അഹരോന്റെ രണ്ടു പുത്രന്മാർ സർവേശ്വരസന്നിധിയിൽ പ്രവേശിച്ചതുമൂലം മരിച്ചു. ഈ സംഭവത്തിനു ശേഷം സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നിന്റെ സഹോദരനായ അഹരോനോട് അവൻ മരിക്കാതിരിക്കേണ്ടതിനു തിരശ്ശീലയ്‍ക്കു പിന്നിൽ പെട്ടകമിരിക്കുന്ന വിശുദ്ധസ്ഥലത്ത് എല്ലായ്പോഴും വരരുതെന്നു പറയുക. അവിടെയാണല്ലോ ഞാൻ മേഘത്തിൽ പെട്ടകത്തിന്റെ മൂടിയുടെ മീതെ പ്രത്യക്ഷപ്പെടുന്നത്. പാപപരിഹാരയാഗത്തിനുള്ള കാളക്കുട്ടി, ഹോമയാഗത്തിനുള്ള മുട്ടാട് എന്നിവയോടുകൂടി അഹരോന് വിശുദ്ധസ്ഥലത്തു പ്രവേശിക്കാം. അവൻ കുളിച്ചുവന്ന് ലിനൻകൊണ്ടു നിർമ്മിച്ച വിശുദ്ധഅങ്കി, കാൽച്ചട്ട, അരക്കെട്ട്, തലപ്പാവ് എന്നിവ ധരിക്കണം. ഇവ വിശുദ്ധവസ്ത്രങ്ങളാണല്ലോ. പാപപരിഹാരയാഗത്തിനായി രണ്ട് ആൺകോലാടുകളെയും ഹോമയാഗത്തിനായി ഒരു ആൺചെമ്മരിയാടിനെയും ഇസ്രായേൽസമൂഹത്തിൽനിന്ന് അവൻ സ്വീകരിക്കണം. അഹരോൻ തന്റെ പാപങ്ങൾക്കുള്ള പരിഹാരത്തിനായി കാളക്കുട്ടിയെ അർപ്പിച്ച് തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കണം. ആൺകോലാടുകൾ രണ്ടിനെയും തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ സർവേശ്വരസന്നിധിയിൽ അഹരോൻ കൊണ്ടുവരണം. അവയിൽ ഒന്നിനെ സർവേശ്വരനും മറ്റതിനെ അസസേലിനും വേണ്ടി കുറിയിട്ടു വേർതിരിക്കണം. സർവേശ്വരനു കുറിവീണ ആടിനെ പാപപരിഹാരയാഗമായി അർപ്പിക്കണം. എന്നാൽ അസസേലിനു കുറിവീണ ആടിനെ പ്രായശ്ചിത്തമായി സർവേശ്വരസന്നിധിയിൽ ജീവനോടെ സമർപ്പിച്ചതിനു ശേഷം അസസേലിനായി വിജനദേശത്തേക്കു വിട്ടയയ്‍ക്കണം. അഹരോൻ കാളക്കുട്ടിയെ തനിക്കുവേണ്ടി പാപപരിഹാരയാഗമായി അർപ്പിക്കണം; അങ്ങനെ തനിക്കും കുടുംബത്തിനും വേണ്ടി പ്രായശ്ചിത്തം ചെയ്യണം. പാപപരിഹാരയാഗമായി അതിനെ കൊല്ലണം. അവൻ സർവേശ്വരസന്നിധിയിൽ യാഗപീഠത്തിലുള്ള തീക്കനൽ ഒരു ധൂപകലശത്തിൽ നിറച്ചതും രണ്ടുപിടി പൊടിച്ച കുന്തുരുക്കവുമായി തിരശ്ശീലയ്‍ക്കുള്ളിലെ മന്ദിരത്തിൽ പ്രവേശിക്കണം. സർവേശ്വരസന്നിധിയിൽ വച്ച് അഹരോൻ ധൂപകലശത്തിൽ കുന്തുരുക്കം ഇടണം. ധൂമപടലം ഉയർന്ന് സാക്ഷ്യപെട്ടകത്തിന്റെ മൂടി മറയ്‍ക്കട്ടെ. അങ്ങനെ ചെയ്താൽ അയാൾ മരിക്കയില്ല. കാളയുടെ രക്തത്തിൽ കുറെയെടുത്തു കൈവിരൽകൊണ്ട് പെട്ടകത്തിന്റെ മൂടിയുടെ മുൻഭാഗത്തു തളിക്കണം; പെട്ടകത്തിന്റെ മുമ്പിലും കൈവിരൽകൊണ്ട് ഏഴു പ്രാവശ്യം തളിക്കണം. പിന്നീട് അഹരോൻ ജനത്തിനുവേണ്ടി പാപപരിഹാരയാഗത്തിനുള്ള ആടിനെ കൊന്ന് അതിന്റെ രക്തം തിരശ്ശീലയ്‍ക്കുള്ളിൽ കൊണ്ടുവരണം. കാളയുടെ രക്തം തളിച്ചതുപോലെ പെട്ടകത്തിന്റെ മൂടിയുടെ മീതെയും മുമ്പിലും തളിക്കണം. അങ്ങനെ ഇസ്രായേൽജനത്തിന്റെ അശുദ്ധിയിൽനിന്നും അവരുടെ സകല പാപത്തിനും കാരണമായ തിന്മകളിൽനിന്നും വിശുദ്ധസ്ഥലത്തെ ശുദ്ധീകരിക്കാനുള്ള പ്രായശ്ചിത്തം ചെയ്യണം. അശുദ്ധിയുള്ള ജനത്തിന്റെ മധ്യേ ആയതിനാൽ തിരുസാന്നിധ്യകൂടാരത്തിനുവേണ്ടിയും അങ്ങനെ പ്രായശ്ചിത്തം ചെയ്യണം. അഹരോൻ തിരുസാന്നിധ്യകൂടാരത്തിൽ പ്രവേശിക്കുന്നതുമുതൽ തനിക്കും കുടുംബത്തിനും ഇസ്രായേൽസമൂഹത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്തു പുറത്തിറങ്ങുന്നതുവരെ തിരുസാന്നിധ്യകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുത്. പിന്നീട് അയാൾ യാഗപീഠത്തിന്റെ അടുക്കൽ സർവേശ്വരസന്നിധിയിൽ ചെന്ന് അതിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം. കാളയുടെയും കോലാടിന്റെയും രക്തത്തിൽ കുറെയെടുത്തു യാഗപീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടണം. കൈവിരൽകൊണ്ടു രക്തം ഏഴു പ്രാവശ്യം തളിച്ച് ഇസ്രായേൽജനത്തിന്റെ അശുദ്ധിയിൽനിന്ന് അതിനെ ശുചിയാക്കി പവിത്രീകരിക്കണം. വിശുദ്ധസ്ഥലത്തിനും തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും വേണ്ടിയുള്ള പ്രായശ്ചിത്തം പൂർത്തിയാക്കിയ ശേഷം ജീവനുള്ള കോലാടിനെ കൊണ്ടുവരണം. അഹരോൻ രണ്ടു കൈകളും അതിന്റെ തലയിൽ വച്ച് ഇസ്രായേൽജനത്തിന്റെ സകല അകൃത്യങ്ങളും അതിക്രമങ്ങളും ഏറ്റുപറഞ്ഞ് അവ കോലാടിന്റെമേൽ ചുമത്തി തയ്യാറായി നില്‌ക്കുന്ന ആൾവശം അതിനെ വിജനപ്രദേശത്തേക്ക് അയയ്‍ക്കണം. ആ കോലാട് അവരുടെ അകൃത്യങ്ങൾ മുഴുവൻ വഹിച്ചുകൊണ്ടു വിജനസ്ഥലത്തേക്കു പോകണം. ആടിനെ കൊണ്ടുപോയ ആൾ അതിനെ വിജനസ്ഥലത്ത് ഉപേക്ഷിച്ചു മടങ്ങണം. അതിനുശേഷം അഹരോൻ തിരുസാന്നിധ്യകൂടാരത്തിൽ ചെന്ന്, വിശുദ്ധസ്ഥലത്തു പ്രവേശിച്ചപ്പോൾ ധരിച്ചിരുന്ന ലിനൻവസ്ത്രങ്ങൾ അവിടെ അഴിച്ചുവയ്‍ക്കണം. വിശുദ്ധസ്ഥലത്തു വച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തുവന്നു തനിക്കും ജനത്തിനും വേണ്ടി ഹോമയാഗം അർപ്പിച്ച് പ്രായശ്ചിത്തം കഴിക്കണം. പാപപരിഹാരയാഗത്തിനുള്ള മൃഗത്തിന്റെ മേദസ്സു യാഗപീഠത്തിൽ ദഹിപ്പിക്കണം. അസസേലിന്റെ അടുക്കലേക്കു കോലാടിനെ കൊണ്ടുപോയ ആൾ വസ്ത്രം അലക്കി കുളിച്ചശേഷമേ പാളയത്തിൽ പ്രവേശിക്കാവൂ. വിശുദ്ധസ്ഥലത്തു പ്രായശ്ചിത്തം ചെയ്യുന്നതിനുവേണ്ടി കൊന്നു രക്തമെടുത്തു പാപപരിഹാരയാഗമൃഗങ്ങളായ കാളയെയും കോലാടിനെയും പാളയത്തിനു പുറത്തു കൊണ്ടുപോയി അവയുടെ തോലും മാംസവും ചാണകവും ദഹിപ്പിക്കണം. അവയെ ദഹിപ്പിക്കുന്നയാൾ വസ്ത്രം അലക്കി കുളിച്ചശേഷമേ പാളയത്തിൽ പ്രവേശിക്കാവൂ.
LEVITICUS 16 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: LEVITICUS 16:1-28
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ