JOSUA 18

18
ശേഷിച്ച ദേശത്തിന്റെ വിഭജനം
1ദേശം പിടിച്ചടക്കിയതിനു ശേഷം ഇസ്രായേൽജനസമൂഹം ശീലോവിൽ ഒന്നിച്ചുകൂടി; അവിടെ അവർ തിരുസാന്നിധ്യകൂടാരം സ്ഥാപിച്ചു. 2അവകാശഭൂമി ലഭിക്കാത്ത ഏഴു ഗോത്രങ്ങൾ ഇസ്രായേല്യരിൽ ശേഷിച്ചിരുന്നു. 3അതുകൊണ്ട് യോശുവ ഇസ്രായേൽജനത്തോടു പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കിയിരിക്കുന്ന ഭൂമി കൈവശപ്പെടുത്താതെ നിങ്ങൾ എത്രനാൾ അലസരായിരിക്കും? 4ഓരോ ഗോത്രത്തിൽനിന്നും മൂന്നുപേരെ വീതം തിരഞ്ഞെടുക്കുക. അവർ ദേശം ചുറ്റി നടന്ന്, അവർക്ക് അവകാശമായി ലഭിക്കേണ്ട ഭൂമിയെ സംബന്ധിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് എന്റെ അടുക്കൽ മടങ്ങിവരട്ടെ. 5യെഹൂദാഗോത്രം ദേശത്തിന്റെ തെക്കു ഭാഗത്തും യോസേഫ്ഗോത്രക്കാർ വടക്കു ഭാഗത്തും പാർത്തുകൊള്ളട്ടെ. ശേഷിക്കുന്ന ദേശം ഏഴായി ഭാഗിക്കണം. 6ഏഴു ഭാഗങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളോടുകൂടി അവർ എന്റെ അടുക്കൽ വരണം; ഞാൻ ഇവിടെ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽവച്ചു നറുക്കിടും. 7സർവേശ്വരന്റെ പുരോഹിതന്മാർ എന്ന നിലയിൽ ശുശ്രൂഷ ചെയ്യുന്നതു ലേവ്യരുടെ അവകാശമായതുകൊണ്ട് അവർക്കു മറ്റുള്ളവരോടൊപ്പം അവകാശം ലഭിക്കുകയില്ല. ഗാദ്, രൂബേൻ ഗോത്രക്കാർക്കും മനശ്ശെയുടെ പകുതി ഗോത്രക്കാർക്കും അവരുടെ അവകാശം യോർദ്ദാനു കിഴക്കുവശത്ത് സർവേശ്വരന്റെ ദാസനായ മോശയിൽനിന്നു ലഭിച്ചിട്ടുണ്ടല്ലോ. 8“നിങ്ങൾ ദേശത്തെല്ലാം സഞ്ചരിച്ചു വിവരങ്ങൾ രേഖപ്പെടുത്തിയതിനു ശേഷം ശീലോവിൽ സർവേശ്വരസന്നിധിയിൽ വച്ചു ദേശം നറുക്കിട്ടു വിഭജിക്കുന്നതിനുവേണ്ടി എന്റെ അടുക്കൽ മടങ്ങിവരണം.” ഈ നിർദ്ദേശം സ്വീകരിച്ചുകൊണ്ട് അവർ യാത്ര പുറപ്പെട്ടു. 9അവർ ദേശമെല്ലാം ചുറ്റിനടന്നു. അതിനെ പട്ടണങ്ങളടക്കം ഏഴായി തിരിച്ച് വിവരങ്ങൾ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തി, ശീലോവിൽ യോശുവയുടെ അടുക്കൽ മടങ്ങിയെത്തി. 10പിന്നീട് സർവേശ്വരസന്നിധിയിൽ വച്ച് യോശുവ ശേഷിച്ച ഗോത്രക്കാർക്കു വേണ്ടി നറുക്കിട്ടു ഭൂമി ഭാഗിച്ചുകൊടുത്തു.
ബെന്യാമീനു ലഭിച്ച ദേശം
11ബെന്യാമീൻഗോത്രത്തിലെ കുടുംബങ്ങൾക്ക് നറുക്കു വീണു; അവരുടെ അവകാശദേശം യെഹൂദാഗോത്രക്കാരുടെയും യോസേഫ്ഗോത്രക്കാരുടെയും സ്ഥലങ്ങളുടെ ഇടയ്‍ക്കായിരുന്നു. 12വടക്കുവശത്തുള്ള അവരുടെ അതിര് യോർദ്ദാനിൽനിന്ന് ആരംഭിച്ച് യെരീഹോവിന്റെ വടക്കുവശത്തുള്ള ചെരുവിൽക്കൂടി മലനാട്ടിലൂടെ പടിഞ്ഞാറോട്ടു കടന്ന് ബേത്ത്-ആവെൻ മരുഭൂമിയിൽ അവസാനിക്കുന്നു. 13അവിടെനിന്നു ബേഥേൽ എന്നുകൂടി പേരുള്ള ലൂസിന്റെ തെക്കേ ചരിവിൽക്കൂടി കടന്നു ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലയും കടന്ന് അതാരോത്ത്-അദ്ദാരിൽ ഇറങ്ങുന്നു. 14പിന്നീട് അതു വളഞ്ഞ് പടിഞ്ഞാറു വശത്തുള്ള ബേത്ത്-ഹോരോന്റെ എതിർവശത്തുള്ള മലയിൽ എത്തി തെക്കോട്ടു തിരിഞ്ഞ് യെഹൂദാഗോത്രക്കാരുടെ ഒരു പട്ടണമായ #18:14 കിര്യത്ത്-ബാല = കിര്യത്ത്-യെയാരീംകിര്യത്ത്- ബാലയിൽ ചെന്ന് അവസാനിക്കുന്നു. ഇതാണ് പടിഞ്ഞാറേ അതിര്. 15തെക്കേ അതിര് കിര്യത്ത്-യെയാരീമിന്റെ അതിർത്തിയിൽ ആരംഭിച്ച് പടിഞ്ഞാറ് നെപ്തോഹ അരുവിയുടെ ഉറവിടത്തിലേക്കു പോകുന്നു. 16അവിടെനിന്ന് അത് ബെൻ-ഹിന്നോംതാഴ്‌വരയുടെ എതിർവശത്തും രെഫായീംതാഴ്‌വരയുടെ വടക്കുവശത്തുമുള്ള മലയുടെ അടിവാരത്തു ചെന്ന് ഹിന്നോംതാഴ്‌വര കടന്ന് യെബൂസ്യപർവതത്തിന്റെ ചരിവിൽക്കൂടി ഏൻ-രോഗേലിലേക്കു പോകുന്നു. 17അതിനുശേഷം വടക്കോട്ടു തിരിഞ്ഞു ഏൻ-ശേമെശിലും അവിടെനിന്ന് അദുമ്മീം കയറ്റത്തിന്റെ എതിർ വശത്തുള്ള ഗെലീലോത്തിലും കൂടി രൂബേന്റെ പുത്രനായ ബോഹാന്റെ കല്ലിങ്കലേക്ക് ഇറങ്ങിച്ചെല്ലുന്നു. 18പിന്നീട് വടക്കോട്ടു തിരിഞ്ഞ് ബേത്ത്-അരാബായുടെ ചരിവിൽക്കൂടി അരാബായിലേക്ക് ഇറങ്ങുന്നു. 19പിന്നീട് ബേത്ത്-ഹൊഗ്‍ലായുടെ വടക്കേ ചരുവിൽക്കൂടി കടന്നു യോർദ്ദാൻനദിയുടെ പതനസ്ഥലമായ ചാവുകടലിന്റെ വടക്കേ അറ്റത്ത് അവസാനിക്കുന്നു. ഇതാണ് അതിന്റെ തെക്കേ അതിര്. 20കിഴക്കേ അതിര് യോർദ്ദാൻനദി ആണ്. ബെന്യാമീൻഗോത്രത്തിലെ കുടുംബങ്ങൾക്ക് അവകാശമായി ലഭിച്ച ദേശത്തിന്റെ അതിരുകൾ ഇവയാകുന്നു. 21യെരീഹോ, ബേത്ത്-ഹൊഗ്‍ലാ, 22എമെക്-കെസീസ്, ബേത്ത്-അരാബാ, സെമാറയീം, 23ബേഥേൽ, അവ്വീം, പാരാ, ഒഫ്രാ, കെഫാർ-അമ്മോനീ, 24ഒഫ്നി, ഗേബ എന്നീ പന്ത്രണ്ടു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും ഇവയ്‍ക്കു പുറമേ ഗിബെയോൻ, രാമാ, 25-26ബേരോത്ത്, മിസ്പെ, കെഫീരാ, മോസാ, 27രേക്കെം, യിർപ്പേൽ, തരലാ, സേല, ഏലെഫ്, 28യെബൂസ്യനഗരമായ യെരൂശലേം, ഗിബെയത്ത്, കിര്യത്ത്- യെയാരീം എന്നീ പതിനാലു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും ബെന്യാമീൻഗോത്രത്തിലെ കുടുംബങ്ങൾക്കു ലഭിച്ചു. ബെന്യാമീൻഗോത്രക്കാർക്ക് കുടുംബം കുടുംബമായി ലഭിച്ച സ്ഥലങ്ങൾ ഇവയാണ്.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

JOSUA 18: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക