അയാളുടെ ദുഃഖഭാവം കണ്ടിട്ട് യേശു പറഞ്ഞു: “ധനികന്മാർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് എത്ര ദുഷ്കരം! ധനവാൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിൽക്കൂടി കടക്കുന്നതായിരിക്കും.” ഇതു കേട്ടവർ പറഞ്ഞു: “അങ്ങനെയാണെങ്കിൽ രക്ഷപെടുവാൻ ആർക്കു കഴിയും?” എന്നാൽ യേശു അരുൾചെയ്തു: “മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സുസാധ്യമത്രേ.” അപ്പോൾ പത്രോസ്, “ഞങ്ങൾ സർവസ്വവും ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചവരാണല്ലോ” എന്നു പറഞ്ഞു. യേശു അവരോട്, “ദൈവരാജ്യത്തിനുവേണ്ടി സ്വഭവനത്തെയോ, ഭാര്യയെയോ, സഹോദരന്മാരെയോ, മാതാപിതാക്കളെയോ, മക്കളെയോ പരിത്യജിക്കുന്ന ഏതൊരുവനും ഐഹിക ജീവിതകാലത്തുതന്നെ അനേകമടങ്ങു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല; വരുവാനുള്ള ലോകത്തിൽ നിത്യജീവനും ലഭിക്കും എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു’ എന്നു പറഞ്ഞു. യേശു പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ചു മാറ്റിനിർത്തി അവരോട് അരുൾചെയ്തു: “നാം യെരൂശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിട്ടുള്ളതെല്ലാം നിറവേറും. അവനെ വിജാതീയർക്ക് ഏല്പിച്ചുകൊടുക്കും. അവർ അവനെ പരിഹസിക്കുകയും നിന്ദിക്കുകയും തുപ്പുകയും ചാട്ടവാറുകൊണ്ട് അടിക്കുകയും കൊല്ലുകയും ചെയ്യും. എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേല്‌ക്കും.” പക്ഷേ, ശിഷ്യന്മാർക്ക് ഈ പറഞ്ഞതൊന്നും മനസ്സിലായില്ല. യേശുവിന്റെ വാക്കുകളുടെ പൊരുൾ അവർക്കു അവ്യക്തമായിരുന്നതുകൊണ്ടാണു യേശു പറഞ്ഞതു ഗ്രഹിക്കാഞ്ഞത്. യേശു യെരിഹോവിനോടു സമീപിച്ചു. അന്ധനായ ഒരു മനുഷ്യൻ വഴിയരികിൽ ഭിക്ഷയാചിച്ചുകൊണ്ടിരുന്നു. ആൾക്കൂട്ടം കടന്നുപോകുന്ന ശബ്ദം കേട്ടപ്പോൾ അതെന്താണെന്ന് അയാൾ അന്വേഷിച്ചു. “നസറായനായ യേശു കടന്നുപോകുന്നു” എന്ന് ആളുകൾ പറഞ്ഞു. “ദാവീദിന്റെ പുത്രനായ യേശുവേ, ഇയ്യുള്ളവനോടു കരുണയുണ്ടാകണമേ” എന്ന് അയാൾ നിലവിളിച്ചു പറഞ്ഞു. “മിണ്ടരുത്” എന്നു പറഞ്ഞ് മുമ്പിൽ പോയവർ അയാളെ ശകാരിച്ചു. അയാളാകട്ടെ കൂടുതൽ ഉച്ചത്തിൽ “ദാവീദിന്റെ പുത്രാ എന്നോടു കനിവുണ്ടാകണമേ” എന്നു പിന്നെയും നിലവിളിച്ചു. യേശു അവിടെ നിന്നു; ആ അന്ധനെ അടുത്തു കൊണ്ടുചെല്ലുവാൻ ആജ്ഞാപിച്ചു. അയാൾ അടുത്തുചെന്നപ്പോൾ “ഞാനെന്താണു നിനക്കു ചെയ്തുതരേണ്ടത്?” എന്ന് യേശു ചോദിച്ചു. “നാഥാ, എനിക്കു കാഴ്ച തിരിച്ചുകിട്ടണം” എന്ന് അയാൾ മറുപടി പറഞ്ഞു. യേശു അന്ധനോട്, “കാഴ്ചപ്രാപിക്കുക; നിന്റെ വിശ്വാസം നിനക്കു സൗഖ്യം നല്‌കിയിരിക്കുന്നു” എന്നു പറഞ്ഞു. തൽക്ഷണം അയാൾക്ക് വീണ്ടും കാഴ്ച ലഭിച്ചു. അയാൾ ദൈവത്തെ സ്തുതിച്ചുകൊണ്ട് യേശുവിനെ അനുഗമിച്ചു. ഈ സംഭവത്തിനു സാക്ഷ്യം വഹിച്ച എല്ലാവരും ദൈവത്തെ പുകഴ്ത്തി.
LUKA 18 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: LUKA 18:24-43
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ