യേശു അവരോടു ചോദിച്ചു: “നിങ്ങൾ നടക്കുന്നതിനിടയിൽ പരസ്പരം പറയുന്ന കാര്യങ്ങൾ എന്താണ്?” അവർ വിഷാദത്തിൽ മുഴുകി നിശ്ചലരായി നിന്നു. അവരിൽ ക്ലെയോപ്പാവ് എന്നയാൾ അവിടുത്തോടു ചോദിച്ചു: “ഇക്കഴിഞ്ഞ ദിവസങ്ങളിൽ യെരൂശലേമിൽ നടന്ന സംഭവങ്ങളെക്കുറിച്ച് അവിടെ നിവസിക്കുന്നവരിൽ താങ്കൾക്കുമാത്രം അറിവില്ലെന്നോ?” “എന്തു സംഭവങ്ങൾ?” യേശു വീണ്ടും ചോദിച്ചു. അവർ ഉത്തരം നല്‌കി: “നസറായനായ യേശുവിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ തന്നെ. ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പിൽ വാക്കിലും പ്രവൃത്തിയിലും അസാമാന്യമായ ശക്തിയുള്ള പ്രവാചകനായിരുന്നു യേശു. നമ്മുടെ പുരോഹിതമുഖ്യന്മാരും ജനപ്രമാണിമാരും അവിടുത്തെ വധശിക്ഷയ്‍ക്ക് ഏല്പിച്ചു കൊടുക്കുകയും കുരിശിൽ തറച്ചുകൊല്ലുകയും ചെയ്തു. ഇസ്രായേൽജനതയെ വീണ്ടെടുക്കുവാനുള്ളവൻ അദ്ദേഹം ആണെന്നത്രേ ഞങ്ങൾ പ്രത്യാശിച്ചിരുന്നത്. മാത്രമല്ല, ഇതു സംഭവിച്ചിട്ട് ഇന്നു മൂന്നാം ദിവസമാണ്. ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്‍ത്രീകൾ ഇന്ന് അതിരാവിലെ കല്ലറയുടെ അടുത്തു പോയിരുന്നു. അവിടുത്തെ ശരീരം അവർ അവിടെ കണ്ടില്ല. യേശു ജീവിച്ചിരിക്കുന്നു എന്ന് ദൈവദൂതന്മാർ പ്രത്യക്ഷപ്പെട്ടു തങ്ങളെ അറിയിച്ചതായി ആ സ്‍ത്രീകൾ പറഞ്ഞു. ഇതുകേട്ടപ്പോൾ ഞങ്ങൾ അമ്പരന്നുപോയി. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ചിലർ കല്ലറയുടെ അടുക്കൽ പോയി നോക്കി. ആ സ്‍ത്രീകൾ പറഞ്ഞതുപോലെ യേശുവിനെ അവരും കണ്ടില്ല.” അവിടുന്ന് അവരോടു പറഞ്ഞു: “ഹാ, നിങ്ങൾ ഇത്ര ബുദ്ധിശൂന്യരോ! പ്രവാചകന്മാർ പറഞ്ഞിട്ടുള്ളതെല്ലാം വിശ്വസിക്കുവാൻ കഴിയാതെവണ്ണം നിങ്ങൾ മന്ദബുദ്ധികളായിപ്പോയല്ലോ. ക്രിസ്തു ഇതെല്ലാം സഹിച്ചിട്ട് തന്റെ മഹത്ത്വത്തിൽ പ്രവേശിക്കേണ്ടതല്ലേ?” പിന്നീടു മോശയും സകല പ്രവാചകന്മാരും എഴുതിയിട്ടുള്ള രേഖകൾ ആരംഭംമുതൽ വ്യാഖാനിച്ച് തന്നെപ്പറ്റിയുള്ള വേദലിഖിതങ്ങൾ അവിടുന്ന് അവരെ ബോധ്യപ്പെടുത്തി.
LUKA 24 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: LUKA 24:17-27
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ