JOSUA 3:7-17

JOSUA 3:7-17 MALCLBSI

സർവേശ്വരൻ യോശുവയോട് അരുളിച്ചെയ്തു: “ഇന്നുമുതൽ ഞാൻ നിന്നെ ജനത്തിന്റെ ദൃഷ്‍ടിയിൽ വലിയവനാക്കും. ഞാൻ മോശയുടെ കൂടെ ഉണ്ടായിരുന്നതുപോലെ നിന്റെ കൂടെയും ഉണ്ട് എന്ന് ഇസ്രായേൽജനം അറിയട്ടെ. ഉടമ്പടിപ്പെട്ടകം വഹിക്കുന്ന പുരോഹിതന്മാർ നദീതീരത്ത് എത്തുമ്പോൾ നദിയിൽ ഇറങ്ങി നില്‌ക്കാൻ അവരോട് കല്പിക്കണം.” യോശുവ ഇസ്രായേൽജനത്തോടു പറഞ്ഞു: “നിങ്ങൾ അടുത്തുവന്നു നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വചനം കേൾക്കുവിൻ. നിങ്ങളുടെ മുമ്പിൽനിന്നു കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ ഓടിച്ചുകളയുമ്പോൾ ജീവിക്കുന്ന ദൈവം നിങ്ങളുടെ ഇടയിലുണ്ടെന്നു നിങ്ങൾ അറിയും. സർവലോകത്തിന്റെയും നാഥനായ സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം നിങ്ങൾക്കുമുമ്പേ യോർദ്ദാനിലേക്കു പോകും. ഓരോ ഗോത്രത്തിൽനിന്നും ഒരാളെവീതം പന്ത്രണ്ടു പേരെ ഇസ്രായേൽ ഗോത്രങ്ങളിൽനിന്നു തിരഞ്ഞെടുക്കുക. സർവഭൂമിയുടെയും നാഥനായ സർവേശ്വരന്റെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോർദ്ദാനിലെ വെള്ളത്തിൽ പതിക്കുമ്പോൾതന്നെ ഒഴുക്കു നിലയ്‍ക്കുകയും ഒഴുകിവരുന്ന ജലം ചിറപോലെ കെട്ടിനില്‌ക്കുകയും ചെയ്യും.” യോർദ്ദാൻനദി കടക്കുന്നതിനു ജനം കൂടാരങ്ങളിൽനിന്നു പുറപ്പെട്ടപ്പോൾ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന പുരോഹിതന്മാർ അവർക്കു മുമ്പേ നടന്നു. കൊയ്ത്തുകാലമത്രയും യോർദ്ദാന്റെ തീരമെല്ലാം കരകവിഞ്ഞൊഴുകുമായിരുന്നു. പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാരുടെ പാദങ്ങൾ കരകവിഞ്ഞ നദീജലത്തിൽ മുങ്ങിയപ്പോൾ ജലപ്രവാഹം നിലച്ചു; അങ്ങനെ അതിവിദൂരത്തിൽ സാരെഥാനു സമീപമുള്ള ആദാംനഗരത്തിനരികിൽവരെ ജലനിരപ്പ് ഉയർന്നു. അരാബായിലെ കടലിലേക്ക്-ചാവ് കടലിലേക്ക് ഒഴുകിയിരുന്ന ജലം വാർന്നുപോയി. ജനം യെരീഹോവിനെ ലക്ഷ്യമാക്കി മറുകര കടന്നു. ഇസ്രായേൽജനമെല്ലാം വരണ്ടനിലത്തുകൂടി നടന്നു മറുകര എത്തുവോളം സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാർ യോർദ്ദാന്റെ മധ്യത്തിൽ ഉണങ്ങിയ നിലത്തുതന്നെ നിന്നു.

JOSUA 3 വായിക്കുക