JOSUA 6:8-25

JOSUA 6:8-25 MALCLBSI

യോശുവ ജനത്തോടു കല്പിച്ചതുപോലെ കാഹളങ്ങൾ കൈയിൽ എടുത്തിരുന്ന ഏഴു പുരോഹിതന്മാർ അവിടുത്തെ പെട്ടകത്തിന്റെ മുമ്പിൽ കാഹളം ഊതിക്കൊണ്ടു നടന്നു. സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം അവർക്കു പിന്നാലെ ഉണ്ടായിരുന്നു. ആയുധധാരികളിൽ ചിലർ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിലും ശേഷമുള്ളവർ പെട്ടകത്തിനു പിമ്പിലും നടന്നു. ഈ സമയമെല്ലാം കാഹളധ്വനി മുഴങ്ങിക്കൊണ്ടിരുന്നു. യോശുവ ജനത്തോടു പറഞ്ഞു: “ആർപ്പിടുവാൻ ഞാൻ നിങ്ങളോടു കല്പിക്കുന്ന ദിവസംവരെ നിങ്ങൾ ആർപ്പിടുകയോ ഒച്ചയുണ്ടാക്കുകയോ ഒരു വാക്കെങ്കിലും ഉച്ചരിക്കുകയോ ചെയ്യരുത്.” യോശുവ കല്പിച്ചതുപോലെ സർവേശ്വരന്റെ പെട്ടകമെടുത്ത് അവർ ഒരു തവണ പട്ടണത്തെ പ്രദക്ഷിണം ചെയ്തു; അതിനുശേഷം അവർ പാളയത്തിൽ തിരിച്ചുവന്ന് അവിടെ രാത്രി കഴിച്ചു. യോശുവ അടുത്ത ദിവസം രാവിലെ എഴുന്നേറ്റു. പുരോഹിതന്മാർ സർവേശ്വരന്റെ പെട്ടകം എടുത്തു. ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളം ഊതിക്കൊണ്ട് ഏഴു പുരോഹിതന്മാർ പെട്ടകത്തിനു മുമ്പേ നടന്നു. ആയുധധാരികളിൽ ചിലർ പെട്ടകത്തിനു മുമ്പിലും ശേഷമുള്ളവർ പിമ്പിലുമായി നടന്നു. അവർ മുമ്പോട്ടു നടക്കുമ്പോൾ കാഹളശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു. രണ്ടാം ദിവസവും അവർ പട്ടണത്തെ പ്രദക്ഷിണം ചെയ്തതിനുശേഷം പാളയത്തിലേക്കു മടങ്ങി. ആറു ദിവസം അവർ ഇങ്ങനെ ചെയ്തു. ഏഴാം ദിവസവും പ്രഭാതത്തിൽതന്നെ എഴുന്നേറ്റു മുമ്പു ചെയ്തതുപോലെ പട്ടണത്തെ പ്രദക്ഷിണം ചെയ്യാൻ ആരംഭിച്ചു; അന്ന് ഏഴു തവണ പട്ടണത്തെ പ്രദക്ഷിണം ചെയ്തു. ഏഴാം പ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ, “ആർപ്പു വിളിക്കുവിൻ, സർവേശ്വരൻ ഈ പട്ടണം നിങ്ങൾക്കു നല്‌കിയിരിക്കുന്നു” എന്നു യോശുവ ജനത്തോടു പറഞ്ഞു. സർവേശ്വരനുള്ള ഒരു വഴിപാട് എന്നവിധം പട്ടണവും അതിലുള്ള സർവസ്വവും നശിപ്പിക്കണം. എന്നാൽ വേശ്യയായ രാഹാബ് നമ്മുടെ ദൂതന്മാരെ ഒളിപ്പിച്ചതുകൊണ്ട് അവളും കുടുംബാംഗങ്ങളും ജീവനോടെയിരിക്കട്ടെ. എന്നാൽ നശിപ്പിക്കാൻ സമർപ്പിക്കപ്പെട്ടവയിൽനിന്നും യാതൊന്നും നിങ്ങൾ എടുക്കരുത്; എടുത്താൽ ഇസ്രായേൽപാളയത്തിൽ അനർഥവും നാശവും ഉണ്ടാകും. വെള്ളി, സ്വർണം, ചെമ്പ്, ഇരുമ്പ് എന്നിവകൊണ്ടുള്ള സകല വസ്തുക്കളും സർവേശ്വരനുവേണ്ടി മാറ്റിവയ്‍ക്കണം. അവ അവിടുത്തെ ഭണ്ഡാരത്തിൽ ചേരേണ്ടതാകുന്നു. പിന്നീട് കാഹളം ഊതുകയും ജനം കാഹളശബ്ദം കേട്ടപ്പോൾ ആർത്തട്ടഹസിക്കുകയും ചെയ്തു. അപ്പോൾ പട്ടണമതിൽ ഇടിഞ്ഞുവീണു. ജനം നേരെ മുമ്പോട്ടു കടന്ന് പട്ടണം പിടിച്ചടക്കി. പുരുഷന്മാർ, സ്‍ത്രീകൾ, കുട്ടികൾ, വൃദ്ധന്മാർ, ആടുമാടുകൾ, കഴുതകൾ തുടങ്ങി പട്ടണത്തിലുള്ള സമസ്തവും അവർ നശിപ്പിച്ചു. ദേശം നിരീക്ഷിക്കാൻ അയച്ചിരുന്ന രണ്ടു പേരോടും യോശുവ പറഞ്ഞു: “നിങ്ങൾ പ്രതിജ്ഞ ചെയ്തിരുന്നതുപോലെ ആ വേശ്യയുടെ വീട്ടിൽ ചെന്ന് അവളെയും കുടുംബാംഗങ്ങളെയും പുറത്തു കൊണ്ടുവരിക.” അവർ പോയി രാഹാബിനെയും അവളുടെ മാതാപിതാക്കളെയും സഹോദരീസഹോദരന്മാരെയും സകല ചാർച്ചക്കാരെയും കൊണ്ടുവന്ന് ഇസ്രായേൽപാളയത്തിനു പുറത്തു പാർപ്പിച്ചു. പിന്നീട് പട്ടണവും അതിലുള്ള സകലവും അവർ തീവച്ചു നശിപ്പിച്ചു. എന്നാൽ വെള്ളി, സ്വർണം, ചെമ്പ്, ഇരുമ്പ് എന്നിവകൊണ്ടുള്ള പാത്രങ്ങൾ സർവേശ്വരന്റെ ഭണ്ഡാരത്തിൽ സൂക്ഷിച്ചു. യെരീഹോവിനെ ഒറ്റുനോക്കാൻ യോശുവ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതിനാൽ അദ്ദേഹം അവളെയും അവളുടെ ചാർച്ചക്കാരെയും അവൾക്കുള്ളതിനെയെല്ലാം ജീവനോടെ രക്ഷിച്ചു. അവളുടെ പിൻതലമുറക്കാർ ഇസ്രായേലിൽ ഇപ്പോഴും പാർക്കുന്നു.

JOSUA 6 വായിക്കുക