JOBA 6

6
ഇയ്യോബിന്റെ മറുപടി
1ഇയ്യോബ് പറഞ്ഞു:
2“എന്റെ മനോവേദന ഒന്നു തൂക്കിനോക്കിയിരുന്നെങ്കിൽ!
എന്റെ അനർഥങ്ങൾ തുലാസിൽ വച്ചിരുന്നെങ്കിൽ!
3അവ കടൽത്തീരത്തെ മണലിനെക്കാൾ ഭാരമേറിയതായിരിക്കും.
അതുകൊണ്ടാണ് എന്റെ വാക്കുകൾ അവിവേകമായിപ്പോയത്.
4സർവശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു;
അവയിലെ വിഷം എന്നിൽ വ്യാപിക്കുന്നു
ദൈവത്തിന്റെ ഭീകരതകൾ എനിക്കെതിരെ അണിനിരക്കുന്നു.
5പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ?
തീറ്റിയുള്ളപ്പോൾ കാള മുക്കുറയിടുമോ?
6രുചിയില്ലാത്തത് ഉപ്പുചേർക്കാതെ കഴിക്കാമോ?
മുട്ടയുടെ വെള്ളയ്‍ക്കു സ്വാദുണ്ടോ?
7അത്തരം ഭക്ഷണമാണ് എനിക്കിപ്പോൾ ലഭിക്കുന്നത്
അവ എനിക്ക് ഒട്ടും പിടിക്കുന്നില്ല.
8ദൈവം എന്റെ അപേക്ഷ സ്വീകരിച്ചിരുന്നെങ്കിൽ!
എന്റെ ആഗ്രഹം സാധിച്ചുതന്നെങ്കിൽ!
9എന്നെ തകർത്തുകളയാൻ ദൈവം പ്രസാദിച്ചിരുന്നെങ്കിൽ!
തൃക്കൈ നീട്ടി എന്നെ നിഗ്രഹിച്ചിരുന്നെങ്കിൽ!
10അത് എനിക്ക് ആശ്വാസം ആകുമായിരുന്നു;
അതിരറ്റ വേദനയിലും ഞാൻ ആഹ്ലാദിക്കുമായിരുന്നു.
പരിശുദ്ധനായ ദൈവത്തിന്റെ വാക്കുകൾ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ;
11കാത്തിരിക്കാൻ എനിക്കിനി ശക്തിയില്ലല്ലോ
എന്തിനു വേണ്ടിയാണ് ഞാൻ ക്ഷമയോടെ കാത്തിരിക്കേണ്ടത്?
12കല്ലിന്റെ ബലം എനിക്കുണ്ടോ?
എന്റെ ശരീരം ഓടുകൊണ്ടുള്ളതോ?
13എന്റെ കഴിവുകൾ ചോർന്നുപോയി
എനിക്ക് ആശ്രയമില്ലാതായിരിക്കുന്നു.
14സ്നേഹിതനോടു കനിവുകാട്ടാത്തവൻ
സർവശക്തനായ ദൈവത്തോടുള്ള ഭക്തി പരിത്യജിക്കുന്നു;
15എന്റെ സ്നേഹിതന്മാർ പെട്ടെന്നു
വറ്റിപ്പോകുന്ന അരുവിപോലെ ചതിക്കുന്നവരാണ്;
16അവ മഞ്ഞുകട്ട നിറഞ്ഞ് ഇരുണ്ടിരിക്കുന്നു;
മഞ്ഞുരുകിയാണ് അവയിൽ ജലം നിറയുന്നത്;
17വേനൽക്കാലത്ത് അവ വറ്റിപ്പോകുന്നു;
ചൂടേറുമ്പോൾ അവ അപ്രത്യക്ഷമാകുന്നു.
18കച്ചവടസംഘങ്ങൾ അവ തേടി വഴിതെറ്റിപ്പോകുന്നു;
അവർ മരുഭൂമിയിൽ അകപ്പെട്ടു നശിക്കുന്നു.
19തേമയിലെ വ്യാപാരിസംഘം അവ തിരയുന്നു;
ശെബയിലെ യാത്രാസംഘം അവ കണ്ടെത്തുമെന്നു പ്രതീക്ഷിക്കുന്നു.
20അവരുടെ പ്രതീക്ഷകൾ നിരാശയിൽ അവസാനിക്കും.
അവർ അവിടെയെത്തി സംഭീതരാകും.
21നിങ്ങളും എനിക്ക് അതുപോലെ ആയിരിക്കുന്നു;
എനിക്കുണ്ടായ അനർഥം കണ്ടു നിങ്ങൾ അന്ധാളിക്കുന്നു.
22നിങ്ങളുടെ സ്വത്തിൽനിന്ന് എനിക്കെന്തെങ്കിലും തരണമെന്നോ
നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കോഴ കൊടുക്കണമെന്നോ ഞാൻ ആവശ്യപ്പെട്ടുവോ?
23പ്രതിയോഗികളിൽനിന്ന് എന്നെ വിടുവിക്കണമെന്നോ,
നിഷ്ഠുരമർദകരുടെ കൈയിൽനിന്ന് എന്നെ വീണ്ടെടുക്കണമെന്നോ ഞാൻ പറഞ്ഞുവോ?
24നിങ്ങൾ എന്നെ ഉപദേശിക്കുക, ഞാൻ മിണ്ടാതെ കേൾക്കാം;
എവിടെയാണ് എനിക്കു തെറ്റിയതെന്നു പറഞ്ഞുതരിക.
25സത്യസന്ധമായ വാക്കുകൾ എത്ര ശക്തം?
നിങ്ങൾ എന്താണു വാദിച്ചു തെളിയിക്കുന്നത്?
26വാക്കുകളെച്ചൊല്ലി ശകാരിക്കുകയാണോ?
ആശയറ്റവന്റെ വാക്കുകൾ കാറ്റുപോലെയല്ലേ?
27നിങ്ങൾ അനാഥനുവേണ്ടി നറുക്കിടുന്നു.
സ്വന്തം സ്നേഹിതനു വിലപേശുന്നു.
28ഇപ്പോൾ നിങ്ങൾ സ്നേഹപൂർവം എന്നെ നോക്കിയാലും
ഞാൻ നിങ്ങളോടു കള്ളം പറയുകയില്ല.
29ഒന്നു നില്‌ക്കണേ, എന്നോടു നീതി ചെയ്യണേ!
എന്നോടു നിങ്ങൾ നീതിയാണോ ചെയ്യുന്നത്?
30ഞാൻ പറഞ്ഞതു തെറ്റിപ്പോയോ?
അനർഥം തിരിച്ചറിയാൻ എനിക്കു കഴിവില്ലെന്നോ?

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

JOBA 6: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക