LUKA 22:1-30

LUKA 22:1-30 MALCLBSI

പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം സമീപിച്ചു. മുഖ്യ പുരോഹിതന്മാരും മതപണ്ഡിതന്മാരും പൊതുജനങ്ങളെ ഭയപ്പെട്ടിരുന്നതുകൊണ്ട് യേശുവിന്റെ കഥകഴിക്കേണ്ടത് എങ്ങനെയെന്ന് ആരാഞ്ഞുകൊണ്ടിരുന്നു. പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദാസ് ഈസ്കരിയോത്തിൽ സാത്താൻ പ്രവേശിച്ചു. അയാൾ പോയി പുരോഹിതമുഖ്യന്മാരോടും ദേവാലയത്തിലെ പടത്തലവന്മാരോടും യേശുവിനെ അവർക്ക് ഒറ്റിക്കൊടുക്കുവാനുള്ള ഉപായത്തെക്കുറിച്ച് കൂടിയാലോചന നടത്തി. അവർ സന്തോഷഭരിതരായി, അയാൾക്കു പണം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. യൂദാസ് അവർക്കു വാക്കുകൊടുക്കുകയും ചെയ്തു. ആളുകൾ കൂടെയില്ലാത്ത അവസരത്തിൽ യേശുവിനെ ഒറ്റിക്കൊടുക്കുവാൻ അയാൾ തക്കം അന്വേഷിച്ചുകൊണ്ടിരുന്നു. പെസഹാകുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ വന്നുചേർന്നു. “നിങ്ങൾ പോയി നമുക്കു ഭക്ഷിക്കുവാനുള്ള പെസഹ ഒരുക്കുക” എന്നു പറഞ്ഞ് യേശു പത്രോസിനെയും യോഹന്നാനെയും അയച്ചു. “ഞങ്ങൾ എവിടെ പെസഹ ഒരുക്കണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?” എന്ന് അവർ ചോദിച്ചു. യേശു അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ നഗരത്തിൽ പ്രവേശിക്കുമ്പോൾ ഒരു കുടത്തിൽ വെള്ളം ചുമന്നുകൊണ്ടു വരുന്ന ഒരാൾ നിങ്ങളെ കണ്ടുമുട്ടും. അയാളെ അനുഗമിച്ച് അയാൾ പ്രവേശിക്കുന്ന വീട്ടിൽ ചെന്ന് ‘എന്റെ ശിഷ്യന്മാരോടുകൂടി പെസഹ കഴിക്കുന്നതിനുള്ള ഭോജനശാല എവിടെ എന്നു ഗുരു ചോദിക്കുന്നു’ എന്ന് ആ ഗൃഹനാഥനോടു പറയണം. വിരിച്ചൊരുക്കിയ വിശാലമായ ഒരു മാളികമുറി അയാൾ കാണിച്ചുതരും; അവിടെ നിങ്ങൾ ഒരുക്കുക.” അവർ പോയി യേശു തങ്ങളോടു പറഞ്ഞപ്രകാരം കണ്ടു പെസഹ ഒരുക്കി. സമയമായപ്പോൾ യേശു ഭക്ഷണം കഴിക്കാനിരുന്നു. അവിടുത്തോടൊപ്പം അപ്പോസ്തോലന്മാരും ഇരുന്നു. അവിടുന്ന് അവരോട് അരുൾചെയ്തു: “എന്റെ പീഡാനുഭവത്തിനുമുമ്പ് നിങ്ങളോടുകൂടി ഈ പെസഹ ഭക്ഷിക്കുവാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. ദൈവരാജ്യത്തിൽ ഇതിന്റെ പൂർത്തീകരണം ഉണ്ടാകുന്നതുവരെ ഇനിമേൽ ഞാൻ ഇതു ഭക്ഷിക്കുകയില്ല എന്നു നിങ്ങളോടു പറയുന്നു.” അനന്തരം അവിടുന്നു പാനപാത്രമെടുത്തു സ്തോത്രം ചെയ്തശേഷം “ഇതെടുത്തു നിങ്ങൾ അന്യോന്യം പങ്കിടുക; ദൈവരാജ്യം വരുന്നതുവരെ ഇനിമേൽ മുന്തിരിയുടെ ഫലത്തിൽനിന്ന് ഞാൻ പാനം ചെയ്യുകയില്ല” എന്നു പറഞ്ഞു. പിന്നീട് അപ്പം എടുത്തു സ്തോത്രം ചെയ്തു മുറിച്ച് അവർക്കു കൊടുത്തുകൊണ്ട് പറഞ്ഞു: “ഇതു നിങ്ങൾക്കുവേണ്ടി നല്‌കപ്പെടുന്ന എന്റെ ശരീരം; എന്റെ ഓർമയ്‍ക്കായി ഇത് അനുഷ്ഠിക്കുക!” അങ്ങനെതന്നെ അത്താഴം കഴിഞ്ഞു പാനപാത്രം എടുത്തു കൊടുത്തുകൊണ്ട് അരുൾചെയ്തു: “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയുന്ന എന്റെ രക്തത്താൽ ഉറപ്പിക്കപ്പെടുന്ന ദൈവത്തിന്റെ പുതിയ ഉടമ്പടിയാകുന്നു.” “എന്നാൽ എന്നെ ഒറ്റിക്കൊടുക്കുന്നവൻ എന്നോടുകൂടി ഈ മേശയ്‍ക്കരികിൽത്തന്നെ ഉണ്ട്. ദൈവം നിശ്ചയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രൻ കടന്നുപോകുന്നു; പക്ഷേ, അവനെ ഒറ്റിക്കൊടുക്കുന്ന ആ മനുഷ്യന് ഹാ കഷ്ടം.” അപ്പോൾ തങ്ങളിൽ ആരായിരിക്കും ഇതു ചെയ്യുവാൻ പോകുന്നതെന്ന് അവർ അന്യോന്യം ചോദിച്ചുതുടങ്ങി. തങ്ങളിൽ ആരെയാണ് ഏറ്റവും ശ്രേഷ്ഠനായി കരുതേണ്ടത് എന്നതിനെച്ചൊല്ലി ശിഷ്യന്മാരുടെ ഇടയിൽ ഒരു തർക്കമുണ്ടായി; യേശു അവരോടു പറഞ്ഞു: “വിജാതീയരുടെ രാജാക്കന്മാർ അവരുടെമേൽ ആധിപത്യം പുലർത്തുന്നു; അധികാരികൾ ‘അന്നദാതാക്കൾ’ എന്നു വിളിക്കപ്പെടുകയും ചെയ്യുന്നു; നിങ്ങളാകട്ടെ അങ്ങനെ അല്ല; നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും ചെറിയവനെപ്പോലെയും അധികാരി പരിചാരകനെപ്പോലെയും ആയിത്തീരട്ടെ. ഭക്ഷണത്തിനിരിക്കുന്നവനോ, പരിചാരകനോ, ആരാണു വലിയവൻ? ഭക്ഷണത്തിനിരിക്കുന്നവനല്ലേ? ഞാൻ നിങ്ങളുടെ ഇടയിൽ ഒരു പരിചാരകനെപ്പോലെയാണല്ലോ വർത്തിച്ചിട്ടുള്ളത്. എനിക്കുണ്ടായ പരിശോധനകളിൽ എന്നോടുകൂടി സുസ്ഥിരമായി നിന്നവരാണു നിങ്ങൾ; എന്റെ പിതാവു രാജ്യത്തിന്റെ അധികാരം നല്‌കി എന്നെ നിയമിച്ചതുപോലെ ഞാൻ നിങ്ങളെയും നിയമിക്കുന്നു. നിങ്ങൾ എന്റെ രാജ്യത്തിൽ എന്നോടൊന്നിച്ചു ഭക്ഷിക്കുകയും പാനം ചെയ്യുകയും പന്ത്രണ്ട് ഇസ്രായേൽ ഗോത്രങ്ങളുടെ ന്യായാധിപന്മാരായി സിംഹാസനങ്ങളിൽ ഇരിക്കുകയും ചെയ്യും.

LUKA 22 വായിക്കുക