LUKA 13:23-35

LUKA 13:23-35 MALCLBSI

ഒരാൾ അവിടുത്തോട് ചോദിച്ചു: “ഗുരോ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?” യേശു അവരോടു പറഞ്ഞു: “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാൻ തീവ്രയത്നം ചെയ്യുക. പലരും അതിനുവേണ്ടി പരിശ്രമിക്കുമെങ്കിലും സാധിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഗൃഹനാഥൻ എഴുന്നേറ്റു വാതിൽ അടച്ചുകഴിയുമ്പോൾ ‘യജമാനനേ വാതിൽ തുറന്നുതരണേ’ എന്നു പറഞ്ഞുകൊണ്ടു നിങ്ങൾ മുട്ടിത്തുടങ്ങും. അപ്പോൾ ‘നിങ്ങൾ എവിടെനിന്നു വരുന്നു? എനിക്ക് അറിഞ്ഞുകൂടല്ലോ!’ എന്നു ഗൃഹനാഥൻ നിങ്ങളോട് ഉത്തരം പറയും. ‘അങ്ങയുടെകൂടെ ഞങ്ങൾ ഭക്ഷണം കഴിച്ചിട്ടുണ്ടല്ലോ; തെരുവീഥികളിൽവച്ച് അങ്ങു ഞങ്ങളെ പഠിപ്പിച്ചില്ലേ?’ എന്നിങ്ങനെ നിങ്ങൾ പറഞ്ഞു തുടങ്ങും. എന്നാൽ അപ്പോൾ ഗൃഹനാഥൻ, ‘നിങ്ങൾ എവിടെനിന്നാണു വരുന്നതെന്ന് എനിക്കറിഞ്ഞുകൂടാ; അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകൂ എന്നു ഞാൻ നിങ്ങളോടു പറയുന്നു’ എന്നു പറയും. അബ്രഹാമും ഇസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിലിരിക്കുന്നതും നിങ്ങൾ പുറത്തു തള്ളപ്പെടുന്നതും കാണുമ്പോൾ കരച്ചിലും പല്ലുകടിയും ആയിരിക്കും നിങ്ങളുടെ അനുഭവം. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ആളുകൾ വന്നു ദൈവരാജ്യത്തിൽ വിരുന്നിനിരിക്കും. മുമ്പന്മാരായിത്തീരുന്ന പിമ്പന്മാരും പിമ്പന്മാരായിത്തീരുന്ന മുമ്പന്മാരും ഉണ്ട്.” ആ സമയത്തുതന്നെ ചില പരീശന്മാർ യേശുവിന്റെ അടുക്കൽ വന്ന് “അങ്ങ് ഇവിടംവിട്ടു പോകണം; അന്തിപ്പാസ് ഹേരോദാ അങ്ങയെ കൊല്ലാനിരിക്കുകയാണ്” എന്നു പറഞ്ഞു. യേശു അവരോടു പറഞ്ഞു: “നിങ്ങൾ പോയി ആ കുറുക്കനോടു പറയൂ, ഇന്നും നാളെയും ഞാൻ ഭൂതത്തെ പുറത്താക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്യും. മൂന്നാം ദിവസം എന്റെ പ്രവൃത്തി പൂർത്തിയാക്കും. എന്നിരുന്നാലും ഇന്നും നാളെയും അതിനടുത്ത ദിവസവും ഈ യാത്ര തുടരുകതന്നെ വേണം. യെരൂശലേമിൽവച്ചല്ലാതെ ഒരു പ്രവാചകനും കൊല്ലപ്പെടരുതല്ലോ. “യെരൂശലേമേ, യെരൂശലേമേ! പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർക്കുന്നതുപോലെ നിന്റെ മക്കളെ ചേർക്കുവാൻ ഞാൻ എത്ര തവണ ഇച്ഛിച്ചു! നിനക്കോ അതിനു മനസ്സില്ലാതെപോയി! ഇതാ നിന്റെ ഭവനം പരിത്യജിക്കപ്പെട്ടിരിക്കുന്നു. ‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’ എന്നു നിങ്ങൾ പറയുന്നതുവരെ നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

LUKA 13 വായിക്കുക