LUKA 1:1-20

LUKA 1:1-20 MALCLBSI

നമ്മുടെ ഇടയിൽ നടന്നിട്ടുള്ള സംഭവങ്ങൾ രേഖപ്പെടുത്തുവാൻ പലരും പരിശ്രമിച്ചിട്ടുണ്ട്. ആദിമുതല്‌ക്കേ ദൃക്സാക്ഷികളായ സുവിശേഷപ്രചാരകർ നമുക്കു പറഞ്ഞുതന്നിട്ടുള്ള വിവരങ്ങളാണ് അവർ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രസ്തുത സംഭവങ്ങളെല്ലാം ആരംഭംമുതൽ ഞാൻ ശ്രദ്ധാപൂർവം പഠിച്ചുകഴിഞ്ഞിരിക്കുന്നു. അവ യഥാക്രമം താങ്കൾക്ക് എഴുതുന്നതു നല്ലതാണെന്ന് എനിക്കും തോന്നി. അതുകൊണ്ടു താങ്കളെ പ്രബോധിപ്പിച്ചിട്ടുള്ള കാര്യങ്ങളുടെ സത്യാവസ്ഥ പൂർണമായി ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ഞാൻ ഇതെഴുതുന്നു. യെഹൂദ്യയിലെ രാജാവായ ഹേരോദായുടെ ഭരണകാലത്തു സഖറിയാ എന്നൊരു പുരോഹിതനുണ്ടായിരുന്നു. അബിയാ എന്ന പുരോഹിതവിഭാഗത്തിൽപെട്ടവനായിരുന്നു സഖറിയാ. അദ്ദേഹത്തിന്റെ ഭാര്യ എലിസബെത്തും പുരോഹിതനായ അഹരോന്റെ വംശജയായിരുന്നു. അവരിരുവരും ദൈവമുമ്പാകെ നീതിനിഷ്ഠരായി, ദൈവത്തിന്റെ എല്ലാ കല്പനകളും അനുശാസനങ്ങളും അനുസരിച്ചു കുറ്റമറ്റവരായി ജീവിച്ചിരുന്നു. എങ്കിലും എലിസബെത്തു വന്ധ്യ ആയിരുന്നതിനാൽ അവർക്കു സന്താനസൗഭാഗ്യം ലഭിച്ചിരുന്നില്ല. അവരിരുവരും വയോവൃദ്ധരുമായിരുന്നു. ഒരിക്കൽ സഖറിയാ ഉൾപ്പെട്ട പുരോഹിത വിഭാഗത്തിനു ദേവാലയത്തിൽ ശുശ്രൂഷ ചെയ്യുന്നതിനുള്ള തവണ വന്നു. അന്നത്തെ പൗരോഹിത്യാചാരപ്രകാരം ദേവാലയത്തിലെ വിശുദ്ധസ്ഥലത്തു പ്രവേശിച്ചു ധൂപം അർപ്പിക്കുന്നതിനുള്ള ആളിനെ നറുക്കിട്ടു തിരഞ്ഞെടുക്കുകയായിരുന്നു പതിവ്. അങ്ങനെ ധൂപാർപ്പണത്തിനായി സഖറിയാ തിരഞ്ഞെടുക്കപ്പെട്ടു. തദനുസരണം ഒരു ദിവസം അദ്ദേഹം ദൈവ സന്നിധിയിൽ ശുശ്രൂഷ ചെയ്യുകയായിരുന്നു. ജനങ്ങൾ എല്ലാവരും അപ്പോൾ വിശുദ്ധസ്ഥലത്തിനു പുറത്തു പ്രാർഥിച്ചുകൊണ്ടിരുന്നു. തത്സമയം ദൈവദൂതൻ ധൂപപീഠത്തിന്റെ വലത്തുഭാഗത്തു പ്രത്യക്ഷനായി. സഖറിയാ പരിഭ്രമിച്ചു ഭയപരവശനായിത്തീർന്നു. അപ്പോൾ മാലാഖ അദ്ദേഹത്തോടു പറഞ്ഞു: “സഖറിയായേ, ഭയപ്പെടേണ്ടാ; ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബെത്ത് ഒരു പുത്രനെ പ്രസവിക്കും. അവനു യോഹന്നാൻ എന്നു പേരിടണം. നിനക്ക് ആനന്ദവും ആഹ്ലാദവും ഉണ്ടാകും. അവന്റെ ജനനത്തിൽ അനവധി ആളുകൾ സന്തോഷിക്കും. എന്തുകൊണ്ടെന്നാൽ കർത്താവിന്റെ ദൃഷ്‍ടിയിൽ അവൻ ശ്രേഷ്ഠനായിരിക്കും. അവൻ വീഞ്ഞോ ലഹരിയുള്ള ഏതെങ്കിലും പാനീയമോ കുടിക്കുകയില്ല. അമ്മയുടെ ഗർഭത്തിൽ വച്ചുതന്നെ അവൻ പരിശുദ്ധാത്മാവുകൊണ്ടു നിറയും. ഇസ്രായേൽജനത്തിൽ പലരെയും ദൈവമായ കർത്താവിന്റെ അടുക്കലേക്ക് അവൻ തിരിച്ചുകൊണ്ടുവരും. അവൻ പിതാക്കന്മാരെയും മക്കളെയും തമ്മിൽ രഞ്ജിപ്പിക്കും; അനുസരണമില്ലാത്തവരെ നീതിനിഷ്ഠയ്‍ക്കു വിധേയരാക്കും; അങ്ങനെ ദൈവത്തിനുവേണ്ടി ഒരു ജനതയെ ഒരുക്കുന്നതിന് അവൻ കർത്താവിന്റെ മുന്നോടിയായി ഏലിയാപ്രവാചകന്റെ വീറോടും ശക്തിയോടുംകൂടി പ്രവർത്തിക്കും.” അപ്പോൾ സഖറിയാ ദൂതനോടു പറഞ്ഞു: “ഞാൻ ഇതെങ്ങനെ ഗ്രഹിക്കും? ഞാനൊരു വൃദ്ധനാണല്ലോ; എന്റെ ഭാര്യയും അങ്ങനെതന്നെ.” ദൂതൻ പ്രതിവചിച്ചു: “ഞാൻ ദൈവസന്നിധിയിൽ നില്‌ക്കുന്ന ഗബ്രിയേലാണ്. ഈ സദ്‍വാർത്ത നിന്നെ അറിയിക്കുന്നതിനു ദൈവം എന്നെ അയച്ചിരിക്കുന്നു. എന്റെ വാക്കുകൾ യഥാകാലം സത്യമാകും. എന്നാൽ നീ ആ വാക്കുകൾ വിശ്വസിക്കാഞ്ഞതിനാൽ ഞാൻ പറഞ്ഞ കാര്യങ്ങൾ സംഭവിക്കുന്നതുവരെ നീ മൂകനായിരിക്കും.”

LUKA 1 വായിക്കുക