JOSUA 9:1-15

JOSUA 9:1-15 MALCLBSI

യോർദ്ദാനിക്കരെയുള്ള മലകളിലും താഴ്‌വരകളിലും ലെബാനോൻവരെയുള്ള മെഡിറ്ററേനിയൻ സമുദ്രതീരത്തും പാർത്തിരുന്ന ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ജനതകളുടെ രാജാക്കന്മാർ ഇസ്രായേലിന്റെ വിജയത്തെപ്പറ്റി കേട്ടപ്പോൾ യോശുവയോടും ഇസ്രായേല്യരോടും യുദ്ധം ചെയ്യുന്നതിന് ഒരുമിച്ചു കൂടി. എന്നാൽ യോശുവ യെരീഹോ, ഹായി എന്നീ പട്ടണങ്ങൾക്കെതിരെ പ്രവർത്തിച്ചത് കേട്ട് ഗിബെയോൻനിവാസികൾ യോശുവയ്‍ക്കെതിരായി ഒരു ഉപായം പ്രയോഗിച്ചു. അവർ ഭക്ഷണപദാർഥങ്ങൾ പഴയ ചാക്കുകളിലും തുന്നിക്കെട്ടിയ തുകൽ തുരുത്തികളിലും ശേഖരിച്ചുകൊണ്ടു കഴുതപ്പുറത്തു കയറി. ജീർണിച്ച ചെരുപ്പും കീറിത്തുന്നിയ വസ്ത്രവും ധരിച്ചുകൊണ്ടാണ് അവർ യാത്ര പുറപ്പെട്ടത്. അവരുടെ ഭക്ഷണപദാർഥങ്ങൾ ഉണങ്ങിയതും പൂപ്പൽപിടിച്ചതുമായിരുന്നു. ഗില്ഗാലിൽ പാളയമടിച്ചിരുന്ന യോശുവയുടെയും ഇസ്രായേൽജനത്തിന്റെയും അടുക്കൽ ചെന്ന് അവർ പറഞ്ഞു: “ഞങ്ങൾ ദൂരദേശത്തുനിന്നു വരികയാണ്. ഞങ്ങളുമായി ഒരു സമാധാന ഉടമ്പടി ഉണ്ടാക്കിയാലും.” എന്നാൽ ഇസ്രായേൽജനം ഹിവ്യരോടു പറഞ്ഞു: “നിങ്ങൾ ഈ ദേശത്തു പാർക്കുന്നവരാണെങ്കിൽ ഞങ്ങൾ നിങ്ങളോട് എങ്ങനെ ഉടമ്പടി ഉണ്ടാക്കും.” “ഞങ്ങൾ അങ്ങയുടെ ദാസന്മാരാണ്.” അവർ യോശുവയോടു പറഞ്ഞു. “നിങ്ങൾ ആര്? എവിടെനിന്നു വരുന്നു?” യോശുവ അവരോടു ചോദിച്ചു. അവർ യോശുവയോട് പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങൾ ദൂരത്തുനിന്നു വന്നിരിക്കയാണ്; നിങ്ങളുടെ ദൈവമായ സർവേശ്വരനെപ്പറ്റി ഞങ്ങൾ കേട്ടു. അവിടുത്തെ കീർത്തിയും അവിടുന്ന് ഈജിപ്തിൽ ചെയ്തതൊക്കെയും ഞങ്ങൾ അറിഞ്ഞു. യോർദ്ദാനക്കരെയുള്ള അമോര്യരാജാക്കന്മാരായ ഹെശ്ബോനിലെ സീഹോനോടും അസ്താരോത്തിൽ പാർക്കുന്ന ബാശാനിലെ ഓഗിനോടും അവിടുന്നു പ്രവർത്തിച്ച കാര്യങ്ങളും ഞങ്ങൾ കേട്ടിട്ടുണ്ട്. യാത്രയ്‍ക്കാവശ്യമായ ഭക്ഷണപദാർഥങ്ങൾ എടുത്തുകൊണ്ടു നിങ്ങളെ കാണാൻ ഞങ്ങളുടെ നേതാക്കന്മാരും ദേശവാസികളും ഞങ്ങളോടു പറഞ്ഞു. ഞങ്ങൾ നിങ്ങളുടെ ദാസന്മാരായി ജീവിച്ചുകൊള്ളാം എന്ന വ്യവസ്ഥയിന്മേൽ ഞങ്ങളുമായി ഉടമ്പടി ചെയ്യാൻ നിങ്ങളോട് അഭ്യർഥിക്കണമെന്നും അവർ പറഞ്ഞിട്ടുണ്ട്. ഇതാ, ഞങ്ങളുടെ കൈയിലുള്ള അപ്പം നോക്കൂ! നിങ്ങളെ സന്ദർശിക്കാൻ പുറപ്പെട്ടപ്പോൾ വഴിമധ്യേ ഭക്ഷിക്കാൻ ഞങ്ങൾ കൊണ്ടുവന്നതാണിവ. അപ്പോൾ അവയ്‍ക്ക് ചൂടുണ്ടായിരുന്നു; ഇപ്പോൾ ഇവ ഉണങ്ങി പൂത്തിരിക്കുന്നു. ഞങ്ങൾ വീഞ്ഞു നിറയ്‍ക്കുമ്പോൾ ഈ തുരുത്തികൾ പുതിയവയായിരുന്നു. ഇപ്പോൾ ഇതാ, അവ കീറിയിരിക്കുന്നു. ദീർഘയാത്രകൊണ്ട് ഞങ്ങളുടെ വസ്ത്രങ്ങളും ചെരുപ്പുകളും പഴകിപ്പോയിരിക്കുന്നു.” സർവേശ്വരന്റെ ഹിതം ആരായാതെ ഇസ്രായേൽജനം അവരിൽനിന്നു ഭക്ഷണപദാർഥങ്ങൾ സ്വീകരിക്കുകയും യോശുവ അവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. അവരെ രക്ഷിക്കാമെന്ന് അദ്ദേഹം ഉടമ്പടി ചെയ്തു. ജനനേതാക്കന്മാരും അപ്രകാരം പ്രതിജ്ഞ ചെയ്തു.

JOSUA 9 വായിക്കുക