LUKA 14:15-27

LUKA 14:15-27 MALCLBSI

യേശുവിനോടുകൂടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരിൽ ഒരാൾ ഇതു കേട്ടിട്ടു പറഞ്ഞു: “ദൈവരാജ്യത്തിലെ വിരുന്നിൽ സംബന്ധിക്കുന്നവൻ ധന്യനാകുന്നു.” അപ്പോൾ യേശു പറഞ്ഞു: “ഒരാൾ ഒരു വലിയ വിരുന്നൊരുക്കി; അനേകം അതിഥികളെ ക്ഷണിക്കുകയും ചെയ്തു. വിരുന്നിന്റെ സമയമായപ്പോൾ ക്ഷണിക്കപ്പെട്ടവരോട്: വരിക, എല്ലാം തയ്യാറായിരിക്കുന്നു എന്നു പറയുന്നതിന് അയാൾ തന്റെ ഭൃത്യനെ അയച്ചു. എന്നാൽ അവർ എല്ലാവരും ഓരോ ഒഴികഴിവു പറഞ്ഞുതുടങ്ങി. ഒന്നാമത്തെയാൾ ‘ഞാനൊരു നിലം വാങ്ങിയിട്ടുണ്ട്, എനിക്കുപോയി അതൊന്നു നോക്കേണ്ടിയിരിക്കുന്നു; എന്നോട് സദയം ക്ഷമിക്കുക’ എന്നു പറഞ്ഞു. മറ്റൊരാൾ പറഞ്ഞത്, ‘ഞാൻ അഞ്ചു ജോടി കാളയെ വാങ്ങിയിട്ടുണ്ട്, എനിക്കു പോയി അവയെ ഒന്നു തെളിച്ചു നോക്കണം; സദയം എന്നെ ഒഴിവാക്കുക’ എന്നായിരുന്നു. വേറൊരാൾ പറഞ്ഞു: ‘എന്റെ വിവാഹം കഴിഞ്ഞതേയുള്ളൂ; എനിക്കു വരാൻ നിവൃത്തിയില്ല.’ “ആ ഭൃത്യൻ വന്ന് അവർ പറഞ്ഞ ഒഴികഴിവുകൾ യജമാനനെ അറിയിച്ചു. അതുകേട്ട് കുപിതനായിത്തീർന്ന ഗൃഹനാഥൻ വീണ്ടും ഭൃത്യനോട് ആജ്ഞാപിച്ചു: ‘നീ വേഗം പോയി നഗരത്തിലെ തെരുവീഥികളിലും ഇടവഴികളിലും കാണുന്ന ദരിദ്രരെയും അംഗഹീനരെയും മുടന്തരെയും അന്ധന്മാരെയുമെല്ലാം വിളിച്ച് അകത്തു കൊണ്ടുവരിക.” “പിന്നെയും ഭൃത്യൻ വന്ന്, ‘പ്രഭോ, അങ്ങു കല്പിച്ചതുപോലെ ചെയ്തു; എന്നാൽ ഇനിയും സ്ഥലമുണ്ട്’ എന്നു പറഞ്ഞു. ‘നീ പോയി പെരുവഴികളിലും വേലിയരികിലും കാണുന്നവരെ സ്നേഹപൂർവം നിർബന്ധിച്ച് കൂട്ടിക്കൊണ്ടുവന്ന് എന്റെ വീടു നിറയ്‍ക്കുക. ആദ്യം ക്ഷണിക്കപ്പെട്ടവരിൽ ആരും എന്റെ വിരുന്നിന്റെ സ്വാദ് അറിയുകയില്ല, എന്നു ഞാൻ നിങ്ങളോടു പറയുന്നു’ എന്നു യജമാനൻ പറഞ്ഞു.” ഒരു വലിയ ജനസഞ്ചയം യേശുവിന്റെ കൂടെ സഞ്ചരിച്ചിരുന്നു. അവിടുന്ന് അവരുടെ നേരെ തിരിഞ്ഞ് അരുൾചെയ്തു: “എന്നെ അനുഗമിക്കുന്ന ഒരാൾ തന്റെ മാതാവിനെയോ, പിതാവിനെയോ, ഭാര്യയെയോ, മക്കളെയോ, സഹോദരന്മാരെയോ, സഹോദരികളെയോ, എന്നല്ല സ്വന്തം ജീവനെപ്പോലുമോ എന്നെക്കാൾ അധികമായി സ്നേഹിക്കുന്നുവെങ്കിൽ അയാൾക്ക് എന്റെ ശിഷ്യനായിരിക്കുവാൻ സാധ്യമല്ല. തന്റെ കുരിശു ചുമന്നുകൊണ്ട് എന്നെ അനുഗമിക്കാത്തവനും എന്റെ ശിഷ്യനായിരിക്കുവാൻ സാധ്യമല്ല.

LUKA 14 വായിക്കുക