ദൈവം മോശയോട് അരുളിച്ചെയ്തു: “എന്റെ വിശുദ്ധനാമം അശുദ്ധമാകാതിരിക്കാൻ ഇസ്രായേൽജനം എനിക്കർപ്പിക്കുന്ന വിശുദ്ധവസ്തുക്കൾ ശുദ്ധമായി കൈകാര്യം ചെയ്യണം എന്ന് അഹരോനോടും പുത്രന്മാരോടും പറയുക. ഞാൻ സർവേശ്വരനാകുന്നു. നിന്റെ പിൻഗാമികളിൽ ആരെങ്കിലും അശുദ്ധനായിരിക്കെ ഇസ്രായേൽജനം സർവേശ്വരനർപ്പിച്ച വിശുദ്ധവസ്തുക്കളെ സമീപിച്ചാൽ അവനെ എന്റെ സന്നിധിയിൽനിന്നു ബഹിഷ്കരിക്കണം. ഞാൻ സർവേശ്വരനാകുന്നു. അഹരോന്റെ വംശത്തിൽപ്പെട്ട ആരെങ്കിലും കുഷ്ഠരോഗത്താലോ, ശുക്ലസ്രവത്താലോ അശുദ്ധനായിത്തീർന്നാൽ വീണ്ടും ശുദ്ധനാകുന്നതുവരെ വിശുദ്ധവസ്തുക്കൾ ഭക്ഷിക്കരുത്. ശവശരീരത്തെയോ, ശുക്ലസ്ഖലനമുള്ളവനെയോ, അശുദ്ധിയുള്ള ഇഴജന്തുവിനെയോ ഏതെങ്കിലുംവിധം അശുദ്ധിയുണ്ടായ മനുഷ്യനെയോ സ്പർശിച്ച് അശുദ്ധനായിത്തീരുന്നവനും സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം. കുളിച്ചു ശുദ്ധനായതിനു ശേഷമേ വിശുദ്ധവസ്തുക്കൾ ഭക്ഷിക്കാവൂ. സന്ധ്യയാകുമ്പോൾ അവൻ ശുദ്ധനായിരിക്കും. പിന്നീട് അവനു വിശുദ്ധഭോജനം കഴിക്കാം. അത് അവന്റെ ആഹാരമാണല്ലോ. ചത്തതോ മറ്റു മൃഗങ്ങൾ കടിച്ചു കീറി കൊന്നതോ ആയ മൃഗത്തിന്റെ മാംസം ഭക്ഷിച്ച് അശുദ്ധനാകരുത്. ഞാൻ സർവേശ്വരനാകുന്നു. അവർ എന്റെ കല്പനകൾ പാലിക്കണം; അവ ലംഘിച്ചു നിന്ദിച്ചാൽ അതു മാരകപാപമായിരിക്കും. അവരെ ശുദ്ധീകരിക്കുന്ന ഞാനാകുന്നു സർവേശ്വരൻ. അന്യർ ആരും വിശുദ്ധവസ്തുക്കൾ ഭക്ഷിച്ചുകൂടാ. പുരോഹിതന്റെ കൂടെ വന്നു പാർക്കുന്നവനോ വേലക്കാരനോ അവ ഭക്ഷിക്കരുത്. എന്നാൽ പുരോഹിതൻ വിലയ്‍ക്കു വാങ്ങുകയോ അവന്റെ ഭവനത്തിൽ ജനിച്ചതോ ആയ അടിമയ്‍ക്ക് അവ ഭക്ഷിക്കാം. അന്യകുടുംബത്തിൽ വിവാഹം ചെയ്തയച്ച പുരോഹിതപുത്രി വിശുദ്ധാർപ്പണവസ്തു ഭക്ഷിക്കരുത്. എന്നാൽ പുരോഹിതപുത്രി വിധവയോ വിവാഹമുക്തയോ ആയി മക്കളില്ലാതെ പിതൃഭവനത്തിൽ മടങ്ങിവന്ന് ബാല്യകാലത്തെന്നപോലെ പാർത്താൽ അവൾക്ക് പിതാവിന്റെ ഓഹരിയിൽനിന്നു ഭക്ഷിക്കാം. അന്യരാരും അതു ഭക്ഷിക്കരുത്. ആരെങ്കിലും അറിയാതെ വിശുദ്ധവസ്തു ഭക്ഷിച്ചുപോയാൽ അതിന്റെ വില അഞ്ചിലൊന്നുകൂടി ചേർത്തു പുരോഹിതനെ ഏല്പിക്കണം. ഇസ്രായേൽജനം സർവേശ്വരന് അർപ്പിച്ച വിശുദ്ധവസ്തുക്കൾ പുരോഹിതന്മാർ അശുദ്ധമാക്കരുത്. അങ്ങനെ അവർ അർപ്പിച്ച വിശുദ്ധവസ്തുക്കൾ ഭക്ഷിക്കുന്നതിലൂടെ അവരെ അപരാധികളാക്കരുത്. അവരെ ശുദ്ധീകരിക്കുന്ന സർവേശ്വരൻ ഞാനാകുന്നു”.
LEVITICUS 22 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: LEVITICUS 22:1-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ