LUKA 12:22-34

LUKA 12:22-34 MALCLBSI

യേശു ശിഷ്യന്മാരോട് അരുൾചെയ്തു: “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കുമെന്നോർത്ത് നിന്റെ ജീവനെക്കുറിച്ചോ, എന്തു ധരിക്കുമെന്നോർത്ത് ശരീരത്തെക്കുറിച്ചോ ആകുലചിത്തരാകരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളതാണല്ലോ. കാക്കളെ നോക്കുക; അവ വിതയ്‍ക്കുന്നില്ല, കൊയ്യുന്നുമില്ല; അവയ്‍ക്ക് അറപ്പുരയോ, കളപ്പുരയോ ഇല്ല. എങ്കിലും ദൈവം അവയെ പോറ്റുന്നു. അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! ഉൽക്കണ്ഠാകുലരാകുന്നതുകൊണ്ട് തന്റെ ആയുസ്സിന്റെ ദൈർഘ്യം അല്പമെങ്കിലും കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും? അത്രയും ചെറിയ ഒരു കാര്യത്തിനുപോലും നിങ്ങൾക്കു കഴിവില്ലെങ്കിൽ മറ്റു കാര്യങ്ങളെച്ചൊല്ലി എന്തിന് ആകുലചിത്തരാകുന്നു? കാട്ടുപൂക്കൾ എങ്ങനെ വളരുന്നു എന്ന് ആലോചിച്ചുനോക്കുക. അവ അധ്വാനിക്കുന്നില്ല; നൂൽക്കുന്നതുമില്ല; എങ്കിലും സകല പ്രതാപത്തോടുംകൂടി വാണരുളിയ ശലോമോന്റെ വസ്ത്രങ്ങൾപോലും ഈ പൂക്കളിൽ ഒന്നിനെപ്പോലെ മനോഹരമായിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇന്നു വയലിൽ കാണുന്നെങ്കിലും നാളെ അടുപ്പിൽ വയ്‍ക്കുന്ന പുൽക്കൊടിയെ ദൈവം ഇപ്രകാരം അണിയിക്കുന്നെങ്കിൽ അല്പവിശ്വാസികളേ, അവിടുന്ന് അതിലും എത്ര അധികമായി നിങ്ങളെ അണിയിക്കും. “അതുകൊണ്ട് എന്തു തിന്നും എന്തു കുടിക്കും എന്നു ചിന്തിക്കുകയോ ആകുലചിത്തരാകുകയോ അരുത്. ഈവക കാര്യങ്ങളെല്ലാം ലൗകികമനുഷ്യർ അന്വേഷിക്കുന്നു; എന്നാൽ ഇവ നിങ്ങൾക്ക് ആവശ്യമുണ്ടെന്ന് നിങ്ങളുടെ പിതാവിനറിയാം. അവിടുത്തെ രാജ്യം സാക്ഷാത്കരിക്കുന്നതിനുള്ള കാര്യങ്ങളിൽ നിങ്ങൾ തത്പരരാകുക; അതോടുകൂടി ഇവയും നിങ്ങൾക്കു ലഭിക്കും. “ചെറിയ ആട്ടിൻപറ്റമേ, ഭയപ്പെടേണ്ടാ. തന്റെ രാജ്യം നിങ്ങൾക്കു നല്‌കുവാൻ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു. നിങ്ങളുടെ വസ്തുവകകൾ വിറ്റു ദരിദ്രർക്കു കൊടുക്കുക. അങ്ങനെ ഒരിക്കലും ജീർണിക്കാത്ത പണസഞ്ചിയും അക്ഷയമായ നിക്ഷേപവും സ്വർഗത്തിൽ സൂക്ഷിക്കുക. അവിടെ കള്ളൻ കടക്കുകയില്ല; പുഴു തിന്നു നശിപ്പിക്കുകയുമില്ല. നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരിക്കും നിങ്ങളുടെ സർവ ശ്രദ്ധയും.

LUKA 12 വായിക്കുക