പതിവുപോലെ യേശു ഒലിവുമലയിലേക്കു പോയി. ശിഷ്യന്മാരും അവിടുത്തെ അനുഗമിച്ചു, അവിടെ എത്തിയപ്പോൾ യേശു അവരോട് അരുൾചെയ്തു: “പരീക്ഷണത്തിൽ വീണു പോകാതിരിക്കുവാൻ പ്രാർഥിക്കുക.” പിന്നീട് അവരിൽനിന്ന് ഒരു കല്ലേറു ദൂരെ മാറി മുട്ടുകുത്തി അവിടുന്ന് ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, തിരുവിഷ്ടമെങ്കിൽ എന്നിൽനിന്ന് ഈ പാനപാത്രം നീക്കണമേ; എങ്കിലും എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടംതന്നെ പൂർത്തിയാവട്ടെ.” തത്സമയം അവിടുത്തെ ശക്തിപ്പെടുത്തുവാൻ സ്വർഗത്തിൽനിന്ന് ഒരു മാലാഖ പ്രത്യക്ഷനായി. യേശു പ്രാണവേദനയിലായി; കൂടുതൽ വികാരതീക്ഷ്ണതയോടുകൂടി അവിടുന്നു പ്രാർഥിച്ചു. അവിടുത്തെ വിയർപ്പു കനത്ത രക്തത്തുള്ളികൾ കണക്കേ നിലത്ത് ഇറ്റിറ്റു വീണു. പ്രാർഥന കഴിഞ്ഞ് അവിടുന്ന് എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കലേക്കു ചെന്നു. ശിഷ്യന്മാർ ദുഃഖംകൊണ്ടു തളർന്നു കിടന്ന് ഉറങ്ങുന്നതായി യേശു കണ്ടു. യേശു അവരോട്’: “നിങ്ങൾ ഉറങ്ങുന്നത് എന്തുകൊണ്ട്? പരീക്ഷണത്തിൽ വീണുപോകാതിരിക്കുവാൻ ഉണർന്നെഴുന്നേറ്റു പ്രാർഥിക്കുക” എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ ഒരു ജനസഞ്ചയം അവിടെയെത്തി. പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദാസാണ് അവരെ നയിച്ചിരുന്നത്. യൂദാസ് യേശുവിനെ ചുംബിക്കുവാൻ അടുത്തുചെന്നു. അവിടുന്നു ചോദിച്ചു: “യൂദാസേ, ചുംബനം കൊണ്ടാണോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?” എന്താണു സംഭവിക്കുവാൻ പോകുന്നതെന്ന് യേശുവിന്റെ കൂടെയുണ്ടായിരുന്നവർ മനസ്സിലാക്കിക്കൊണ്ട്: “കർത്താവേ, ഞങ്ങൾ വാളെടുത്തു വെട്ടട്ടെയോ?” എന്നു ചോദിച്ചു. അവരിലൊരാൾ മഹാപുരോഹിതന്റെ ഭൃത്യനെ വെട്ടി അവന്റെ വലത്തുകാതു ഛേദിച്ചുകളഞ്ഞു. ‘നിറുത്തൂ! അതു പാടില്ല; അവരുടെ ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് ആ ഭൃത്യന്റെ കാത് യേശു തൊട്ടു സുഖപ്പെടുത്തി. തനിക്കെതിരെ വന്ന പുരോഹിതമുഖ്യന്മാരോടും ദേവാലയത്തിലെ കാവൽപ്പടയുടെ തലവന്മാരോടും ജനപ്രമാണിമാരോടും യേശു ചോദിച്ചു: “ഒരു കൊള്ളക്കാരനെ പിടിക്കുവാനെന്നപോലെ, നിങ്ങൾ വാളും വടിയുമായി എന്റെ അടുക്കൽ വന്നിരിക്കുകയാണോ? നിങ്ങളോടുകൂടി ദിനംതോറും ഞാൻ ദേവാലയത്തിൽ ഉണ്ടായിരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. ഇരുളിന്റെ അധികാരം നടമാടുന്ന ഈ സമയം നിങ്ങൾക്കു പ്രവർത്തിക്കുവാനുള്ള അവസരമാണ്.” അവർ യേശുവിനെ ബന്ധനസ്ഥനാക്കി മഹാപുരോഹിതന്റെ വസതിയിലേക്കു കൊണ്ടുപോയി. പത്രോസ് കുറെ അകലെ മാറി പിന്നാലെ ചെന്നു. കുറെപേർ നടുമുറ്റത്തു തീ കാഞ്ഞുകൊണ്ടിരുന്നു. പത്രോസും ചെന്ന് അവരുടെ ഇടയിൽ ഇരുന്നു. അദ്ദേഹം ഇരിക്കുന്നത് തീയുടെ വെളിച്ചത്തിൽ ഒരു പരിചാരിക കണ്ടു. അവൾ പത്രോസിനെ സൂക്ഷിച്ചു നോക്കിക്കൊണ്ട് “ഇയാളും യേശുവിന്റെ കൂടെയുണ്ടായിരുന്ന ആളാണല്ലോ” എന്നു പറഞ്ഞു. “ഹേ, സ്‍ത്രീയേ; എനിക്ക് അദ്ദേഹത്തെ അറിഞ്ഞുകൂടാ” എന്നു പത്രോസ് തള്ളിപ്പറഞ്ഞു. കുറെ കഴിഞ്ഞു മറ്റൊരാൾ പത്രോസിനെ കണ്ടു. “നിങ്ങളും യേശുവിന്റെ കൂടെയുണ്ടായിരുന്നവരിൽ ഒരാളാണല്ലോ” എന്നു പറഞ്ഞു. “ഹേ, മനുഷ്യാ; അതു ഞാനല്ല” എന്നു പത്രോസ് പറഞ്ഞു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വേറൊരാൾ തറപ്പിച്ചു പറഞ്ഞു: “ഈ മനുഷ്യൻ തീർച്ചയായും അയാളുടെ ശിഷ്യന്മാരിൽ ഒരാൾ തന്നേ! ഇയാളും ഗലീലക്കാരനാണല്ലോ.” അപ്പോൾ പത്രോസ്, “ഹേ മനുഷ്യാ, താങ്കൾ പറയുന്നത് എന്തെന്നു എനിക്കു മനസ്സിലാകുന്നില്ല!” എന്നു പറഞ്ഞു. ഇങ്ങനെ പറയുമ്പോൾത്തന്നെ കോഴി കൂകി. അപ്പോൾ യേശു തിരിഞ്ഞു പത്രോസിനെ സൂക്ഷിച്ചുനോക്കി. “ഇന്നു കോഴി കൂകുന്നതിനു മുമ്പ് നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും” എന്ന അവിടുത്തെ വാക്കുകൾ ഓർത്ത് പത്രോസ് പുറത്തുപോയി തീവ്രമായ ദുഃഖത്തോടുകൂടി കരഞ്ഞു.
LUKA 22 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: LUKA 22:39-62
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ