സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽജനത്തോടു പറയുക, ഇസ്രായേൽജനത്തിലോ അവരുടെ ഇടയിൽ താമസിക്കുന്ന പരദേശികളിലോ ആരെങ്കിലും തന്റെ കുട്ടിയെ മോലേക്കിനു ബലിയർപ്പിച്ചാൽ അവൻ വധശിക്ഷയ്‍ക്ക് അർഹനാണ്. ദേശവാസികൾ അവനെ കല്ലെറിഞ്ഞു കൊല്ലണം. എന്റെ മന്ദിരവും വിശുദ്ധനാമവും അശുദ്ധമാക്കിക്കൊണ്ട് മോലേക്കിനു തന്റെ മക്കളെ ബലിയർപ്പിക്കുന്നവനെ ഞാൻ ദ്വേഷിക്കുന്നു; അവനെ ഞാൻ സമൂഹത്തിൽനിന്നു ബഹിഷ്കരിക്കും. അവന്റെ തെറ്റ് കണ്ടില്ലെന്നു നടിച്ച് ജനം അവനെ വധിക്കാതിരുന്നാൽ അവനെയും അവന്റെ കുടുംബത്തെയും ഞാൻ ദ്വേഷിക്കും. അവനോടുകൂടെ മോലേക്കിനെ ആരാധിച്ച് എന്നോട് അവിശ്വസ്തത കാണിച്ച എല്ലാവർക്കും എതിരായി ഞാൻ മുഖം തിരിച്ചു സ്വന്തജനത്തിന്റെ ഇടയിൽനിന്ന് അവരെ ബഹിഷ്കരിക്കും. വെളിച്ചപ്പാടുകളുടെയും മന്ത്രവാദികളുടെയും പിന്നാലെ പോയി അവിശ്വസ്തത കാണിക്കുന്നവനെ ഞാൻ ദ്വേഷിക്കുന്നു. അവനെ ഞാൻ സമൂഹഭ്രഷ്ടനാക്കും. അതിനാൽ നിങ്ങൾ സ്വയം ശുദ്ധീകരിച്ചു വിശുദ്ധരാകുവിൻ. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. എന്റെ ചട്ടങ്ങൾ അനുസരിച്ചു പ്രവർത്തിക്കുക. ഞാനാണു നിങ്ങളെ ശുദ്ധീകരിക്കുന്ന സർവേശ്വരൻ. മാതാപിതാക്കളെ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം. തന്റെ മരണത്തിന് അവൻതന്നെ ഉത്തരവാദി. ഒരുവൻ തന്റെ അയൽക്കാരന്റെ ഭാര്യയുമൊത്തു ശയിച്ചാൽ ഇരുവരും വധിക്കപ്പെടണം. പിതൃപത്നിയുമൊത്തു ശയിക്കുന്നവൻ പിതാവിനെ അപമാനിക്കുകയാണ്. അവർ രണ്ടു പേരും വധിക്കപ്പെടണം. അവർ തന്നെ അതിന് ഉത്തരവാദികൾ. ഒരാൾ മകന്റെ ഭാര്യയുമൊത്തു ശയിച്ചാൽ ഇരുവരും വധിക്കപ്പെടണം. അവർ നിന്ദ്യബന്ധത്തിൽ ഏർപ്പെട്ടുവല്ലോ. അവർ തന്നെ തങ്ങളുടെ വധശിക്ഷയ്‍ക്ക് ഉത്തരവാദികൾ. സ്‍ത്രീയോടെന്നപോലെ പുരുഷനുമായി ഒരുവൻ ശയിച്ചാൽ അത് നിന്ദ്യമാണ്. രണ്ടു പേരെയും വധിക്കണം. അവർ തന്നെ ശിക്ഷയ്‍ക്ക് ഉത്തരവാദികൾ. ഒരുവൻ ഭാര്യയോടൊപ്പം ഭാര്യാമാതാവിനെയും പരിഗ്രഹിച്ചാൽ അതു നിന്ദ്യമാകുന്നു. നിങ്ങളുടെ ഇടയിൽ ഇത്തരം ദുഷ്കർമം ഇല്ലാതാകാൻ അവർ മൂന്നു പേരെയും ദഹിപ്പിച്ചുകളയണം. മൃഗത്തെ പ്രാപിക്കുന്നവനെ വധിക്കണം. ആ മൃഗത്തെയും കൊല്ലണം. മൃഗത്തെ പ്രാപിക്കുന്ന സ്‍ത്രീയെയും ആ മൃഗത്തെയും കൊന്നുകളയണം. തങ്ങളുടെ മരണത്തിനുത്തരവാദികൾ അവർ തന്നെ. മാതാവിന്റെയോ പിതാവിന്റെയോ മകളായ സഹോദരിയെ പ്രാപിച്ചു പരസ്പരം നഗ്നത കാണുന്നത് നികൃഷ്ടമാണ്. സ്വന്തജനം കാൺകെ അവരെ സംഹരിക്കണം. അവൻ സഹോദരിയെ അപമാനിച്ചതിനാൽ ശിക്ഷ അനുഭവിക്കണം. ഒരുവൻ ഋതുവായ സ്‍ത്രീയോടുകൂടി ശയിച്ചാൽ അവർ ശുദ്ധീകരണനിയമം ലംഘിച്ചതുകൊണ്ട് ഇരുവർക്കും ഭ്രഷ്ടു കല്പിക്കണം. പിതൃസഹോദരിയെയോ മാതൃസഹോദരിയെയോ പ്രാപിച്ചാൽ അവർ ഉറ്റ ബന്ധുക്കളാകയാൽ ഇരുവരും ശിക്ഷാർഹരാണ്. പിതൃസഹോദരന്റെയോ മാതൃസഹോദരന്റെയോ ഭാര്യയെ പ്രാപിച്ചാൽ അവർ രണ്ടു പേരും കുറ്റവാളികളാണ്. അവർ സന്തതിയില്ലാതെ മരിക്കണം. സഹോദരന്റെ ഭാര്യയെ പ്രാപിക്കുന്നത് അവിശുദ്ധമാണ്; അതു സഹോദരനെ അപമാനിക്കലാണ്. അവരും സന്തതിയില്ലാതെ മരിക്കണം.
LEVITICUS 20 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: LEVITICUS 20:1-21
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ