു പ്രാവിന്റെ രൂപത്തിൽ അവിടുത്തെമേൽ ഇറങ്ങിവന്നു. സ്വർഗത്തിൽനിന്ന് “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നൊരു അശരീരിയും ഉണ്ടായി.
LUKA 3 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: LUKA 3:2-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ