JOSUA 15:13-19

JOSUA 15:13-19 MALCLBSI

സർവേശ്വരൻ യോശുവയോടു കല്പിച്ചിരുന്നതുപോലെ, യെഫുന്നെയുടെ പുത്രനായ കാലേബിനു യെഹൂദാഗോത്രത്തിന്റെ അവകാശഭൂമിയിൽ കിര്യത്ത്-അർബ്ബ (ഹെബ്രോൻ പട്ടണം) നല്‌കി. അനാക്കിന്റെ പിതാവായിരുന്നു അർബ്ബ. അനാക്കിന്റെ വംശജരായ ശേശായി, അഹീമാൻ, തൽമായി എന്ന മൂന്ന് അനാക്യകുലങ്ങളെ കാലേബ് അവിടെനിന്നു തുരത്തി. പിന്നീട് ദെബീർനിവാസികളെ ആക്രമിക്കാൻ പുറപ്പെട്ടു. കിര്യത്ത്-സേഫെർ എന്ന പേരിലായിരുന്നു ദെബീർ മുൻപ് അറിയപ്പെട്ടിരുന്നത്; കിര്യത്ത്-സേഫെർ ആക്രമിച്ചു കീഴടക്കുന്നവനു തന്റെ മകൾ അക്സായെ ഭാര്യയായി നല്‌കുമെന്നു കാലേബ് പറഞ്ഞിരുന്നു. കാലേബിന്റെ സഹോദരനായ കെനസിന്റെ പുത്രൻ ഒത്നീയേൽ ആ പട്ടണം പിടിച്ചടക്കി. കാലേബ് തന്റെ മകൾ അക്സായെ അവനു ഭാര്യയായി നല്‌കുകയും ചെയ്തു. അവൾ ഭർത്താവിന്റെ അടുക്കൽ വന്നപ്പോൾ തന്റെ പിതാവിനോട് ഒരു നിലം ആവശ്യപ്പെടാൻ അവൻ അവളെ പ്രേരിപ്പിച്ചു. അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയ ഉടനെ: “ഞാൻ നിനക്കുവേണ്ടി എന്തു ചെയ്തുതരണം” എന്നു കാലേബ് ചോദിച്ചു. അവൾ പ്രതിവചിച്ചു: “എനിക്ക് ഒരു ഉപകാരം ചെയ്തുതരണം; വരൾച്ചയുള്ള നെഗെബുദേശമാണല്ലോ അങ്ങ് എനിക്കു നല്‌കിയിരിക്കുന്നത്; അതുകൊണ്ട് എനിക്ക് ഏതാനും നീരുറവുകൾ കൂടി നല്‌കിയാലും.” അവൾ ആവശ്യപ്പെട്ടതുപോലെ മലയിലും താഴ്‌വരയിലുമുള്ള നീരുറവുകൾ കാലേബ് അവൾക്ക് വിട്ടുകൊടുത്തു.

JOSUA 15 വായിക്കുക