JOSUA 24:1-13

JOSUA 24:1-13 MALCLBSI

യോശുവ സകല ഇസ്രായേൽഗോത്രക്കാരെയും ശെഖേമിൽ വിളിച്ചുകൂട്ടി; ഇസ്രായേലിലെ എല്ലാ ജനനേതാക്കളെയും പ്രമുഖന്മാരെയും ന്യായപാലകരെയും പ്രഭുക്കന്മാരെയും വിളിച്ചുവരുത്തി. അവരെല്ലാം ദൈവസന്നിധിയിൽ വന്നുകൂടി. അപ്പോൾ യോശുവ എല്ലാ ഇസ്രായേല്യരോടും പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: അബ്രഹാമിന്റെയും നാഹോരിന്റെയും പിതാവായ തേരഹ് ഉൾപ്പെടെയുള്ള നിങ്ങളുടെ പൂർവപിതാക്കന്മാർ പണ്ടു യൂഫ്രട്ടീസ്നദിക്ക് അക്കരെ പാർത്ത് അന്യദേവന്മാരെ ആരാധിച്ചിരുന്നു. അവിടെനിന്നു നിങ്ങളുടെ പിതാവായ അബ്രഹാമിനെ ഞാൻ കൊണ്ടുവന്നു. അവനെ കനാൻദേശത്തുടനീളം വഴി നടത്തി. അനേകം സന്താനങ്ങളെ നല്‌കുകയും ചെയ്തു. അവനു ഇസ്ഹാക്കിനെയും ഇസ്ഹാക്കിനു യാക്കോബ്, ഏശാവ് എന്നിവരെയും സന്താനങ്ങളായി നല്‌കി. ഏശാവിനു സേയീർ പർവതം അവകാശമായി കൊടുത്തു; എന്നാൽ യാക്കോബും അവന്റെ പുത്രന്മാരും ഈജിപ്തിലേക്കു പോയി. കുറച്ചുനാൾ കഴിഞ്ഞ് ഞാൻ മോശയെയും അഹരോനെയും അവിടേക്ക് അയച്ചു. അനേകം ബാധകളെ അയച്ച് ഞാൻ നിങ്ങളെ ഈജിപ്തിൽനിന്നു വിടുവിച്ചു. നിങ്ങളുടെ പൂർവപിതാക്കന്മാർ അവിടെനിന്നു പുറപ്പെട്ട് കടൽത്തീരത്തെത്തി. ഈജിപ്തുകാർ രഥങ്ങളും അശ്വസൈന്യങ്ങളുമായി ചെങ്കടൽവരെ അവരെ പിന്തുടർന്നു. സഹായത്തിനായി അവർ എന്നെ വിളിച്ചപേക്ഷിച്ചപ്പോൾ ഞാൻ ഈജിപ്തുകാരുടെയും ഇസ്രായേല്യരുടെയും മധ്യേ അന്ധകാരം വരുത്തി. എന്റെ കല്പനയാൽ സമുദ്രം ഈജിപ്തുകാരെ മൂടി. അവരോടു ഞാൻ പ്രവർത്തിച്ചതു നിങ്ങൾ നേരിട്ടു കണ്ടതാണല്ലോ. “അതിനുശേഷം ദീർഘകാലം നിങ്ങൾ മരുഭൂമിയിൽ പാർത്തു. പിന്നീട് യോർദ്ദാൻനദിയുടെ കിഴക്കുവശത്തു പാർത്തിരുന്ന അമോര്യരുടെ ദേശത്തേക്കു ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടു വന്നു. അവർ നിങ്ങളോടു യുദ്ധം ചെയ്തു; എന്നാൽ അവരെ ഞാൻ നിങ്ങളുടെ കൈയിൽ ഏല്പിച്ചു; അവരുടെ ദേശം നിങ്ങൾ കൈവശപ്പെടുത്തി. നിങ്ങളുടെ മുമ്പിൽവച്ചു ഞാൻ അവരെ നശിപ്പിച്ചു. പിന്നീട് മോവാബിലെ സിപ്പോരിന്റെ പുത്രനായ ബാലാക് രാജാവ് ഇസ്രായേലിനോട് യുദ്ധം ചെയ്യാൻ പുറപ്പെട്ടു. നിങ്ങളെ ശപിക്കുന്നതിനു ബെയോരിന്റെ പുത്രനായ ബിലെയാമിനെ അയാൾ വരുത്തി. ബിലെയാം പറഞ്ഞതു ഞാൻ ശ്രദ്ധിച്ചില്ല. അവൻ നിങ്ങളെ അനുഗ്രഹിച്ചു; അങ്ങനെ ഞാൻ നിങ്ങളെ ബാലാക്കിന്റെ കൈയിൽനിന്നു വിടുവിച്ചു. പിന്നീട് നിങ്ങൾ യോർദ്ദാൻനദി കടന്നു യെരീഹോവിലെത്തി. അപ്പോൾ യെരീഹോനിവാസികൾ അമോര്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗ്ഗശ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ജനതകൾ നിങ്ങളോടു യുദ്ധം ചെയ്തു. ഞാൻ അവരുടെമേൽ നിങ്ങൾക്കു വിജയം നല്‌കി. ഞാൻ കടന്നലുകളെ നിങ്ങൾക്കു മുമ്പേ വിട്ടു; അവ ആ രണ്ടു അമോര്യരാജാക്കന്മാരെ ഓടിച്ചുകളഞ്ഞു. നിങ്ങളുടെ വാളോ, വില്ലോ അല്ല അവരെ പാലായനം ചെയ്യിച്ചത്. നിങ്ങൾ അധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്കു നല്‌കി. നിങ്ങൾ അവിടെ ഇപ്പോൾ പാർക്കുന്നു. നിങ്ങൾ നട്ടുപിടിപ്പിക്കാത്ത മുന്തിരിത്തോട്ടങ്ങളുടെയും ഒലിവുതോട്ടങ്ങളുടെയും ഫലം നിങ്ങൾ അനുഭവിക്കുന്നു.

JOSUA 24 വായിക്കുക